ബെംഗളൂരു: സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി അനിശ്ചിതത്വം നിലനിന്നിരുന്ന കര്‍ണാടകയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് ആദ്യം പുറത്തറിയിച്ചത് ബിജെപി സംസ്ഥാന ഘടകം. കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് ഗവര്‍ണര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് വിവരം പുറത്തുവിട്ടത്.
‘കോടിക്കണക്കിന് കന്നഡക്കാര്‍ കാത്തിരുന്ന നിമിഷം ഇതാ എത്തിക്കഴിഞ്ഞു. ശ്രീ. ബി.എസ്.യെഡിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി നാളെ രാവിലെ 9.30ന് അധികാരമേല്‍ക്കും. സുവര്‍ണ കര്‍ണാടക പണിയാനുളള നീക്കത്തിന് തുടക്കമായി’, ഇതായിരുന്നു ബിജെപി കര്‍ണാടക ഘടകം ട്വീറ്റ് ചെയ്തത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ട്വീറ്റ് പിന്‍വലിച്ചു. ഇതിന് പിന്നാലെ മാത്രമാണ് ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. തുടര്‍ന്ന് 9.30ന് സത്യപ്രതിജ്ഞ നടക്കുമെന്ന വാചകം 9 മണിയാക്കി തിരുത്തി ബിജെപിയുടെ ട്വീറ്റ് വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്.
സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. യെഡിയൂരപ്പയ്ക്കു രാവിലെ ഒന്പതിനുതന്നെ സത്യപ്രതിജ്ഞ ചെയ്യാം. എന്നാൽ വിഷയത്തിൽ വീണ്ടും വാദം കേൾക്കുമെന്ന് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൂടാതെ, ഹർജിയിൽ യെഡിയൂരപ്പയെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചു.
കര്‍ണാടകയിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ സുപ്രീം കോടതിയില്‍ നടന്നത് ചരിത്രത്തിലെ അപൂര്‍വ സംഭവം തന്നെയായിരുന്നു. അര്‍ധ രാത്രിയിലാണ് കോടതിയിലേക്ക് കോണ്‍ഗ്രസ് ഹർജിയുമായെത്തിയത്. ചീഫ് ജസ്റ്റിസ് നിശ്ചയിച്ച മൂന്നംഗ ബെഞ്ച് വാദം തുടങ്ങിയത് പുലര്‍ച്ചെ രണ്ട് മണിക്ക്. കോടതി തീരുമാനമെടുത്തതാകട്ടെ പുലര്‍ച്ചെ 5.30 നും.
കോടതിയുടെ വാക്കാലുള്ള ഉത്തരവിന് ശേഷം കോടതിയില്‍ നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങളായിരുന്നു. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച നടപടി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ഗവര്‍ണറുടെ ശ്രമമെന്ന് കോണ്‍ഗ്രസ് വാദിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നായിരുന്നു യെഡിയൂരപ്പക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയുടെ വാദം. സര്‍ക്കാര്‍ രൂപികരിച്ചു കഴിഞ്ഞാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം മതിയെന്നും യെഡിയൂരപ്പ കോടതിയെ അറിയിച്ചു.