ബെംഗളൂരു: ഫീസ് അടയ്ക്കാത്തത് കാരണം സ്കൂൾ അധികൃതർ പരീക്ഷാ ഹാൾടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയ്ക്ക് കർണാടക എസ്എസ്എൽസി പരീക്ഷയിൽ ഒന്നാം റാങ്ക്. തുംകൂരു ജില്ലയിലെ കൊറാതെഗിരിയിൽ നിന്നുള്ള ഗ്രീഷ്മ നായക് ആണ് സേ പരീക്ഷയിൽ മുന്നിലെത്തിയത്. തിങ്കളാഴ്ചയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.
പത്താംതരം പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ ഹാൾടിക്കറ്റ് അനുവദിക്കാത്തതിനെത്തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മയെ വീട്ടുകാർ യഥാസമയം കണ്ടെത്തിയതോടെ രക്ഷിക്കാൻ സാധിച്ചു. പിന്നീട് സേ പരീക്ഷ എഴുതാൻ ഗ്രീഷ്മയ്ക്ക് അവസരം ലഭിക്കുകയും ഒന്നാമതെത്തുകയുമായിരുന്നു.
കർഷകന്റെ മകളായ ഗ്രീഷ്മ സയൻസിൽ ഏതെങ്കിലും മികച്ച പിയു കോളജിൽ പ്രവേശനം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. വർഷത്തിന്റെ തുടക്കം മുതൽ ബോർഡ് പരീക്ഷക്കായി തയാറെടുപ്പ് ആരംഭിച്ചിരുന്നതായി ഗ്രീഷ്മ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു
“കോവിഡ് -19 പ്രതിസന്ധി കാരണം ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മൂത്ത സഹോദരി കീർത്തന പ്രധാന വിഷയങ്ങളിൽ സഹായിച്ചു. പരീക്ഷയ്ക്ക് മൂന്ന് മാസം മുമ്പ് ഭാഷാ വിഷയങ്ങൾ പഠിക്കാൻ തുടങ്ങി. പക്ഷേ എന്റെ പേര് സ്കൂൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി,” ഗ്രീഷ്മ പറഞ്ഞു.
Also Read: യുഎസ് മാതൃകയിലേക്ക് ഇന്ത്യൻ ബഹിരാകാശ രംഗവും; ഇന്ത്യൻ സ്പേസ് അസോസിയേഷൻ പ്രസക്തമാകുന്നത് എന്തുകൊണ്ട്?
ഒൻപതാം ക്ലാസ് വരെ ദക്ഷിണ കന്നഡ ജില്ലയിലെ ആൽവ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഗ്രീഷ്മ. ഫീസ് അടയ്ക്കാൻ കഴിയാത്തതിനെത്തുടർന്ന്, ഗ്രീഷ്മയെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും പത്താം ക്ലാസ് പരീക്ഷയ്ക്കായി പേര് റജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഹാൾ ടിക്കറ്റ് നൽകിയില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
ഡോക്ടറാവാനുള്ള മകളുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ സഹായിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഗ്രീഷ്മയുടെ അച്ഛൻ നരസിംഹമൂർത്തിയും അമ്മ പദ്മാവതമ്മയും.
“ഒൻപതാം ക്ലാസ്സിൽ ഗ്രീഷ്മ 96 ശതമാനം മാർക്ക് നേടിയിട്ടും” രജിസ്ട്രേഷൻ പ്രക്രിയ തുടരുന്നതിനായി രണ്ട് അധ്യയന വർഷങ്ങളിലെ (ഒമ്പതാം ക്ലാസും പത്താം ക്ലാസും) ഫീസ് ഒരുമിച്ച് അടയ്ക്കാൻ സ്കൂൾ മാനേജ്മെന്റ് അധിക സമയം അനുവദിച്ചില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു.
പരീക്ഷയെഴുതാൻ അനുവദിക്കാത്തതിനെത്തുടർന്ന് അവർ ഡെപ്യൂട്ടി ഡയറക്ടർ ഫോർ പബ്ലിക് ഇൻസ്ട്രക്ഷന് (ഡിഡിപിഐ) അപ്പീൽ നൽകുകയും തുടർന്ന് പരാതി അന്നത്തെ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാറിന് കൈമാറുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് പലയിടത്തും സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഫീസ് അടയ്ക്കാത്തതിനാൽ ബോർഡ് പരീക്ഷയിൽ പങ്കെടുക്കാൻ ഒരു വിദ്യാർത്ഥിക്കും ഹാൾ ടിക്കറ്റ് നിഷേധിക്കില്ലെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് സുരേഷ് കുമാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട്, സുരേഷ് കുമാർ ഗ്രീഷ്മയുടെ വസതി സന്ദർശിക്കുകയും പുതുതായി സപ്ലിമെന്ററി പരീക്ഷ എഴുതാൻ വകുപ്പ് അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തു.
Also Read: കുട്ടികള്‍ക്കുള്ള കോവാക്‌സിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ
തിളക്കമാർന്ന ജയം നേടിയ ഗ്രീഷ്മയെ സുരേഷ് കുമാർ അഭിനന്ദിച്ചു. കഠിനമായി തയാറെടുക്കുന്നതിനുള്ള ഗ്രീഷ്മയുടെ പ്രതിബദ്ധത ഫലപ്രാപ്തിയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. “ഇത് അവളുടെ അഭിലാഷങ്ങൾ നേടാൻ സഹായിച്ചു, ഇപ്പോൾ മറ്റുള്ളവർക്ക് ഒരു മാതൃകയായി,” കുമാർ പറഞ്ഞു.
“അന്നത്തെ മന്ത്രിയുടെ ഇടപെടലിനുശേഷം സ്കൂൾ എന്റെ പേര് ബോർഡിന് അയച്ചു, ഡിഡിപിഐ ഇക്കാര്യത്തിന് മേൽനോട്ടം വഹിച്ചു. സപ്ലിമെന്ററി പരീക്ഷയിൽ പുതിയ പരീക്ഷാർത്ഥിയായി പങ്കെടുക്കാൻ ഇത് എന്നെ സഹായിച്ചു, ”ഗ്രീഷ്മ പറഞ്ഞു.
അതേസമയം, ഗ്രീഷ്മയുടെ മാതാപിതാക്കൾ തങ്ങളെ സമീപിച്ചിട്ടില്ലെന്നും പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം ഗ്രീഷ്മ ക്ലാസിൽനിന്ന് പൂർണമായും വിച്ഛേദിക്കപ്പെട്ടുവെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് വിജയ ടി മൂർത്തി ആരോപിച്ചു.
“അധ്യയന വർഷം ആരംഭിക്കുമ്പോൾ അവളെ പത്താം ക്ലാസിൽ ചേർക്കാനാവശ്യപ്പെട്ട് ഞങ്ങൾ അവരെ (മാതാപിതാക്കളെ) വിളിക്കുകയും കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതിനൊന്നും ഉത്തരം ലഭിച്ചില്ലെങ്കിലും ഫീസ് കുടിശ്ശിക ആവശ്യപ്പെട്ടതിന് സ്കൂളിനെ കുറ്റപ്പെടുത്തിയത് ഞങ്ങളെ ഞെട്ടിച്ചു. നിസാരമായ സംഭാഷണം അത്തരം സങ്കീർണതകൾ ഒഴിവാക്കുമായിരുന്നു, കാരണം ഞങ്ങൾക്ക് മുന്നൂറിലധികം മറ്റ് വിദ്യാർത്ഥികളെ ബുദ്ധിമുട്ടില്ലാതെ റജിസ്റ്റർ ചെയ്യാൻ കഴിഞ്ഞു, ”അവർ പറഞ്ഞു.
Also Read: കോവിഡ് വാക്‌സിനേഷന്‍; രണ്ടര കോടിയിലധികം പേർ ആദ്യ ഡോസ് സ്വീകരിച്ചെന്ന് ആരോഗ്യ മന്ത്രി
താൻ മികച്ച ഫലം പ്രതീക്ഷിച്ചിരുന്നുവെന്ന് ഗ്രീഷ്മ പറഞ്ഞു. “615-ന് മുകളിൽ (625-ൽ) സ്കോർ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ടെൻഷൻ കാരണം ചില മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിൽ ഞാൻ തെറ്റ് ചെയ്തതിനാൽ പരീക്ഷയ്ക്കിടെ വിഷമിച്ചു,” അവൾ പറഞ്ഞു. 599 (95.84 ശതമാനം) മാർക്കാണ് ഗ്രീഷ്മ നേടിയത്. ആകെ 53,155 പരീക്ഷാർത്ഥികളായിരുന്നു സേ പരീക്ഷ എഴുതിയത്.
പരീക്ഷയിൽ ഗ്രാമർ മൾട്ടിമീഡിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ എം ഡി ഷാനവാസ് 94.7 ശതമാനം മാർക്കോടെ ഇംഗ്ലീഷ് മീഡിയത്തിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, കെമ്പയ്യ എസ് (രാമനഗര ഗ്രാമസ്വരാജ്യ ഹൈസ്കൂൾ) 92.3 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനത്തെത്തി. 91.8 ശതമാനം മാർക്കോടെ വിജയ ആർ (കനകപുര മുനിസിപ്പൽ ഹൈസ്കൂൾ, രാമനഗര) നാലാം സ്ഥാനവും നേടി.