ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമസഭാകക്ഷി നേതൃസ്ഥാനം രാജിവയ്ക്കുകയാണെന്ന് സിദ്ധരാമയ്യ അറിയിച്ചു. ഭരണഘടനയെ മാനിക്കാന്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിനാൽ, കോൺഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനം ഒഴിയുന്നു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ തൃപ്‌തികരമായ വിജയം കോൺഗ്രസിന് സമ്മാനിക്കാൻ തനിക്ക് സാധിച്ചില്ലെന്നും അതിൽ ഖേദമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് തോൽവിയുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്നും അതിനാലാണ് രാജിവയ്ക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസിലെ കൂടുതൽ നേതാക്കൾ ഉത്തരവാദിത്തങ്ങൾ ഒഴിയാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
Read Also: ടെന്‍ഷന്‍ ഫ്രീ യെഡിയൂരപ്പ; കര്‍ണാടകത്തില്‍ ഇരിപ്പുറപ്പിച്ച് ബിജെപി
അതേസമയം, കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 12 സീറ്റിൽ ബിജെപി വിജയിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇതോടെ ബിജെപിക്ക് സാധിക്കും. ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് വിജയിക്കണമായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുള്ള മുന്നേറ്റമാണ് ബിജെപി നടത്തിയത്. ഡിസംബര്‍ അഞ്ചിനാണ് 15 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ സാധിച്ചത്. ഹുനാസുരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം 40,000 ത്തോളം വോട്ടുകള്‍ക്കാണ്.
ഇതോടെ, നിയമസഭയിൽ ബിജെപിക്ക് 12 സീറ്റുകള്‍ വര്‍ധിക്കും. അതേസമയം, കോണ്‍ഗ്രസിനും ജെഡിഎസിനും തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയായിരിക്കുകയാണ്. ഒരു സീറ്റില്‍ പോലും ജെഡിഎസ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനും കഴിഞ്ഞില്ല. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.
ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വലിയൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്. ബിജെപി സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തിരിച്ചുപിടിച്ചു. വിധാൻ സൗദയിൽ ബിജെപിയുടെ ഭൂരിപക്ഷം 117 ആയി ഉയർന്നു. കോൺഗ്രസിന് 68 സീറ്റും ജെഡിഎസിന് 34 സീറ്റുമാണ് നിയമസഭയിൽ ഉള്ളത്. കോൺഗ്രസും ജെഡിഎസും ഒന്നിച്ച് നിന്നാലും ബിജെപിയുടെ ശക്തിയെ മറികടക്കാൻ സാധിക്കില്ല.