ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറ്റാൻ കോൺഗ്രസ് നീക്കം. ഇതിനായി ബെംഗളൂരുവിലെയും മഹാബലിപുരത്തെയും ഓരോ ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്തിട്ടുണ്ട്.
പാർട്ടി 130 ൽ താഴെ സീറ്റുകളാണ് നേടുന്നതെങ്കിൽ തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഹോട്ടലിൽ ജയിക്കുന്ന സ്ഥാനാർത്ഥികളെ കോൺഗ്രസ് മാറ്റുമെന്ന് ദി ഇന്ത്യൻ എക്സ്പ്രസിനോടു വൃത്തങ്ങൾ സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ ഡിഎംകെ നേതൃത്വവുമായി കോൺഗ്രസ് ബന്ധപ്പെട്ടതായാണ് വിവരം. 130 സീറ്റുകൾ നേടിയാൽ ബെംഗളൂരുവിലെ ഷാങ്ഗ്രി ലാ ഹോട്ടലിൽ എംഎൽമാരെ ഇന്നു വൈകീട്ട് തന്നെ എത്തിക്കും.
എംഎൽഎമാരെ തമിഴ്നാട്ടിലേക്ക് മാറ്റുമോ അതോ ബെംഗളൂരുവിൽ തന്നെ താമസിപ്പിക്കുമോയെന്ന കാര്യത്തിൽ വൈകീട്ടോടെ വ്യക്തത വരും. അതേസമയം, നിലവിലെ ലീഡ് നില നോക്കിയാൽ കോൺഗ്രസിന് റിസോർട്ട് രാഷ്ട്രീയം കളിക്കേണ്ടി വരില്ലെന്നാണ് വ്യക്തമാകുന്നത്.
224 അംഗ കർണാടക നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. നിലവിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അതേസമയം, കേവല ഭൂരിപക്ഷം ലഭിച്ചാലും 130 സീറ്റുകളിലധികം നേടാനായില്ലെങ്കിൽ ബിജെപി തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാനുള്ള നീക്കം കോൺഗ്രസ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ തവണത്തെപ്പോലെ ബിജെപിയുടെ ഓപ്പറേഷൻ കമല തുടക്കം മുതലേ തടയിടാൻ കോൺഗ്രസ് ശ്രമിക്കുന്നത്.
2018 ൽ 104 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. പക്ഷേ, 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസും 37 സീറ്റുകള്‍ നേടിയ ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിച്ച് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. ഓപ്പറേഷന്‍ കമല എന്ന പേരിലായിരുന്നു ബിജെപി ഈ നീക്കം നടത്തിയത്.