ബെംഗളൂരു: നാടകീയ രംഗങ്ങൾക്കും സംഘർഷദിനങ്ങൾക്കും ശേഷം കർണാടകയിൽ അധികാരത്തിലെത്തിയ ബിജെപി സർക്കാരിന്റെ ആയുസിൽ ഇന്ന് വിധിയെഴുത്ത്. അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മഹാരാഷ്ട്രയ്ക്ക് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ കർണാടകയിലേക്ക് എത്തുകയാണ്.

ഈ നിയമസഭാ കാലത്ത് തന്നെ രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലെത്തിയ യെദ്യൂരപ്പയ്ക്ക് തൽസ്ഥാനത്ത് തുടരണമെങ്കിൽ ആറു സീറ്റുകളിലെങ്കിലും ജയം അനിവാര്യമാണ്. സഖ്യസർക്കാർ തകർന്നശേഷം കോൺഗ്രസും  ജെഡിഎസും വെവ്വേറെയാണ് മത്സരിക്കുന്നതെന്നത് ബിജെപിക്ക് അനുകൂല ഘടകമായി കണക്കാക്കാനാവില്ല. എന്നാൽ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കി ഭൂരിപക്ഷം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

നിലവിൽ 207 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പയ്ക്കുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 224 അംഗങ്ങളാണ് കർണാടക നിയമസഭയിലുണ്ടായിരുന്നത്. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും 17 എംഎൽഎമാർ രാജിവച്ച് ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് – ജെഡിഎസ് സർക്കാർ തകർന്നു.

ഉപതിരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലെ അംഗബലം 222 ആയി ഉയരും. കേവലഭൂരിപക്ഷം 112 ആകും. കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന് 100 സീറ്റുകളുണ്ട്. ബിഎസ്‍പി എംഎൽഎയുടെ പിന്തുണയും ചേർന്നാൽ 101 ആയി. ഒരു സ്വതന്ത്രനടക്കം ബിജെപിക്ക് 106 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്.

കർണാടകയിൽ കൂറുമാറിയ 17 എംഎൽഎമാരെ അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചിരുന്നു. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരിൽ പലരും ഉപതിരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook