Karnataka bye-elections results LIVE updates: ബെംഗളൂരു: കര്‍ണ്ണാടകയിലെ മൂന്ന് ലോക്സഭ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് കോൺഗ്രസ് – ജെഡിഎസ് സഖ്യം. അഞ്ച് സീറ്റിൽ നാലിലും സഖ്യം വിജയിച്ചപ്പോൾ ബിജെപിക്ക് ഒറ്റ സീറ്റ് മാത്രമേ നേടാനായുളളൂ.
ഷിമോഗ, ബെല്ലാരി, മാണ്ഡ്യ എന്നീ ലോക്‌സഭ മണ്ഡലങ്ങളിലേക്കും രാമനഗര, ജംഘണ്ടി എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബെല്ലാരി, മാണ്ഡ്യ, രാമനഗര, ജംഘണ്ടി എന്നിവിടങ്ങളിലാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യം ജയിച്ചത്. ഷിമോഗയിൽ മാത്രമാണ് ബിജെപി ജയിച്ചത്.
ബിജെപിയുടെ സിറ്റിങ് സീറ്റായ ബല്ലാരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.എസ്.ഉഗ്രപ്പ ജയിച്ചു. 2,43,161 വോട്ടുകൾക്കായിരുന്നു ഉഗ്രപ്പയുടെ ജയം. രാമനഗര മണ്ഡലത്തിൽ ജെഡിഎസിന്റെ അനിത കുമാരസ്വാമി 1,09,137 വോട്ടുകൾക്ക് ജയിച്ചു.
മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർത്ഥി ശിവരാമ ഗൗഡ 3,24,943 വോട്ടുകൾക്ക് വിജയിച്ചു. ജംഘണ്ടി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആനന്ദ് ന്യാം ഗൗഡ ജയിച്ചു. ശിവമോഗ മണ്ഡലം മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇവിടെ ബി.എസ്.യെഡിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്ര 52,148 വോട്ടുകൾക്ക് ജയിച്ചു.
ബിജെപിയുടെ യെഡിയൂരപ്പ, ശ്രീരാമലു, ജെഡിഎസിന്റെ സി.എസ്.പുട്ടരാജു എന്നിവര്‍ നിയമസഭയിലേക്ക് വിജയിച്ചതിന് പിന്നാലെ പാർലമെന്റംഗത്വം രാജിവച്ചതിനെ തുടര്‍ന്നാണ് ലോക്‌സഭ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുഖ്യമന്ത്രി കുമാരസ്വാമി വിജയിച്ചിരുന്നു. ഇദ്ദേഹം രാജിവച്ചതിനെ തുടർന്നാണ് രാമനഗരയിലും, സിറ്റിങ് എംഎല്‍എ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ജംഘണ്ടിയിലും ഉപതിരഞ്ഞെടുപ്പ് നടന്നത്.
കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് കൂടുതൽ ശക്തിപകരുന്നതാണ് ഉപതിരഞ്ഞെടുപ്പിലെ വിജയം. അതേസമയം, വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിനും ജെഡിഎസിനും ആത്മവിശ്വാസം വർദ്ധിച്ചു. കർണ്ണാടകത്തിൽ മാത്രമല്ല, രാജ്യത്തൊട്ടാകെ ബിജെപിക്ക് എതിരായ വികാരമുണ്ടെന്ന തോന്നൽ ഉളവാക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് പരാജയം.