ബെംഗളൂരു: ജെഡിഎസില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും കൂറുമാറി ബിജെപി ടിക്കറ്റില്‍ വിജയിച്ച 11 എംഎല്‍എമാരില്‍ 10 പേരെ ഉള്‍പ്പെടുത്തി കര്‍ണാടകയില്‍ യെഡിയൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.

എസ്.ടി.സോമശേഖര്‍, രമേഷ് ജര്‍കിഹോളി, ആനന്ദ് സിങ്, കെ.സുധാകര്‍, ബ്യാരതി ബസവരാജ്, ശിവറാം ഹെബ്ബാര്‍, ബി.സി.പാട്ടീല്‍, കെ.ഗോപാലയ്യ, കെ.സി.നാരായണ്‍ ഗൗഡ, ശ്രീമന്ത് പാട്ടീല്‍ എന്നിവരാണു മന്ത്രിമാരായി ചുമതലയേറ്റത്. ഇതോടെ കര്‍ണാടക മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 28 അംഗങ്ങളായി. 34 പേരെ വരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാവും.

പുതുതായി മന്ത്രിമാരായി ചുമതലയേറ്റവരെല്ലാം ജെഡിഎസില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലെത്തിയശേഷം ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചവരാണ്. എന്നാല്‍ കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച മഹേഷ് കുമത്തള്ളിയെ മന്ത്രിസഭാ വിപുലീകരണത്തില്‍ പരിഗണിച്ചില്ല. ബിജെപി നേതാവ് ഉമേഷ് കട്ടിയെയും പരിഗണിച്ചില്ല.

മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ നിരവധി എംഎല്‍എമാര്‍ ചരടുവലി നടത്തിയിരുന്നു. എന്നാല്‍ 10 പേരെ മാത്രമേ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താവൂവെന്നു പാര്‍ട്ടി കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ കഴിഞ്ഞദിവസം രാത്രി വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ള മന്ത്രിമാരെ തീരുമാനിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനു ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read Also: ഷഹീൻ ബാഗ് ചാവേറുകളുടെ പരിശീലന കേന്ദ്രം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

മഹേഷ് കുമത്തള്ളിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതു പ്രയാസകരമാണെന്നു പറഞ്ഞ യെഡിയൂരപ്പ അദ്ദേഹത്തിന് ‘മറ്റൊരു വലിയ ഉത്തരവാദിത്തം’ നല്‍കുമെന്നു പറഞ്ഞു. ബിജെപി നേതാക്കള്‍ക്കിടയില്‍ മുന്‍നിരക്കാരനായ ഉമേഷ് കട്ടിയെ പിന്നീട് മന്ത്രിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ വികസനത്തില്‍ 13 പേരെ മന്ത്രിമാരെ ഉള്‍പ്പെടുത്തുമെന്നു യെഡിയൂരപ്പ നേരത്തെ വാഗ്‌ദാനം ചെയ്തിരുന്നു.

അതേസമയം, മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട ബിജെപി എംഎല്‍എമാരെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ രംഗത്തെത്തി. ”എല്ലാ പുതിയ മന്ത്രിമാര്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങളുടെ പുതിയ സ്ഥാനങ്ങളില്‍ എല്ലാവിധ ആശംസകളും നേരുന്നു. അതോടൊപ്പം, മന്ത്രിസഭയില്‍ കല്യാണ കര്‍ണാടകയില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്നു ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ബിജെപി എംഎല്‍എമാര്‍ക്കു വലിയ അഭിനന്ദനങ്ങള്‍,” സത്യപ്രതിജ്ഞാ ചടങ്ങിനുമുന്‍പ് പ്രിയങ്ക് ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook