ന്യൂഡൽഹി: കർണാടകത്തിലെ മൂന്ന് ലോക്‌സഭ സീറ്റിലേക്കുളള ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിഎസും സംയുക്ത സ്ഥാനാർത്ഥികളെ നിർത്തും.   ബിജെപി നേതാക്കളായ ബി.എസ്.യെഡിയൂരപ്പയും ബി.ശ്രീരാമലുവും എംഎൽഎമാരായപ്പോഴാണ്  ശിവമൊഗയും ബെളളാരിയും എംപിമാരില്ലാതായത്.  ജെഡിഎസിലെ സി.എസ്.പുട്ടരാജു മന്ത്രിയായപ്പോൾ മാണ്ഡ്യ മണ്ഡലത്തിലും ഒഴിവുവന്നു.

ഉപതിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നേരിടാൻ തീരുമാനിച്ച കാര്യം ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് പ്രഖ്യാപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കർണാടകത്തിൽ ബിജെപിക്ക് തിരിച്ചടിയാണ്. നവംബർ മൂന്നിനാണ് ഉപതിരഞ്ഞെടുപ്പ്. ആറിന് ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെട്ടാൽ അഞ്ച് മാസം മാത്രമേ എംപിമാർക്ക് കാലാവധി ലഭിക്കൂ.

ബിജെപിയുടെ ശക്തികേന്ദ്രമാണ് ശിവമൊഗയും ബെല്ലാരിയും. ഇവിടെ മുന്നേറ്റമുണ്ടാക്കാനായാൽ കോൺഗ്രസിനും ജെഡിഎസിനും അത് നേട്ടമാണ്.

ദേശീയ തലത്തിലെ വിശാല സഖ്യനീക്കങ്ങൾക്ക് തറക്കല്ലു പാകിയ കർണാടകത്തിൽ കോൺഗ്രസിനും ജെഡിഎസിനും നിർണായകമാണ് ഉപതിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാജിവച്ച രാമനഗരയും വാഹനാപകടത്തിൽ കോൺഗ്രസ് എംഎൽഎ സിദ്ധനാമ ഗൗഡ മരിച്ച ജംഖണ്ഡിയുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങൾ.

യെഡിയൂരപ്പയുടെ മകനെയും ശ്രീരാമലുവിന്റെ സഹോദരിയെയും സ്ഥാനാർത്ഥികളാക്കാനാണ് ബിജെപിയിൽ ധാരണ.  തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം താത്കാലികമല്ലെന്ന് തെളിയിക്കുകയും വിമതനീക്കങ്ങളെ ചെറുക്കുന്നതിനും സംസ്ഥാനം ഭരിക്കുന്ന മുന്നണിക്ക് വിജയം അനിവാര്യമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ