ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രിയാരെന്നതില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും സിദ്ധരാമയ്യ പക്ഷം ആഘോഷം ആരംഭിച്ച് കഴിച്ചു. സിദ്ധാരമയ്യയുടെ ജന്മനാട്ടിലും ബെംഗളൂരുവിലെ വസതിക്ക് മുന്നിലും അണികളുടെ നേതൃത്വത്തില്‍ വലിയ ആഘോഷങ്ങളായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു ഇത്.
ചില പ്രാദേശിക മാധ്യമങ്ങള്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടോടെയുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ അണികള്‍ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലെത്തുകയും ആഘോഷങ്ങള്‍ ആരംഭിക്കുകയുമായിരുന്നു. സിദ്ധാരമയ്യയുടെ ഫ്ലെക്സില്‍ പാലഭിഷേകം വരെ നടത്തി അണികള്‍.
അതേസമയം ഡി കെ ശിവകുമാര്‍ പക്ഷത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധവും നടന്നു. ശിവകുമാറിനെ തഴഞ്ഞ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിലായിരുന്നു പ്രതിഷേധം. ഇതോടെ ശിവകുമാറിന്റെ ജില്ലയായ രാമനഗരയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. പ്രതിഷേധം വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ചാണിത്.
രാമനഗര ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ശിവകുമാറിന്റെ മണ്ഡലത്തിലടക്കം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഇന്ന് രാത്രിയോടെയൊ നാളെയൊ മുഖ്യമന്ത്രിയാരെന്നതില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. അടുത്ത 72 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ കര്‍ണാടകയില്‍ രൂപീകരിക്കുമെന്നാണ് വിവരം.
എംഎല്‍എമാരുടെ താല്‍പ്പര്യത്തിന് അനുശ്രിതമായി തീരുമാനമെടുക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തില്‍ ഹൈക്കമാന്‍ഡിനുള്ളില്‍ തന്നെ ഭിന്നതയുണ്ടെന്നാണ് വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. എംഎല്‍എമാരില്‍ ഭൂരിഭാഗവും സിദ്ധരമായ്യക്കൊപ്പമാണ്. എന്നാല്‍ ശിവകുമാറിന്റെ കഠിനാധ്വാനമാണ് കോണ്‍ഗ്രസിന് വിജയം നേടിക്കൊടുത്തതെന്നാണ് ഒരുപക്ഷം അവകാശപ്പെടുന്നത്.
അതേസമയം, കഴിഞ്ഞ തവണ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ന്നടിഞ്ഞതിന്റെ കാരണം സിദ്ധരമയ്യയാണെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. കാലുമാറിയ 17 എംഎല്‍എമാരില്‍ ഉള്‍പ്പെട്ട ഡോ. കെ സുധാകറും എസ് ടി സോമശേഖറുമാണ് സിദ്ധരാമയ്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനം ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യക്കും അവശേഷിക്കുന്ന മൂന്ന് വര്‍ഷം ഡി കെ ശിവകുമാറിനും നല്‍കിയേക്കുമെന്നാണ് സൂചന. എന്നാല്‍ സമവായത്തിലെത്താനായൊ എന്നതില്‍ വ്യക്തതയില്ല. ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് ഡല്‍ഹിയിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തന്റെ അവസാന തിരഞ്ഞെടുപ്പാണെന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് സിദ്ധരാമയ്യയ്ക്കുള്ളത്. കർണാടകയിൽ 224 അംഗ നിയമസഭയിലേക്ക് മേയ് 10 നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 66 സീറ്റുകളും ജെഡി (എസ്) ന് 19 സീറ്റുകളുമാണ് നേടാനായത്.