scorecardresearch

Latest News

ഹിജാബ് വിവാദം: കർണാടകയിൽ അവധി നീട്ടി; ‘സ്കൂളിൽ നമസ്കരിക്കുന്ന’ വീഡിയോയിൽ റിപ്പോർട്ട് തേടി

സംഘർഷ സാധ്യതയുള്ള ജില്ലകളായ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും പോലീസ് ഫ്ലാഗ് മാർച്ച് നടത്തിയിരുന്നു

Hijab
പ്രതീകാത്മക ചിത്രം

കർണാടകയിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കവെ സംസ്ഥാനത്ത് പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും പ്രഖ്യാപിച്ച അവധി നീട്ടി. ഫെബ്രുവരി 14 വരെ പ്രഖ്യാപിച്ചിരുന്ന അവധി 15 വരെ നീട്ടിയതായി സർക്കാർ അറിയിച്ചു.

കേസിൽ വിധി വരുന്നതുവരെ കോളേജുകളിൽ എല്ലാത്തരം മതപരമായ വസ്ത്രങ്ങളും കോടതി നിരോധിച്ചിട്ടുണ്ട്. പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് അവരുടെ അവസാന പരീക്ഷകൾ ഏപ്രിൽ 16 മുതൽ ആരംഭിക്കും.

ഹിജാബ് വിവാദത്തെത്തുടർന്ന് ഫെബ്രുവരി ഒമ്പത് മുതൽ സംസ്ഥാനത്തെ കോളേജുകൾ അടച്ചിട്ടിരിക്കുകയാണ്. എല്ലാ ഫസ്റ്റ് ഗ്രേഡ്, ബിരുദാനന്തര കോളേജുകളും സർവകലാശാലകളും സാങ്കേതിക സ്ഥാപനങ്ങളും ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

രണ്ട് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംഘർഷ സാധ്യതയുള്ള ജില്ലകളായ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും പോലീസ് ഫ്ലാഗ് മാർച്ച് നടത്തിയിരുന്നു.

ഫെബ്രുവരി നാലിന് ദക്ഷിണ കന്നഡയിലെ അങ്കത്തഡ്കയിലെ ഒരു സ്‌കൂളിലെ ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ വെള്ളിയാഴ്ച നമസ്‌കരിക്കുന്നതായി വീഡിയോ പുറത്തുവന്നതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു. അധ്യാപകർ അറിയാതെയാണ് വിദ്യാർത്ഥികൾ വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയതെന്ന് ഒരു വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. വെള്ളിയാഴ്ചകളിൽ പള്ളികൾ സന്ദർശിക്കാൻ കൂടുതൽ സമയം വേണമെന്ന അഭ്യർത്ഥന സ്കൂൾ അധികൃതർ നിരസിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പ്രാർത്ഥിക്കാൻ തുടങ്ങിയതെന്ന് സംഭവവുമായി ബന്ധപ്പെട്ടവർ പറയുന്നു.

Also Read: 22,842 കോടി, രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിൽ കേസെടുത്ത് സിബിഐ

സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ലോകേഷ് സി ആവശ്യപ്പെട്ടു. ക്ലാസ് മുറികൾക്കുള്ളിൽ മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നാണ് അധ്യാപകർ ഇപ്പോൾ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരിക്കുന്നത്.

അതേസമയം. ബംഗളൂരുവിൽ, മതപരമായ വസ്ത്രങ്ങളെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് സ്വകാര്യ സ്‌കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തെത്തുടർന്ന് ശനിയാഴ്ച രാവിലെ സ്‌കൂളിന് മുന്നിൽ ആളുകൾ തടിച്ചുകൂടിയിരുന്നു. സംസ്ഥാന തലസ്ഥാനത്ത് ഹിജാബ് ഒരു പ്രശ്‌നമല്ലെന്ന് സ്കൂളിലെത്തിയ രക്ഷിതാക്കളിൽ ഒരാളായ ഷഹാബുദ്ദീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഈ സ്കൂളിൽ 80 ശതമാനത്തോളം മുസ്ലീം വിദ്യാർത്ഥികളുണ്ട്, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഒരു വിഭജനവുമില്ല. എന്നാൽ ഒരു വിഭാഗം വിദ്യാർത്ഥികളെ പരാമർശിക്കുന്നതിനിടെ ഒരു അധ്യാപകൻ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചതാണ് ഞങ്ങളെ സ്കൂളിലേക്ക് വരാൻ പ്രേരിപ്പിച്ചത്. അത് പരിഹരിച്ചു,” അദ്ദേഹം പറഞ്ഞു.

ബംഗളൂരു സൗത്തിലെ പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ് രാജേന്ദ്ര സ്കൂൾ സന്ദർശിച്ചു. പൊലീസിനൊപ്പമാണ് അദ്ദേഹം സ്കൂളിലെത്തിയത്.

അതേസമയം, ഹിജാബ് നിരോധനം വിവാദമായതിന് പിന്നാലെ അജ്ഞാതരുടെ പ്രാദേശിക നമ്പറുകളിൽ നിന്നും അന്താരാഷ്ട്ര നമ്പറുകളിൽ നിന്നും തനിക്ക് ഭീഷണി കോളുകൾ വന്നതായി ഉഡുപ്പി ബിജെപി എംഎൽഎ രഘുപതി ഭട്ട് അവകാശപ്പെട്ടു. വിവാദങ്ങൾക്ക് തുടക്കമിട്ട ഉഡുപ്പിയിലെ ഗവൺമെന്റ് ഗേൾസ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ കോളേജ് വികസന നിരീക്ഷണ സമിതിയുടെ പ്രസിഡന്റാണ് ഭട്ട്. ഈ കോളുകൾ സംബന്ധിച്ച് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka college holidays school namaz video

Best of Express