ബെംഗളുരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ നിയമ നിര്‍ദേശം കൊണ്ടുവന്നതിനു പിന്നാലെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതായി നിരവധി പൗരസമൂഹ സംഘടനകളുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
രാജ്യത്ത് സമുദായത്തിനും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ണാടക മൂന്നാം സ്ഥാനത്താണെന്നു യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്), അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേസ്റ്റ് എന്നിവയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യുസിഎഫിലേക്ക് നടത്തിയ കോളുകള്‍ കണക്കിലെടുത്തുള്ള റിപ്പോര്‍ട്ട് അനുസരിച്ച്, സെപ്റ്റംബര്‍ വരെ ഹെല്പ്പ്ലൈനില് രാജ്യത്തുടനീളം 305 കേസുകളാണു രേഖപ്പെടുത്തിയത്. ആള്‍ക്കൂട്ട ആക്രമണം (288 കേസുകള്‍), ആരാധനാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണം (28 കേസുകള്‍) എന്നിവ പരാമര്‍ശിക്കുന്ന പരാതികള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.
1,331 സ്ത്രീകള്‍, 588 ആദിവാസികള്‍, 513 ദളിതര്‍ എന്നിവര്‍ക്ക് ഈ ആക്രമണങ്ങളില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം കുറഞ്ഞത് 85 സംഭവങ്ങളിലെങ്കിലും പൊലീസ് ആരാധനയ്ക്ക് അനുവദിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
Also Read: നാഗാലാന്‍ഡ് വെടിവയ്പില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; അമിത് ഷാ പ്രസ്താവന നടത്തിയേക്കും
ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (66). തൊട്ടുപിന്നാലെ ഛത്തീസ്ഗഢ് (47), കര്‍ണാടക (32) എന്നിവയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ കര്‍ണാടകയാണ് ഇക്കാര്യത്തില്‍ ഒന്നാമത്.
പുരോഗമന രാഷ്ട്രീയത്തിനു പേരുകേട്ടിട്ടും ബെംഗളുരു രാജ്യത്തിന്റെ ഐടി ഹബ്ബായിട്ടും കര്‍ണാടകയ്ക്കു മനുഷ്യത്വം നഷ്ടപ്പെട്ടതായി തോന്നുന്നുവെന്ന് കര്‍ണാടക റീജിയന് കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ പ്രസിഡന്റ് റവ. പീറ്റര്‍ മച്ചാഡോ റിപ്പോര്‍ട്ട് പുറത്തിറക്കിയ ശേഷം അഭിപ്രായപ്പെട്ടു.
യുസിഎഫ് ഹെല്‍പ്പ് ലൈനില്‍ ലഭിച്ച കോളുകളെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ റിപ്പോര്‍ട്ടില്‍ ഇത്തരം നിരവധി ആക്രമണങ്ങള്‍ ഒഴിവാക്കപ്പെട്ടിരിക്കാമെന്നു ബെംഗളുരു ആര്‍ച്ച് ബിഷപ്പ് കൂടിയായ മച്ചാഡോ കൂട്ടിച്ചേര്‍ത്തു. ‘ഈ ആക്രമണങ്ങളില്‍ ഭൂരിഭാഗവും വലതുപക്ഷ ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നുവെന്നും അവക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും’ റിപ്പോര്‍ട്ട് പ്രസ്താവിച്ചിട്ടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പകരം സമുദായാംഗങ്ങള്‍ക്കെതിരെ കേസെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ സമ്മേളന കാലയളവില്‍ ബെലഗാവിയില്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുന്നത് നിയന്ത്രിക്കാന്‍ സമുദായ അംഗങ്ങളോട് പൊലീസ് ആവശ്യപ്പെട്ടതായും മച്ചാഡോ പറഞ്ഞു.
13 ന് ആരംഭിക്കുന്ന നിയമസഭാ ശീതകാല സമ്മേളനത്തില്‍ സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള ബില്‍ പാസാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, അത്തരമൊരു നിയമ വ്യവസ്ഥ ‘ഗുണ്ടകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരം നല്കതിനു മാത്രമേ ഉപകരിക്കൂയെന്ന് മച്ചാഡോ ആവര്‍ത്തിച്ചു.