ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി പദത്തിന് യോഗ്യരെന്ന നിലപാടില്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉറച്ചുനില്‍ക്കുകയാണ്. കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അധികാരപ്പെടുത്തി പാര്‍ട്ടിയുടെ 135 എംഎല്‍എമാര്‍ പ്രമേയം പാസാക്കിയതിന് പിന്നാലെയും കർണാടകത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്.
മുഖ്യമന്ത്രി പദത്തിന് സിദ്ധരാമയ്യയ്ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിച്ച് ഭൂരിഭാഗം എംഎല്‍എമാരും അദ്ദേഹത്തിന് പിന്തുണ നല്‍കുകയാണ്. ഇതിനിടയില്‍ നിലപാട് കടുപ്പിച്ച് ശിവകുമാര്‍ ഇന്നലെ ഡല്‍ഹി സന്ദര്‍ശനം മാറ്റിവച്ചു. ശിവകുമാറിന്റെ സഹോദരനും ലോക്സഭാ എംപിയുമായ ഡി.കെ.സുരേഷാണ് ഇന്നലെ ഖാര്‍ഗെയെ കണ്ടത്.
മുഖ്യമന്ത്രി ആരെന്ന അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശിവകുമാറിനെ കേന്ദ്രനേതൃത്വം ഇതുവരെ അനുനയിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ശിവകുമാര്‍ ഡല്‍ഹി യാത്ര റദ്ദാക്കിയത്. എന്നാല്‍ ഇന്ന് അദ്ദേഹം ഡല്‍ഹിയിലെത്തിയേക്കുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാലയും മൂന്ന് നിരീക്ഷകരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിരീക്ഷകരായ – സുശീല്‍ കുമാര്‍ ഷിന്‍ഡെ, എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്, മുന്‍ ജനറല്‍ സെക്രട്ടറി ദീപക് ബാബരിയ എന്നിവര്‍ ഞായറാഴ്ച രാത്രി ബെംഗളൂരുവിലെ എംഎല്‍എമാര്‍ക്കിടയില്‍ നടത്തിയ രഹസ്യ ബാലറ്റിന്റെ ഫലം ഖാര്‍ഗെയെ അറിയിച്ചിട്ടുണ്ട്.
ഭൂരിപക്ഷം എംഎല്‍എമാരും സിദ്ധരാമയ്യയെ മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ എംഎല്‍എമാരോട് ഒന്നുകില്‍ അവര്‍ക്ക് ഇഷ്ടമുള്ള ഒരു പേരോ, അല്ലെങ്കില്‍ അവരുടെ മുന്‍ഗണനാക്രമമനുസരിച്ച് ഒന്നിലധികം പേരോ എഴുതാനുണ്ടെങ്കില്‍, നേതൃത്വം തീരുമാനിക്കണമെന്ന നിലയില്‍ ‘ഹൈക്കമാന്‍ഡ്’ എന്നെഴുതാനുമാണ് ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, 135 എംഎല്‍എമാരില്‍ 90 പേരും സിദ്ധരാമയ്യയ്ക്കാണ് പിന്തുണ അറിയിച്ചത്. മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് നിരീക്ഷകരോട് എംഎല്‍എമാരുടെ വ്യക്തിപരമായ അഭിപ്രായം തേടാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഹൈക്കമാന്‍ഡിന് വിട്ട് അഭിപ്രായം പറയുന്നതില്‍ നിന്ന് ശിവകുമാര്‍ ഗ്രൂപ്പ് വിട്ടുനിന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ന് വൈകുന്നേരത്തോടെ പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കുമെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. നിരീക്ഷകര്‍ കോണ്‍ഗ്രസ് അധ്യക്ഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിദ്ധരാമയ്യയും ശിവകുമാറും ഉള്‍പ്പെടെ എല്ലാ മുതിര്‍ന്ന സംസ്ഥാന നേതാക്കളുമായും കൂടിയാലോചന നടത്തുമെന്നും അതിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പക്കല്‍ എംഎല്‍എമാരുടെ നമ്പരുണ്ടെന്ന ആത്മവിശ്വാസത്തില്‍, വൈകുന്നേരത്തോടെ സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി. എം.ബി.പാട്ടീല്‍, ആര്‍.വി.ദേശ്പാണ്ഡെ, സമീര്‍ അഹമ്മദ്, കെ.ജെ.ജോര്‍ജ്, അശോക് പട്ടന്‍, ബൈരതി സുരേഷ് തുടങ്ങിയ അദ്ദേഹത്തിന്റെ അടുത്ത അനുയായികളെന്ന് അറിയപ്പെടുന്ന നിരവധി എംഎല്‍എമാരും പിന്തുണ അറിയിക്കാന്‍ ഡല്‍ഹിയിലെത്തി.
ബെംഗളൂരുവില്‍ തനിക്ക് എംഎല്‍മാരുടെ പിന്തുണ കുറവാണെന്ന് സമ്മതിച്ച ശിവകുമാര്‍, പാര്‍ട്ടി 135 സീറ്റുകള്‍ നേടിയത് തന്റെ കഠിനാധ്വാനമാണെന്ന് അവകാശപ്പെട്ടു. ഒരു പ്രയാസകരമായ സമയത്താണ് താന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ നേതൃത്വം ഏറ്റെടുത്തതെന്നും അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് വാഗ്ദാനം ചെയ്തതുപോലെ സംസ്ഥാനത്തെ എത്തിച്ചുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു, തനിക്ക് പ്രതിഫലം നല്‍കേണ്ട സമയമാണിതെന്നാണ് ശിവകുമാര്‍ സൂചിപ്പിക്കുന്നത്.