ബെംഗളുരു: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍ വര്‍ധിക്കാന്‍ കാരണം വസ്ത്രധാരണമാണെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബി.ജെ.പി എംഎല്‍എ. ഹൊന്നാളിയില്‍നിന്നുള്ള എംഎല്‍എ എംപി രേണുകാചാര്യയാണ് ഈ പ്രസ്താവന നടത്തിയത്.
കര്‍ണാടകയിലെ ഹിജാബ് വിലക്കിന്റെ പശ്ചാത്തലത്തിലുള്ള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.
”സ്ത്രീകളുടെ വസ്ത്രധാരണം കാരണം നിരവധി ലൈംഗികാതിക്രമ സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ പുരുഷന്മാര്‍ പ്രകോപിതരാകും,” എംഎല്‍എ പറഞ്ഞു.
എന്ത് ധരിക്കണമെന്നത് സ്ത്രീകളുടെ അവകാശമാണെന്നു പറഞ്ഞ പ്രിയങ്ക ഗാന്ധി, ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Also Read: ‘എന്ത് ധരിക്കണം എന്നത് സ്ത്രീയുടെ അവകാശം’; ഹിജാബ് വിവാദത്തില്‍ പ്രിയങ്ക ഗാന്ധി
”ബിക്കിനിയോ ഘൂണ്‍ഘാട്ടോ ജീന്‍സോ ഹിജാബോ അത് എന്തായാലാലും എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ അവകാശമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. സ്ത്രീകളെ ഉപദ്രവിക്കുന്നത് നിര്‍ത്തൂ,” പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ബിജെപി എംഎല്‍എയ്ക്കു മനസിന്റെയും നാവിന്റെയും നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ, സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നു വ്യക്തമാക്കുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് രേണുകാചാര്യ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രി സ്ഥാനത്തിനുവേണ്ടി ബിജെപി നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്താനായി ഡല്‍ഹിയിലാണിപ്പോള്‍ എംഎല്‍എയുള്ളത്.
Also Read: ഹിജാബ്: ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിലേക്ക്; പ്രതിഷേധങ്ങള്‍ക്ക് പൊലീസ് വിലക്ക്