ബെംഗലുരു: വിശ്വാസ വോട്ട് നേടാനാകില്ലെന്ന് ഉറപ്പായതോടെ രാജിവച്ച കർണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ മറ്റൊരു വിവാദത്തിലേക്ക്. രാജിപ്രഖ്യാപനത്തിന് പിന്നാലെ സഭ വിട്ടിറങ്ങിയ യെഡിയൂരപ്പ ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കർണ്ണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിനുളള യോഗം യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ അവസാനിച്ചിരുന്നു. രാജി പ്രഖ്യാപിച്ച യെഡിയൂരപ്പ പിന്നീട് ഒരു സെക്കന്റ് പോലും തന്റെ സീറ്റിൽ ഇരുന്നില്ല. ഉടൻ തന്നെ അദ്ദേഹം സീറ്റ് വിട്ടിറങ്ങി.
ഈ സമയത്താണ് സഭയിൽ ദേശീയ ഗാനം ആലപിച്ചത്. ജനഗണമന ആലപിക്കുന്നതിനിടയിൽ പോലും യെഡിയൂരപ്പയും ബിജെപി അംഗങ്ങളും സഭയിൽ നിന്നില്ലെന്നാണ് ആരോപണത്തിന് കാരണം. ഇദ്ദേഹം ഈ സമയത്ത് സഭയിലെ സന്ദർശക ഗാലറിയിലിരുന്ന ബിജെപി നേതാക്കളോട് സംസാരിച്ചാണ് നീങ്ങിയത്.
കർണ്ണാടക നിയമസഭയിൽ കോൺഗ്രസ്, ജനതാദൾ സെകുലർ സഖ്യത്തിന് ഭരണത്തിന് അവകാശം ഉന്നയിക്കാമെന്ന സാഹചര്യം വന്നതോടെ എഐസിസി ആസ്ഥാനത്ത് വാർത്ത സമ്മേളനം നടത്തിയ രാഹുൽ ഗാന്ധിയാണ് ഈ വിഷയം ആദ്യം ഉന്നയിച്ചത്.
എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി യെഡിയൂരപ്പയും പ്രോ ടൈം സ്പീക്കർ കെജി ബൊപ്പയ്യയും മറ്റ് ബിജെപി നിയമസഭാംഗങ്ങളും ദേശീയ ഗാനത്തെ അവഹേളിച്ച് ഇറങ്ങിപ്പോകുന്നത് ശ്രദ്ധിച്ചോ എന്ന ചോദ്യമാണ് രാഹുൽ ഗാന്ധി ആദ്യം ചോദിച്ചത്.
ഇത് ബിജെപിയുടെയും ആർഎസ്എസിന്റെയും നയമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി എല്ലാ സർക്കാർ സംവിധാനങ്ങളെയും, ഭരണഘടനാ സ്ഥാപനങ്ങളെയും അധികാരം ഉപയോഗിച്ച് തകർക്കാനാണ് മോദിയും അമിത് ഷായും ആർഎസ്എസും ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.