ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുതിര്‍ നേതാവ് സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവര്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗയുമായി കൂടിക്കാഴ്ച നടത്തി..
ഡല്‍ഹിയിലെ ഖാര്‍ഗെയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഖാര്‍ഗയെ കാണാന്‍ ആദ്യമെത്തിയത് ശിവകുമാറായാരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് ശിവകുമാര്‍ എത്തിയത്. ശിവകുമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയതിന് പിന്നാലെയായിരുന്നു സിദ്ധരാമയ്യ ഖാര്‍ഗെയുടെ വസതിയിലെത്തിയത്.
അന്തിമ തീരുമാനം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കുമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാനാകുന്നത്. പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നും വിവരമുണ്ട്. ബെംഗളൂരുവില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നും സൂചനയുണ്ട്.
എന്നാല്‍ സിദ്ധരമായ്യയ്ക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനം നല്‍കുക എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്തു വരുന്നത്. ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യക്കും അവശേഷിക്കുന്ന മൂന്ന് വര്‍ഷം ഡി കെ ശിവകുമാറിനും നല്‍കും. എന്നാല്‍ സമവായത്തിലെത്താനായൊ എന്നതില്‍ വ്യക്തതയില്ല. ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് ഡല്‍ഹിയിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ഖാര്‍ഗയെ രാഹുല്‍ ഗാന്ധി നേരിട്ടെത്തി സന്ദര്‍ശിച്ചിരുന്നു. കര്‍ണാടകയുടെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാലയും ചര്‍ച്ചയുടെ ഭാഗമായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള നേതാക്കന്മാരുമായും പാര്‍ട്ടി ചുമതലപ്പെടുത്തിയ നിരീക്ഷണ സമിതിയായും ഖാര്‍ഗെ ചര്‍ച്ചകള്‍ നടത്തി.
തന്റെ അവസാന തിരഞ്ഞെടുപ്പാണെന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് സിദ്ധരാമയ്യയ്ക്കുള്ളത്. കർണാടകയിൽ 224 അംഗ നിയമസഭയിലേക്ക് മേയ് 10 നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 66 സീറ്റുകളും ജെഡി (എസ്) ന് 19 സീറ്റുകളുമാണ് നേടാനായത്.