ബെംഗളൂരു: കർണാടകയിൽ രാജി ഭീഷണി മുഴക്കി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കോൺഗ്രസ് നേതൃത്വം അവരുടെ എംഎൽഎമാരെ നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ താൻ രാജി വച്ചൊഴിയുമെന്നും കുമാരസ്വാമി വ്യക്തമാക്കി. തങ്ങളുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന കോൺഗ്രസ് എംഎൽഎമാരുടെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”കോൺഗ്രസ് നേതാക്കൾ അവരുടെ എംഎൽഎമാരുടെ പ്രവൃത്തികൾ നിരീക്ഷിക്കണം. സിദ്ധരാമയ്യയാണ് അവരുടെ മുഖ്യമന്ത്രി എന്നാവർത്തിച്ചാൽ ഞാൻ രാജിവച്ചൊഴിയും. കോൺഗ്രസ് നേതാക്കൾ അവരുടെ എംഎൽഎമാരെ നിയന്ത്രിക്കണം. അവർ അതിരു വിടുകയാണ്,” കുമാരസ്വാമി പറഞ്ഞു.
ജെഡി (എസ്) മുഖ്യമന്ത്രി കുമാരസ്വാമിയുടെ കീഴിൽ കർണാടകയിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നായിരുന്നു കോൺഗ്രസ് പക്ഷത്തിന്റെ ആരോപണം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇപ്പോഴത്തേതിനെക്കാൾ കൂടുതൽ വികസനമുണ്ടായെന്നായിരുന്നു കോൺഗ്രസ് എംഎൽഎ എസ്.ടി.സോമശേഖർ പറഞ്ഞത്. സിദ്ധരാമയ്യയാണ് ഇപ്പോഴും തന്റെ മുഖ്യമന്ത്രിയെന്നായിരുന്നു മന്ത്രി പുട്ടരംഗ ഷെട്ടിയുടെ അഭിപ്രായപ്പെട്ടത്. കോൺഗ്രസ് പക്ഷത്തിൽനിന്നുള്ള ഇത്തരം പരാമർശങ്ങളാണ് കുമാരസ്വാമിയെ ചൊടിപ്പിച്ചത്.
അതിനിടെ സോമശേഖർക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. സഖ്യ സർക്കാരിന് ഭീഷണിയാകുന്ന പ്രസ്താവനകൾ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന കർശന നിർദേശവും കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്. കർണാടകയിൽ കോൺഗ്രസ്-ജെഡി (എസ്) സഖ്യമാണ് ഭരിക്കുന്നത്.