ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർക്കൊപ്പം 28 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപീകരണം ഇനിയും വൈകിപ്പിക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും മന്ത്രിമാരുടെ അന്തിമ പട്ടികയ്ക്ക് ഹൈക്കമാൻഡ് അനുമതി നൽകുകയും ചെയ്തതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞിരുന്നു.
സംസ്ഥാന കോൺഗ്രസ് സിദ്ധരാമയ്യ, ശിവകുമാർ എന്നീ രണ്ടു ക്യാമ്പുകളായി വിഭജിക്കപ്പെട്ട സാഹചര്യത്തിൽ, ജാതി, പ്രാദേശിക പ്രാതിനിധ്യം, യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിൽ രണ്ട് നേതാക്കളും മന്ത്രിമാരാകാൻ നിർദേശിക്കുന്ന സ്ഥാനാർത്ഥികളെ പാർട്ടി ഹൈക്കമാൻഡാണ് തീരുമാനിച്ചത്. ആഭ്യന്തര ഉടമ്പടി പ്രകാരം 30 മാസങ്ങൾക്കുശേഷം ശിവകുമാറിന് മുഖ്യമന്ത്രി പദവി കൈമാറ്റം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ കാബിനറ്റിൽ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളാണ് നേടിയത്. തിരഞ്ഞെടുപ്പിൽ ശക്തമായി പിന്തുണച്ച സമുദായങ്ങളെ അടിസ്ഥാനമാക്കി മന്ത്രിമാരെ തീരുമാനിക്കണമെന്ന് പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. മന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന 20 ഓളം കോൺഗ്രസ് എംഎൽഎമാർ വെള്ളിയാഴ്ച വരെ ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണാൻ ശ്രമിക്കുകയും ചെയ്തു.
ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം നിരവധി സമുദായ നേതാക്കളെ നിരാശരാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയാക്കണമെന്ന് നേരത്തെ വാശിപിടിച്ച ദലിത് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വര പിന്നീട് തന്റെ നിലപാട് മാറ്റി. 30 മാസത്തിന് ശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുമ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയേക്കും.
ലക്ഷ്മി ഹെബ്ബാൽക്കർ, രൂപകല ശശിദർ, ഏക മുസ്‌ലിം വനിതാ എംഎൽഎ കനീസ് ഫാത്തിമ എന്നീ മൂന്ന് വനിതകളാണ് മന്ത്രിമാരാകാൻ മുൻനിരയിലുള്ളത്. ദലിത് വിഭാഗത്തിൽപ്പെട്ട രൂപകല, പിതാവും പാർട്ടി പ്രവർത്തകനുമായ കെ.എച്ച്.മുനിയപ്പയ്‌ക്കൊപ്പം മന്ത്രിസ്ഥാനത്തിനായി തർക്കത്തിലാണ്. രണ്ടിൽ ഒരാൾക്ക് മാത്രമേ മന്ത്രിസ്ഥാനം ലഭിക്കുകയുള്ളൂവെന്ന് വൃത്തങ്ങൾ അറിയിച്ചു.
ലിംഗായത്ത് സ്ഥാനാർത്ഥികളെ നിർത്തിയിരുന്ന 48 സീറ്റുകളിൽ 37 സീറ്റുകളും (77%) കോൺഗ്രസ് നേടിയതിനാൽ അവരിൽ വലിയൊരു എണ്ണത്തെ കാബിനറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എം.ബി.പാട്ടീൽ, ഷാമനൂർ ശിവശങ്കരപ്പ എന്നിവരെപ്പോലുള്ള ലിംഗായത്തിലെ മുൻനിര നേതാക്കൾ മന്ത്രിസഭയിൽ ഇടം കണ്ടെത്തിയേക്കും. ദലിതർക്കിടയിൽ, എസ്‌സി റൈറ്റ് ഗ്രൂപ്പിൽ നിന്നുള്ള പരമേശ്വരയുടെ സാന്നിധ്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മുസ്‌ലിംകളിൽ യു.ടി.ഖാദറും തൻവീർ സെയ്തും പ്രിയപ്പെട്ടവരാണ്. സിദ്ധരാമയ്യ ക്യാമ്പിന് പ്രിയങ്കരനായ സമീർ അഹമ്മദ് ശിവകുമാർ വിഭാഗത്തിന് പ്രിയങ്കരനല്ലെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള മുസ്‌ലിം നേതാക്കളിൽ ഒരാളായി സമീർ കണക്കാക്കപ്പെടുന്നു, എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കെപിസിസി മേധാവിയുമായി അത്ര യോജിപ്പില്ല.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രംഗത്തിറക്കിയ 43 വൊക്കലിഗകളിൽ 21 പേരും വിജയിച്ചതോടെ ശക്തമായ വൊക്കലിഗ സംഘത്തെ മന്ത്രിസഭയിൽ പ്രതീക്ഷിക്കാം. കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.