ബെംഗളൂരു​​​: കർണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയ്ക്കു പിന്നാലെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ടാമത്തെ മകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്‌ച രാത്രി 11.29നാണ് യെഡിയൂരപ്പയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

“എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഞാൻ സുഖമായിരിക്കുന്നു. എങ്കിലും,ഡോക്ടർമാരുടെ നിർദേശ പ്രകാരം, മുൻകരുതലിന്റെ ഭാഗമായി എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. അടുത്തിടെ എന്നോട് സമ്പർക്കം പുലർത്തിയവരോട് നിരീക്ഷിക്കാനും സ്വയം ക്വാറന്റൈനിൽ പോകാനും  അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി യെഡിയൂരപ്പ കൂടിക്കാഴ്‌ച നടത്തേണ്ടതായിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഔദ്യോഗിക ഇടപെടലുകളൊന്നും ഇല്ലായിരുന്നെങ്കിലും, മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. കെ. കസ്തൂരിരംഗൻ, ഡി.സി.എം അശ്വത് നാരായണൻ, ബി.ജെ.പി ജനറൽ സെക്രട്ടറി എൻ രവികുമാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More: കോവിഡ് സ്ഥിരീകരിച്ചു: അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റി

മുഖ്യമന്ത്രി വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ ആശംസിച്ചു.

യെഡിയൂരപ്പയ്ക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും ആശംസിച്ചു. “ബി എസ് യെഡിയൂരപ്പ വേഗത്തിൽ സുഖം പ്രാപിക്കാനും ജനങ്ങൾക്ക് വേണ്ടി തന്റെ ജോലി തുടരുന്നതിന് നല്ല ആരോഗ്യത്തോടെ മടങ്ങാനും ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.

യെഡിയൂരപ്പയുടെ വിധാൻ സൗധയിലെ ഓഫീസ് ജീവനക്കാർക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ യെഡിയൂരപ്പ വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ ഫലം പോസിറ്റിവായത്. “എന്റെ ആരോഗ്യം സുഖമാണെങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണം,” അമിത് ഷാ ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചു.

അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർത്ത രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് അമിത് ഷാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടർന്നാണ് കോവിഡ് ഫലം പോസിറ്റിവാണെന്നു കണ്ടെത്തിയത്. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലേക്കാണ് അമിത്ഷായെ മാറ്റിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook