കൊവിഡ്-19 നിയന്ത്രണത്തിന്റെ ഭാഗമായി കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എന്നാൽ സംസ്ഥാനത്തെ രാത്രി കർഫ്യൂ തുടരും. എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് രാത്രി കർഫ്യൂ തുടരുക. വ്യാഴാഴ്ച കർണാടകയിൽ കൊവിഡ്-19 കേസുകളിൽ കുത്തനെ വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്.
കർണാടകയിൽ വ്യാഴാഴ്ച 47,754 പുതിയ കോവിഡ് -19 കേസുകളും 29 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ച കേസുകൾ 33,76,953 ആയി, മരണസംഖ്യ 38,515 ആയി. സംസ്ഥാനത്ത് ചൊവ്വാഴ്ച 41,457 പുതിയ അണുബാധകളും ബുധനാഴ്ച 40,499 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ പുതിയ കേസുകളിൽ 30,540 എണ്ണം ബെംഗളൂരു അർബനിൽ നിന്നാണ്. സംസ്ഥാനത്ത് ആകെയുള്ള സജീവ കേസുകളുടെ എണ്ണം ഇപ്പോൾ 2,93,231 ആണ്.
Also Read: കര്‍ണാടകയില്‍ കോവിഡ് മരണ നഷ്ടപരിഹാര ചെക്കുകൾ മടങ്ങി; നടപടിക്ക് ഉത്തരവിട്ട് മുഖ്യമന്ത്രി
കോവിഡ് -19 ൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് സൂചന നൽകിയിരുന്നു. അതേസമയം, ഏത് തീരുമാനത്തിലും എത്തുമ്പോൾ ജനങ്ങളുടെ ജീവിതവും ഉപജീവനവും പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി ആർ അശോകൻ പറഞ്ഞു.