ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ. തന്റെ പിതാവും ചന്നഗിരിയിലെ ബിജെപി എംഎൽഎയുമായ കെ.മാഡൽ വിരുപക്ഷപ്പയുടെ ഓഫിസിൽവച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡെ സേവറേജ് ബോർഡ് ചീഫ് അക്കൗണ്ടന്റായ വി.പ്രശാന്ത് മാഡൽ ലോകായുക്തയുടെ പിടിയിലായത്. ഇതിനുപിന്നാലെ പ്രശാന്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത ആറു കോടി രൂപ പിടിച്ചെടുത്തു.
കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ചെയർമാനാണ് പ്രശാന്തിന്റെ അച്ഛൻ. സോപ്പും ഡിറ്റർജന്‍റും നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നിർമിക്കാനുള്ള കരാർ നൽകാനാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് ലോകായുക്ത പൊലീസ് പറയുന്നു. 81 ലക്ഷമാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്നും എന്നാൽ 40 ലക്ഷം കൈമാറുന്നതിനിടെ പിടിയിലാവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
റെയ്ഡിൽ എംഎൽഎയുടെ ഓഫിസിൽനിന്നും 1.2 കോടി രൂപ കണ്ടെടുത്തു. പിന്നീട് സഞ്ജയ്നഗറിലെ ഡോളാർസ് കോളനിയിലെ പ്രശാന്തിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും അവിടെനിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തുകയും ചെയ്തു. പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദാവൻഗെരെ ജില്ലയിലെ ചന്നഗിരി നിയോജക മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള വ്യക്തിയാണ് മഡാലു വിരുപക്ഷപ്പ. 2018 നിയമസഭാ തിരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിൽ 5.73 കോടി രൂപയുടെ സ്വത്ത് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 2013ലെ തിരഞ്ഞെടുപ്പിൽ 1.79 കോടിയുടെ ആസ്തി വെളിപ്പെടുത്തി. പക്ഷേ, കോൺഗ്രസിലെ വഡ്നാൽ രാജണ്ണയോട് പരാജയപ്പെട്ടു.