scorecardresearch
Latest News

കര്‍ണാടക: ബൊമ്മെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്തേക്കോ? അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ ഊഹാപോഹം

കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ബസവരാജ് ബൊമ്മെ ഡൽഹി സന്ദര്‍ശനം റദ്ദാക്കിയിരുന്നു. എന്നാലിത്, മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറിനിൽക്കാൻ കേന്ദ്രനേതൃത്വം പറയുമെന്ന് ഭയന്നാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്

കര്‍ണാടക: ബൊമ്മെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്തേക്കോ? അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ ഊഹാപോഹം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് വീണ്ടും മാറ്റം വന്നേക്കുമെന്ന് അഭ്യൂഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ച കര്‍ണാടക സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണു ബസവരാജ് ബൊമ്മെയെ മാറ്റുമെന്ന ഊഹാപോഹങ്ങള്‍ വ്യാപകമായത്.

ബി എസ് യെദ്യൂരപ്പയെ മാറ്റി ഒരു വര്‍ഷം മുന്‍പാണു ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രി സ്ഥാനത്ത് ബി ജെ പി അവരോധിച്ചത്. എന്നാല്‍, അടുത്തിടെ ദക്ഷിണ കന്നഡ ജില്ലയില്‍ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം തടയാന്‍ കഴിയാത്തതില്‍ ബൊമ്മെക്കെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്ന് കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ഓഗസ്റ്റ് ആറിനു മൂന്നാം തവണയും കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാന്‍ ആറ്, ഏഴ് തീയതികളില്‍ ബൊമ്മെ ഡല്‍ഹിയിലേക്കു പോകേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ സന്ദര്‍ശനം റദ്ദാക്കി. ഡല്‍ഹി യാത്ര ഒഴിവാക്കിയതു മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താകുന്നതിന്റെ സൂചനയായാണ് ബി ജെ പി നേതാക്കള്‍ വിലയിരുത്തുന്നത്.

”മുഖ്യമന്ത്രി പദത്തില്‍നിന്നു രാജിവയ്ക്കണമെന്ന പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് ഉണ്ടായേക്കാവുന്ന നിര്‍ദേശം ഒഴിവാക്കാനാണ് അദ്ദേഹം ഡല്‍ഹി സന്ദര്‍ശനം റദ്ദാക്കിയതെന്ന് ഊഹാപോഹമുണ്ട്. അത് ശരിയല്ല. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണു മുഖ്യമന്ത്രിക്കു യാത്ര റദ്ദാക്കേണ്ടി വന്നത്,” മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

അടുത്ത മുഖ്യമന്ത്രിയാകാന്‍ തങ്ങള്‍ തര്‍ക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മന്ത്രി ഗോവിന്ദ് കര്‍ജോളും അടുത്തിടെ നിഷേധിച്ചിരുന്നു. ഇതു നേതൃമാറ്റത്തെച്ചൊല്ലി ബി ജെ പിയിലുള്ള ബഹളം സൂചിപ്പിക്കുന്നതാണ്. അതേസമയം, മുഖ്യമന്ത്രിസ്ഥാനം മാറുന്ന സാഹചര്യത്തില്‍ താനും രംഗത്തുണാകുമെന്ന് മന്ത്രി ഉമേഷ് കട്ടി പറഞ്ഞു.

ഓഗസ്റ്റ് 15ന് മുന്‍പ് തന്നെ മുഖ്യമന്ത്രിയെ മാറ്റിയേക്കുമെന്നും പാര്‍ട്ടിയില്‍ ചില ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും മുന്‍ എം എല്‍ എ സുരേഷ് ഗൗഡ തുംകൂരില്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയോട് അടുപ്പമുള്ളയാളായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളും ഭരണത്തിലെ കെടുകാര്യസ്ഥതയും ഉള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങള്‍ കാരണം സര്‍ക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതില്‍ ബി ജെ പി നേതൃത്വത്തിന് ആശങ്കയുണ്ടെന്നാണു സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 2023 ലെ നിയസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കു തടസമാകുന്ന വിഭാഗീയതയിലും പാര്‍ട്ടിക്ക് ആശങ്കയുണ്ട്. ‘മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ പാര്‍ട്ടിയില്‍നിന്ന് അകന്നതും മറ്റു പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചും ബി ജെ പി ആശങ്കയിലാണ്. ഈ പ്രശ്നങ്ങളും പരിഹരിക്കാന്‍ ആഗ്രഹിക്കുന്നു,” സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

യെദ്യൂരപ്പയുടെ പിന്‍ഗാമിയായി വിശ്വസനീയനായ ലിംഗായത്ത് നേതാവിന്റെ അഭാവം ഉള്‍പ്പെടെ സംസ്ഥാന ഘടകത്തിലെ ഒന്നിലധികം ആശങ്കകള്‍ കണക്കിലെടുത്ത് ബൊമ്മൈയെ മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ കേന്ദ്ര നേതൃത്വം താല്‍പ്പര്യപ്പെട്ടേക്കാമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ലിംഗായത്ത് വിഭാഗത്തില്‍നിന്നു തന്നെള്ളയാളാണു ബൊമ്മെയും.

അതേസമയം, ബി ജെ പിക്കുള്ളിലെ അനിശ്ചിതത്വം രാഷ്ട്രീയാവസരമായി എടുത്തിരിക്കുകയാണു പ്രതിപക്ഷമായ കോണ്‍ഗ്രസ്. ”മുഖ്യമന്ത്രി ബൊമ്മൈ എന്ന പാവയെ ഉപയോഗിച്ചുള്ള കളി അവസാനിക്കുകയാണ്. അമിത് ഷായുടെ സന്ദര്‍ശനത്തെത്തതുടര്‍ന്ന് ബിജെപി മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ പ്രകടനങ്ങളോ ആഘോഷങ്ങളോ ഇല്ലാത്തത് വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചകമാണ്. അമിത് ഷായുശട സന്ദര്‍ശനത്തിനു ശേഷം ബി ജെ പി നിശബ്ദമായ അവസ്ഥയിലാണ്. 40 ശതമാനം സര്‍ക്കാരില്‍ മൂന്നാമതൊരാള്‍ അധികാരമേല്‍ക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,” കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

”ബൊമ്മൈയെ താഴെയിറക്കാനാണ് ബി ജെ പി നേതൃത്വം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ പരാജയം സമ്മതിക്കാനാണോ അതോ ഓരോ തവണയും മൂന്നുമുഖ്യമന്ത്രിമാരെ നിയമിക്കുന്ന പാരമ്പര്യം നിലനിര്‍ത്താനാണോ ഈ മാറ്റം? എന്തുകൊണ്ടാണ് മിസ്റ്റര്‍ ബൊമ്മെ നിങ്ങളെ മാറ്റാന്‍ നീക്കം നടക്കുന്നത്? ഇത് ബി ജെ പിയിലെ ചേരിപ്പോരാണോ, യെദ്യൂരപ്പയുടെ രോഷം കൊണ്ടാണോ അതോ ഭരണപരാജയം കൊണ്ടാണോ?” കോണ്‍ഗ്രസ് ചോദിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka chief ministership change amit shah visit basavaraj bommai