ബെംഗളൂരു: കർണാടകയിലും താമര വിരിയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലംപരിശാക്കിയാണ് ബിജെപി മുന്നേറിയത്. ബിജെപി സർക്കാർ അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രിയാകുന്നത് ബി.എസ്.യെഡിയൂരപ്പയാണ്. യെഡിയൂരപ്പ ശിക്കാരിപുരയിൽനിന്നും 9,857 വോട്ടുകൾക്ക് വിജയിച്ചിട്ടുണ്ട്.
ആർഎസ്എസിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച ബി.എസ്.യെഡിയൂരപ്പ തെക്കേ ഇന്ത്യയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി പദവിയിലെത്തിയത് ഒട്ടേറെ കടമ്പകൾ കടന്നാണ്. യെഡിയൂരപ്പയുടെ രാഷ്‌ട്രീയ ജീവിതത്തിലൂടെ…
മാണ്ഡ്യ ജില്ലയിലെ കെആർ പേട് താലൂക്കിലെ ബുക്കാനക്കേർ ഗ്രാമത്തിലാണ് യെഡിയൂരപ്പയുടെ ജനനം. ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ജന സംഘ് പാർട്ടിയിൽ ചേരുന്നതിനു മുൻപ് അരി മില്ലർ ക്ലർക്കായി ജോലി ചെയ്തു. പിന്നീട് 1972 ൽ അദ്ദേഹത്തെ ജന സംഘ് താലൂക്ക് യൂണിറ്റ് പ്രസിഡന്റായി നിയമിച്ചു. 1975 ൽ അടിയന്തരവസ്ഥാ കാലത്ത് 45 ദിവസം ജയിലിൽ കഴിഞ്ഞു.
1983 ൽ ശിക്കാരിപുര മണ്ഡലത്തിൽനിന്നും ജയിച്ച് യെഡിയൂരപ്പ കർണാട നിയസമഭയിലെത്തി. 1988 ൽ ബിജെപി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1994 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ എസ് അധികാരത്തിലെത്തിയപ്പോൾ യെഡിയൂരപ്പ സഭയിൽ പ്രതിപക്ഷ നേതാവായി. 1999 ലെ തിരഞ്ഞെടുപ്പിൽ യെഡിയൂരപ്പ തോറ്റുവെങ്കിലും ബിജെപി നിയമസഭയിലേക്ക് അദ്ദേഹത്തിന്റെ പേര് നോമിനേറ്റ് ചെയ്തു. 2004 ൽ വീണ്ടും വിജയിച്ച് പ്രതിപക്ഷ നേതാവായി. കോൺഗ്രസ് ആയിരുന്നു 2004 ൽ സർക്കാർ രൂപീകരിച്ചത്. ധരം സിങ്ങായിരുന്നു മുഖ്യമന്ത്രി.
ധരം സിങ്ങിന്റെ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ജനതാദൾ (എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമിയുമായി കൈകോർത്തു. ആദ്യ 20 മാസം കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്നും അതു കഴിയുമ്പോൾ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം കൈമാറണം എന്നായിരുന്നു ധാരണ. എന്നാൽ 20 മാസം കഴിഞ്ഞപ്പോൾ കുമാരസ്വാമി മുഖ്യമന്ത്രി പദവി ഒഴിയാൻ തയ്യാറായില്ല. യെഡിയൂരപ്പയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ബിജെപി അവരുടെ പിന്തുണ പിൻവലിച്ചു.
പിന്നീട് ഇരുപാർട്ടികളും സമവായത്തിലെത്തുകയും 2007 ൽ മുഖ്യമന്ത്രിയായി യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. 7 ദിവസത്തിനുശേഷം 2011 ൽ ജനതാദൾ (എസ്) പിന്തുണ പിൻവലിച്ചതോടെ യെഡിയൂരപ്പയ്ക്ക് രാജിവയ്ക്കേണ്ടി വന്നു.
2008 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യെഡിയൂരപ്പ ശിക്കാരിപുരയിൽനിന്നും മൽസരിച്ചു. സമാജ്‌വാദി പാർട്ടി നേതാവും മുൻമന്ത്രിയുമായ എസ്.ബംഗാരപ്പയായിരുന്നു എതിർ സ്ഥാനാർത്ഥി. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും പിന്തുണ ഇല്ലാതായതോടെ ബംഗാരപ്പ 45,000 വോട്ടുകൾക്ക് യെഡിയൂരപ്പയോട് പരാജയപ്പെട്ടു. ബിജെപിക്ക് അത് വലിയൊരു വിജയമായിരുന്നു. യെഡിയൂരപ്പയുടെ ജയം കർണാടകയിലൂടെ ബിജെപിക്ക് തെക്കേ ഇന്ത്യയിലേക്കുളള വാതിൽ തുറന്നിട്ടു.
കർണാടക സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായി 2008 മേയ് 30-ന് യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ബിജെപി പ്രവർത്തകൻ കൂടിയായി. പക്ഷേ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് പിന്നീട് ജയിൽ ജീവിതം അനുഭവിക്കേണ്ടിയും വന്നു.
കർണാടക ഖനി അഴിമതി അന്വേഷിച്ച ലോകായുക്തയുടെ റിപ്പോർട്ടിൽ യെഡിയൂരപ്പയുടെ പേര് പരാമർശിക്കപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഭൂമി കുംഭകോണ കേസിൽ യെഡിയൂരപ്പയ്ക്ക് 20 ദിവസം ബാംഗ്ലൂർ സെൻട്രൽ ജയിലിൽ കിടക്കേണ്ടിയും വന്നു. ഈ കേസിൽ അദ്ദേഹത്തിന്റെ മക്കളായ ബി.വൈ.രാഘവേന്ദ്ര (ഷിമോഗയിൽനിന്നുളള ബിജെപി ലോക്‌സഭ അംഗം), ബി.വൈ.വിജയേന്ദ്ര, മരുമകൻ ആർ.എൻ. സോഹൻ കുമാർ എന്നിവരും കുറ്റക്കാരായിരുന്നു.
ഖനി അഴിമതിക്കേസിൽ ബിജെപിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെതുടർന്ന് 2012 ൽ എംഎൽഎ സ്ഥാനവും ബിജെപി പാർട്ടി സ്ഥാനങ്ങളും യെഡിയൂരപ്പ രാജിവച്ചു. കർണാടക ജനത പക്ഷ എന്നൊരു പുതിയ പാർട്ടി രൂപീകരിച്ചു. 2013 നവംബറിൽ ബിജെപിയിലേക്ക് തിരിച്ചു പോവുകയാണെന്ന് അദ്ദേഹം അറിയിച്ചു. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുൻപായി അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയുമായി ലയിച്ചു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചു.
യെഡിയൂരപ്പയ്ക്ക് അരുണ ദേവി, പത്മാവതി, ഉമാ ദേവി എന്നീ മൂന്നു പെൺമക്കൾ കൂടിയുണ്ട്. 2004 ൽ ദുരൂഹമായ സാഹചര്യത്തിൽ യെഡിയൂരപ്പയുടെ ഭാര്യ മൈത്രദേവി മരിച്ചിരുന്നു. ഷിമോഗിലെ വീടിനു സമീപത്തെ കിണറ്റിലാണ് മൈത്രദേവിയുടെ മതൃതദേഹം കണ്ടെത്തിയത്.