ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്നതില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ്‍ അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ഡല്‍ഹിയിലെത്തി. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. ശിവകുമാറിനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്ന മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യയും ഡല്‍ഹിയിലുണ്ട്.
കര്‍ണാടക സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുമായി ചര്‍ച്ച നടത്തി. ഖാര്‍ഗെയുടെ വസതിയില്‍ എത്തിയാണ് രാഹുല്‍ സംസാരിച്ചത്. അടച്ചിട്ട മുറിയിലാണ് സംഭാഷണം നടന്നതെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
കര്‍ണാടകയുടെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാലയും ചര്‍ച്ചയുടെ ഭാഗമായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള നേതാക്കന്മാരുമായും പാര്‍ട്ടി ചുമതലപ്പെടുത്തിയ നിരീക്ഷണ സമിതിയായും ഖാര്‍ഗെ ചര്‍ച്ചകള്‍ നടത്തി. സിദ്ധരാമയ്യക്ക് മുന്‍തൂക്കമെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ ഡല്‍ഹി യാത്ര ശിവകുമാര്‍ മാറ്റി വച്ചിരുന്നു,
ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലമാണ് യാത്ര ഒഴിവാക്കിയതെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. അതേസമയം വിമത നീക്കത്തിനില്ലെന്ന സൂചനകളുമാണ് ശിവകുമാര്‍ നല്‍കിയത്. “എനിക്ക് സ്വന്തമായി എംഎല്‍എമാരില്ല. എല്ലാവരും കോണ്‍ഗ്രസ് എംഎല്‍എമാരാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡിനാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അധികാരം,” ശിവകുമാര്‍ വ്യക്തമാക്കി.
കർണാടകയിൽ മുഖ്യമന്ത്രി പദം പങ്കിടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി.കെ.ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന നിർദേശം സിദ്ധരാമയ്യ മുന്നോട്ടുവച്ചതായാണ് വിവരം.
തന്റെ അവസാന തിരഞ്ഞെടുപ്പാണെന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് സിദ്ധരാമയ്യയ്ക്കുള്ളത്. കർണാടകയിൽ 224 അംഗ നിയമസഭയിലേക്ക് മേയ് 10 നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 66 സീറ്റുകളും ജെഡി (എസ്) ന് 19 സീറ്റുകളുമാണ് നേടാനായത്.