ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി തിരഞ്ഞെടുത്ത സ്ഥാനാര്‍ഥികളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ബിജെപി ടിക്കറ്റില്‍ മൽസരിക്കുന്നവര്‍ കര്‍ണാടകത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികളാണ് എന്നായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ വിമര്‍ശനം.
റെഡ്ഡി സഹോദരങ്ങള്‍ക്കായി ബിജെപി മാറ്റിവച്ച എട്ട് ടിക്കറ്റുകളെ കുറിച്ച് അഞ്ച് മിനിറ്റ് സംസാരിക്കുമോ എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി തുടങ്ങുന്നത്. അഴിമതി, വഞ്ചന തട്ടിപ്പ് എന്നിങ്ങനെയുള്ള 23 കേസുകളുള്ള ഒരാളാണ് നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അഴിമതി ആരോപണം അടക്കമുള്ള ക്രിമിനല്‍ കേസുകള്‍ നേരിടുന്ന നിങ്ങളുടെ പതിനൊന്ന് നേതാക്കളെ കുറിച്ച് എപ്പോഴാണ് നിങ്ങള്‍ സംസാരിക്കുക? ” രാഹുല്‍ ഗാന്ധി ആരാഞ്ഞു.
ബിജെപിയുടെ മുന്‍ മന്ത്രി ശ്രീരാമുലു, സോമശേഖര്‍ റെഡ്ഡി, ടി.എച്ച്.സുരേഷ് ബാബു, കട്ട സുബ്രഹ്മണ്യ നായിഡു, സി.ടി.രവി, മുര്‍ഗേഷ് നിരാനി, എസ്.എന്‍.കൃഷ്ണയ്യ സെട്ടി, ശിവന ഗൗഡ നായക്, ആര്.അശോക്, ശോഭാ കരണ്ട്ലജെ എന്നിവരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ട്വിറ്ററില്‍ പങ്കുവച്ച എണ്‍പത് സെക്കന്റ് വീഡിയോയിലാണ് രാഹുല്‍ ഗാന്ധി ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.
“പ്രിയപ്പെട്ട മോദിജീ, നിങ്ങള്‍ ഒരുപാട് സംസാരിക്കും. പക്ഷെ പ്രശ്നം എന്തെന്നാല്‍ നിങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ്. കര്‍ണാടകത്തിലെ നിങ്ങളുടെ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് നോക്കൂ. കര്‍ണാടകത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികള്‍’ എന്ന് പറഞ്ഞുവേണം ഇത് കാണാന്‍” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
റെഡ്ഡി സഹോദരന്മാരുടെ മേല്‍ ആരോപിക്കപ്പെട്ട 35000 കോടി രൂപയുടെ അഴിമതി മൂടിവച്ചതും ബിജെപി ആണ് എന്നും വീഡിയോയില്‍ വിമര്‍ശനമുണ്ട്. കടലാസ് നോക്കിയെങ്കിലും ഇതിന് ഉത്തരം നല്‍കൂ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
Dear Modi ji,
You talk a lot. Problem is, your actions don’t match your words. Here's a primer on your candidate selection in Karnataka.
It plays like an episode of "Karnataka's Most Wanted". #AnswerMaadiModi pic.twitter.com/G97AjBQUgO
— Rahul Gandhi (@RahulGandhi) May 5, 2018
ഒട്ടനവധി അഴിമതി കേസുകളില്‍ പ്രതികളായ റെഡ്ഡി സഹോദരങ്ങളെ കൂടെ നിര്‍ത്തിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ക്യാംപെയ്ൻ. ഗലി സോമശേഖര റെഡ്ഡി, ഗലി കരുണാകര റെഡ്ഡി എന്നിവര്‍ ബിജെപി ടിക്കറ്റില്‍ മൽസരിക്കുന്നുമുണ്ട്.
ഒട്ടേറെ അഴിമതി കേസുകള്‍ ഉള്ള മുന്‍ മന്ത്രി ജനാര്‍ദന്‍ റെഡ്ഡി സംസ്ഥാനത്തെ പല സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവവുമാണ്. മൂന്നു വര്‍ഷത്തോളം ജയിലിലായിരുന്ന ജനാര്‍ദന്‍ റെഡ്ഡിക്ക് സുപ്രീം കോടതി ജാമ്യം നല്‍കുന്നത് 2015ലാണ്. ബെല്ലാരി, അനന്തപൂര്‍, ആന്ധ്രാപ്രദേശിലെ കടപ്പ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശിക്കരുത് എന്ന ഉപാധിയോടെയായിരുന്നു ജാമ്യം.
വെള്ളിയാഴ്ച ബെല്ലാരിയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിക്കൊണ്ട് ജനാര്‍ദന റെഡ്ഡി ഹര്‍ജി നല്‍കിയിരുന്നു എങ്കിലും സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു.
റെഡ്ഡി സഹോദരന്മാര്ക്ക് ബിജെപി ടിക്കറ്റ് നല്‍കുന്നതിനെതിരെ ബിജെപിയില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഏപ്രില്‍ അവസാന വാരം ബെല്ലാരിയില്‍ നടന്ന പാര്‍ട്ടിയുടെ റോഡ് ഷോയില്‍ നിന്നും ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിക്ക് ശക്തിയില്ലാത്ത ഹൈദരാബാദ്- കര്‍ണാടകാ പ്രദേശത്ത് സ്വാധീനമുള്ള റെഡ്ഡി സഹോദരന്മാരെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തണം എന്ന് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനത്തില്‍ അയവ് വന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook