ബെംഗളൂരു: കരകൗശലവസ്തുക്കളെ ചരക്കു സേവന നികുതിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് ഇളവ് നല്‍കണം എന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്നലെയാണ് ” ജിഎസ്ടി കൗണ്‍സില്‍ എത്രയും പെട്ടെന്ന് തന്നെ പരിഗണിക്കേണ്ടതായ ഒരു കാര്യത്തെക്കുറിച്ചാണ് ഞാന്‍ എഴുതുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് അദ്ദേഹം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് അയയ്ക്കുന്നത്.

ആക്ടിവിസ്റ്റുകളായ പ്രൊഫസര്‍ ആശിഷ് നന്ദി, ഉസ്രമ്മ, ശ്യാം ബെനഗള്‍ എന്നിവരടങ്ങിയ ഗ്രാം സേവാ സംഘിന്‍റെ പ്രതിനിധികള്‍ തന്നെ വന്നു കണ്ടതായും എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതിന്‍റെ പ്രാധാന്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. വിവിധ സഹകരണ സ്ഥാപനങ്ങളും മറ്റും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതായ കരകൗശലവസ്തുകള്‍ക്ക് ചരക്കുസേവന നികുതിയില്‍ ഇളവ് വരുത്തണം എന്നാണു ഗ്രാം സേവാ സംഘ് ആവശ്യപ്പെടുന്നത്.

കരകൗശലവസ്തുകള്‍ക്ക് ചരക്കുസേവന നികുതി ഏര്‍പ്പെടുത്തുന്നതിനെതിരായി പ്രശസ്ത നാടക കലാകാരനായ പ്രസന്ന കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബെംഗളൂരുവില്‍ നിരാഹാരം ഇരിക്കുകയാണ് എന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

കരകൗശലവസ്തുകള്‍ക്ക് ചരക്കു സേവന നികുതി ഏര്‍പ്പെടുത്തിയത് കൗശലപ്പണിക്കാരുടെ ജീവിതത്തെ ഏറെ പ്രതികൂലമായാണ്‌ ബാധിച്ചിരിക്കുന്നത് എന്നും സിദ്ധരാമയ്യ പറഞ്ഞു.

“ഈ ആവശ്യം പരിഗണിക്കുകയാണ് എങ്കില്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന വലിയൊരു വിഭാഗം ജനസംഖ്യയ്ക്ക് ഗുണംചെയ്യും എന്ന് മാത്രമല്ല ഗ്രാമത്തിലെ തൊഴില്‍ സാധ്യത വർധിപ്പിക്കുകയും സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യും” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook