തിരുവനന്തപുരം: കർണാടക അതിർത്തി തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ തിരികെ വിളിച്ച് വിഷയത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്തു. അതിർത്തി മണ്ണിട്ടുമൂടിയ കർണാടകയുടെ നടപടിക്കെതിരെ കേരളം നേരത്തെ രംഗത്തെത്തിയിരുന്നു.

കാസർഗോഡ് നിന്ന് മംഗലാപുരം പോകേണ്ടതിന്റെ അനിവാര്യതയും വടക്കൻ കേരളവും മംഗലാപുരവുമായുള്ള ചരിത്രപരമായ ബന്ധവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. കാസർഗോഡ് ജില്ലയിലെ അനേകമാളുകൾ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. അതുവഴി രോഗികൾക്ക് പോലും പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഒരു ജനതയുടെ ജീവിതത്തെ ആകെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Read Also: ചില്ലറ ലാഭത്തിനുവേണ്ടി നാടിനെ ആക്രമിക്കരുത്; പായിപ്പാട്ട് വിഷയത്തിൽ മുഖ്യമന്ത്രി

തലശ്ശേരി-കൂർഗ് റോഡ് (ടിസി റോഡ്) കണ്ണൂർ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാർഗമാണ്. ആ റോഡ് അടച്ചിടുക എന്നത് കണ്ണൂർ ജില്ലയും കർണാടകവുമായുള്ള ബന്ധം അറുത്തു മാറ്റുന്നതിന് തുല്യമാണ് എന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. ചരക്ക് നീക്കത്തിന് അനിവാര്യമായ പാതയാണത്. കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ ആഭ്യന്തരമന്ത്രി കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ഉടനെ തന്നെ തിരിച്ചു വിളിക്കാം എന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.

അതേസമയം, കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് തനിക്കതിനു സാധിച്ചില്ല എന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ കുറേ മണിക്കൂറുകളായി കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തോട് സംസാരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർണാടകയിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാകും പ്രതികരിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സദാനദഗൗഡയുമായി സംസാരിച്ചു, ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook