scorecardresearch
Latest News

ബിജെപി ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും എന്നെ സമീപിച്ചിരുന്നു: കര്‍ണാടക തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രകാശ് രാജ്

മോദിയും ബി ജെ പി യും നല്‍കിയ വാഗ്ദാനങ്ങളുടെ ഹിതപരിശോധനയാകും കര്‍ണാടക തെരഞ്ഞെടുപ്പ് എന്ന് പ്രകാശ് രാജ്

prakash raj 1

കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്‍റെ ‘ജസ്റ്റ്‌ ആസ്കിംഗ്’ എന്ന ക്യാമ്പെയിന്‍ സജീവമാക്കിയിരിക്കുകയാണ് ചലച്ചിത്ര താരം പ്രകാശ്‌ രാജ്. ബി ജെ പിയ്ക്ക് വോട്ടു ചെയ്യരുത് എന്ന നിര്‍ദ്ദേശവുമായി സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത്, ആളുകളോട് സംസാരിച്ചു വരുകിയാണീ നടന്‍. വലതു പക്ഷ ചിന്തകള്‍ രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്ന ഭയത്തിന്‍റെ അന്തരീക്ഷത്തെച്ചെറുക്കുകയും അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ വീണ്ടെടുക്കുകയും വേണം എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് പ്രകാശ് രാജ് എങ്ങനെയൊരു യാത്രയ്ക്ക് ഒരുങ്ങിയിരിക്കുന്നത്.

ഇന്ത്യന്‍എക്സ്പ്രസ്സ്‌.കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പിനെക്കുറിച്ചും, ബോളിവുഡ് തന്നെ മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ചും, ഏതെങ്കിലും ഒരു രാഷ്രീയ കക്ഷിയില്‍ ചേരുന്നതിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായത്തെക്കുറിച്ചും, ‘ജസ്റ്റ്‌ ആസ്കിംഗ്’ ക്യാമ്പെയിനിന്‍റെ വിപുലീകരണ പദ്ധതികളെക്കുറിച്ചും പ്രകാശ്‌ രാജ് സംസാരിക്കുന്നു.

Prakash Raj Just Asking Campaign
ജസ്റ്റ്‌ ആസ്ക്കിംഗ് ക്യാമ്പെനില്‍ സംസാരിക്കുന്ന പ്രകാശ് രാജ്

രാജ്യത്ത് ഉയര്‍ന്നു കേള്‍ക്കുന്ന ശക്തവും വിമര്‍ശനാത്മകവുമായ ഒരു ശബ്ദമാണ് താങ്കളുടേത്. ഭയപാടില്ലാതെയുള്ള ആ തുറന്നു പറച്ചില്‍ കാരണം ഒറ്റയ്ക്കായി എന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും?

ജനങ്ങളിപ്പോള്‍ എന്‍റെയൊപ്പം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അടിസ്ഥാന വേരുകളില്‍ നിന്നും വേര്‍പെട്ട് ജീവിച്ച വ്യക്തിയായിരുന്നു ഞാന്‍. ‘നിങ്ങളിങ്ങനെ തുറന്ന് സംസാരിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്.ഞങ്ങള്‍ക്ക് അത് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല’ എന്ന് യാത്രകള്‍ക്കിടയില്‍ ആളുകള്‍ എന്നോട് വന്ന് പറയാറുണ്ട്. അതുകൊണ്ട് തന്നെ ഞാനൊറ്റപ്പെട്ടു പോകുന്നുവെന്ന തോന്നലേയില്ല.

ഗൗരി ലങ്കേഷിനെ അവരുടെ പോരാട്ടത്തില്‍ തനിച്ചാക്കി പോരേണ്ടി വന്നുവെന്ന് ഒരു അഭിമുഖത്തില്‍ താങ്കള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ‘ജസ്റ്റ് ആസ്‌കിംഗ്’ ക്യാമ്പെയിനുമായി സഞ്ചരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും വേണ്ടത്ര പിന്തുണ താങ്കള്‍ക്ക് ലഭിക്കുന്നുണ്ടോ?

ഞാന്‍ പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘ജസ്റ്റ് ആസ്‌കിംഗ്’ ഫൗണ്ടേഷനുമായി യോജിച്ച് പ്രവര്‍ത്തിക്കാനും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി ആളുകള്‍ സമീപിക്കുന്നുണ്ട്. വരുന്ന അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ സംഘടന എങ്ങനെയാകും പ്രവര്‍ത്തിക്കുക എന്നറിയാനുള്ള താത്പര്യവും പലരും അറിയിച്ചിട്ടുണ്ട്.

ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധിയല്ല എന്നതാണ് അവരെ ആകര്‍ഷിച്ച പ്രധാന കാര്യം. മാത്രമല്ല, എന്‍റെ സാന്നിദ്ധ്യം അവര്‍ക്ക് ധൈര്യം പകരുന്നുവെന്നും അവര്‍ പറയുന്നു.

‘നിങ്ങളെ പോലുള്ള പ്രമുഖ വ്യക്തികള്‍ നിലവിലെ വ്യവസ്ഥയ്‌ക്കെതിരെ സംസാരിക്കുമെന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നതേയില്ല. പേടിച്ച് മിണ്ടാതിരിക്കുകയായിരുന്നു. എന്നാലിപ്പോള്‍ അത്തരം ഭയം മാറിപ്പോയിട്ടുണ്ട്’ എന്നായിരുന്നു ആളുകളുടെ പ്രതികരണം. #JustAsking ഹാഷ്ടാഗ് സോഷ്യല്‍മീഡിയയില്‍ പ്രചാരം ആര്‍ജിച്ചു വരുന്നുവെന്ന് കാണാന്‍ കഴിയും. മുഖ്യധാരാ മാധ്യമങ്ങളില്‍ ആളുകള്‍ക്ക് വന്ന് സംസാരിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. ആളുകള്‍ എന്ന സമീപിക്കുന്നതില്‍ നിന്നും എനിക്ക് മനസിലാകുന്നത്, ആരെങ്കിലുമൊക്കെ തുറന്ന് പറച്ചില്‍ നടത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്ന് തന്നെയാണ്. എനിക്കതില്‍ വളരെയധികം സന്തോഷമുണ്ട്.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതോടെ തുറന്നു സംസാരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റം വന്നതായി തോന്നിയിട്ടില്ലേ?

ഗൗരി പോയി എന്നതാണ് ഇതില്‍ പ്രധാനം. മറ്റൊരു ഗൗരി കൂടി ഇനി ഇവിടെ ഉണ്ടാവരുത്. അതു കൊണ്ട് അങ്ങേയറ്റം പ്രായോഗികമായി ചിന്തിക്കുകയാണ്. ഗൗരിയെ കൊന്നവരെ നമ്മള്‍ കണ്ടെത്തുമായിരിക്കും. പക്ഷേ, ആരാണ് ഇതിനു പിന്നില്‍. ഭീതിയുടെ ഈ അന്തരീക്ഷം തന്നെ ഉണ്ടാകുന്നത് ആരാണ്?

gauri lankesh, journalist, killed in home,
ഗൌരി ലങ്കേഷ്

ഗൗരിയുടെ ദുര്യോഗം മറ്റൊരാള്‍ക്ക് ഇനി ഉണ്ടാവില്ലായിരിക്കാം. കാരണം ഇക്കാര്യത്തെക്കുറിച്ച് എല്ലാവരും ഇപ്പോള്‍ ബോധവാന്‍മാരാണ്. അല്ലാവരും വായ തുറന്ന് സംസാരിക്കുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ പുതിയ തലമുറ, അവരുടെ പ്രതിരോധത്തില്‍ കുറച്ചു കൂടി ശക്തരാണ് എന്ന് പറയേണ്ടി വരും. അവര്‍ക്ക് ഒരു ശബ്ദം ആവശ്യമായിരുന്നു. അതാണ്‌ അവര്‍ എന്നില്‍ കാണുന്നത്. അത് കൊണ്ടാണ് അവര്‍ എന്നോടൊപ്പം നില്‍ക്കുന്നത്.

കര്‍ണാടക തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്? ദേശീയ രാഷ്ട്രീയത്തില്‍ ഈ തെരഞ്ഞെടുപ്പ് എങ്ങനെയാവും ബാധിക്കുക?

ദേശീയ രാഷ്ട്രീയത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കര്‍ണാടക തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും നല്‍കുന്ന എല്ലാത്തരം വ്യാജ വാഗ്ദാനങ്ങളുടേയും ജനഹിത പരിശോധനയാണ് കര്‍ണാടകയില്‍ നടക്കാന്‍ പോകുന്നത്.

രാജ്യം കടന്നു പോകുന്ന അസംതൃപ്തിയുടെ, അശാന്തിയുടെ നേര്‍ക്കുള്ള ജനങ്ങളുടെ ഉത്തരമാകും ഈ തിരഞ്ഞെടുപ്പിന്‍റെ ഫലം പറയാന്‍ പോകുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാന മന്ത്രിയായ നരേന്ദ്ര മോദി സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ 99 സീറ്റുകളിലേക്ക് ചുരുങ്ങിയ അവസ്ഥയാണിപ്പോള്‍. യുപി എങ്ങനെയാണ് അവര്‍ക്ക് നഷ്ടമായത്? അങ്ങനെ ചോദിച്ചാല്‍ അവര്‍ ത്രിപുരയെ കുറിച്ച് പറയാന്‍ തുടങ്ങുമായിരിക്കും. ത്രിപുരയില്‍ സ്ഥിതി വ്യത്യസ്തമാണ്. കാല്‍നൂറ്റാണ്ടോളമായി അധികാരത്തില്‍ തുടരുകയായിരുന്നു അവിടത്തെ പ്രവര്‍ത്തന വിജയം കാണാത്ത സര്‍ക്കാര്‍. രണ്ടിലൊന്ന്‌ ഗത്യന്ത്രമായി അവിടെ ഉണ്ടായിരുന്നത് ബി ജെ പി മാത്രമാണ്.

മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയതല്ല. തമിഴ്‌നാട്ടില്‍, തെലങ്കാനയില്‍, ആന്ധ്രയില്‍, എല്ലാം ബിജെപിയുടെ വ്യാജവാഗ്ദാനങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് രാജ്യം മുഴുവനും കര്‍ണാടകയിലേക്ക് ഉറ്റു നോക്കുന്നത്. ഒരു ബി ജെ പി വിരുദ്ധ തരംഗം അവിടെ ഉണ്ടാകുമോ എന്ന്.

ഇംഗ്ലീഷില്‍ വായിക്കാം: Prakash Raj interview: Karnataka elections a referendum on promises made by BJP, PM Modi

താങ്കളുടെ സുഹൃത്തായ ഗൗരി ലങ്കേഷ് ഈ തിരഞ്ഞെടുപ്പില്‍ ഒരു നിര്‍ണ്ണായക ഖടകമാകുമോ? അങ്ങനെ ആവേണ്ടതുണ്ട്‌ എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

കര്‍ണാടക തിരഞ്ഞെടുപ്പിനെ നിര്‍ണയിക്കേണ്ടുന്നവളാണോ ഗൗരിയെന്നത് ഓരോരുത്തരുടെയും മനഃസാക്ഷി തീരുമാനിക്കേണ്ടതാണ്. തിരിച്ചു കിട്ടാനാകാത്ത വിധം ഗൗരിയെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതൊരു വലിയ നഷ്ടം തന്നെയാണ്. അവരുടെ നാടായ കര്‍ണാടകയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും, എന്നെ പോലെ അനേകം പ്രതിരോധ ശബ്ദങ്ങള്‍ ഉയരാന്‍ കാരണം ഗൗരിയുടെ കൊല്ലപ്പെടല്‍ ആണ്. ഉയര്‍ന്നു കേള്‍ക്കുന്ന ആ ശബ്ദങ്ങളിലൂടെ ഗൗരി ജീവിക്കുക തന്നെയാണ്. ഈ തെരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് ഒരു നിര്‍ണ്ണായക ഖടകമാകും അല്ലെങ്കില്‍ ആണ്.

Prakash Raj with Gauri Lankesh's mother
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട വേളയില്‍ അവരുടെ അമ്മയെ ആശ്വസിപ്പിക്കുന്ന പ്രകാശ് രാജ്

കഴിഞ്ഞ ചില വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയ്ക്ക് ഇന്ത്യയുടെ ശബ്ദം നഷ്ടപ്പെട്ടോ? അത് നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ?

ഭയമല്ല ഉണ്ടാക്കുന്നത്. അത് എന്നെ ദേഷ്യം പിടിപ്പിക്കുകയാണ്, പൊരുതുന്നതിന് പ്രേരിപ്പിക്കുകയാണ്. ഒരു തരത്തില്‍ നോക്കിയാല്‍ ഇങ്ങനെ വരുന്നത് നല്ലതാണ്. ജനങ്ങളെ ഉണര്‍ത്താന്‍ അത് സഹായിക്കും. ലോകത്തെവിടെ ഇത്തരം സ്ഥിതി സംജാതമായാലും കലാകാരന്‍മാര്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യാറുണ്ട്. കവികളാകാം,എഴുത്തുകാരാവാം, ശില്‍പ്പികളാവാം, സംവിധായകരോ അഭിനേതാക്കളോ ആവാം. സമൂഹത്തിന്‍റെ തിന്മകള്‍ക്കെതിരെ കല എന്നും പ്രതിരോധമായിട്ടുണ്ട്. ഒരു കലാകാരനായ ഞാനും അങ്ങനെയാവണം എന്ന് ഞാന്‍ കരുതുന്നു.

നിങ്ങളുടെ ശബ്ദം കുറേക്കൂടി ഉയര്‍ന്നു കേള്‍ക്കണമെങ്കില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരണം എന്നു തോന്നുന്നുണ്ടോ?

ഞാന്‍ അതേ കുറിച്ച് ചിന്തിച്ചിരുന്നു. പക്ഷേ ഞാനതില്‍ വിശ്വസിക്കുന്നില്ല.

ജനങ്ങളുടെ ശബ്ദമായി മാറുകയാണ് വേണ്ടതെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്കിടയിലാണ് എനിക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാനുള്ളത്.

കൂടുതല്‍ ജനങ്ങളെ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിക്കുന്ന പ്രേരകശക്തിയായി ഞാന്‍ മാറേണ്ടതുണ്ട്. അതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

Prakash Raj at Chikmangalur
ചിക്മമഗ്ന്ഗ്ലൂരില്‍ സംസാരിക്കുന്ന പ്രകാശ് രാജ്

തുറന്ന് സംസാരിക്കാന്‍ ആരംഭിച്ചതിന് ശേഷം ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ പാര്‍ട്ടിയില്‍ ചേരുന്നതിനായി താങ്കളെ സമീപിച്ചിരുന്നുവോ?

അതീ രാജ്യത്ത് സ്ഥിരമായി നടക്കുന്നതല്ലേ. പാര്‍ട്ടിയില്‍ ചേരാന്‍ എന്നെ സമീപിക്കാത്ത ഒരു കൂട്ടരുടെ പേര്‍ മാത്രമേ എനിക്ക് വെളിപ്പെടുത്താന്‍ സാധിക്കൂ. അത് ബി ജെ പി ആണ്. അവര്‍ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എന്നെ സമീപിച്ചിരുന്നു.

പരസ്യമായി അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ തുടങ്ങിയതോടെ ബോളിവുഡില്‍ നിന്നും വരുന്ന അവസരങ്ങള്‍ കുറഞ്ഞുവെന്ന് പറഞ്ഞിരുന്നു. അത് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ?

അത്തരത്തിലുള്ള പ്രചരണം തികച്ചും തെറ്റാണ്. ബോളിവുഡില്‍ നിന്നും ഇപ്പോള്‍ എന്തെങ്കിലും ഓഫറുകളുണ്ടോ എന്നായിരുന്നു ആ ചോദ്യം. ഇല്ല എന്ന് ഞാന്‍ മറുപടി നല്‍കി. അതൊരിക്കലും ബോളിവുഡിന് എതിരല്ല. ഉത്തരേന്ത്യയിലെ ബി ജെ പി ക്കാര്‍ക്കും സംഘ പരിവാറിനും വിവേകമില്ല എന്ന് ഞാന്‍ പറയാതെ തന്നെ മനസ്സിലാകുമല്ലോ. എവിടെ മുറിവേറ്റാലാണ് എതിരാളിക്ക് ഏറ്റവും കൂടുതല്‍ വേദനിക്കുക എന്നവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം. ‘പത്മാവത്’ പോലുള്ള സിനിമകളോട് അവര്‍ ചെയ്തത് അതാണ്‌. എന്നോടും അത് തന്നെയാണ് അവര്‍ ചെയ്യുന്നത്.

നേരിട്ട് ആരെയും വിളിച്ച് എനിക്ക് അവസരങ്ങള്‍ നല്‍കരുത് എന്ന് അവര്‍ പറയുമെന്നല്ല. മറിച്ച് ഭീതിയുടെയും അനിശ്ചിതത്വത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കുകയാവും ചെയ്യുകയെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

സിനിമയില്‍ മുതല്‍ മുടക്കുന്നവര്‍ അത്തരം സാഹചര്യങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദം എനിക്ക് മനസിലാകും.

മംഗളൂരു-ഉടുപ്പി പര്യടനത്തിനിടയിലെ ഒരു പൊതു വേദിയില്‍ സംസാരിക്കുന്ന പ്രകാശ് രാജ്

രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ഇത്തരം തിരിച്ചടികള്‍ ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?

ഇല്ല, തെക്കേയിന്ത്യയിലേക്ക് അവര്‍ക്ക് കടന്നു വരാനാവില്ല.

നിങ്ങള്‍ക്ക് ലഭിച്ച ഏക തിരിച്ചടി ഇതായിരുന്നോ?

ഞാന്‍ പറയാന്‍ ആഗ്രഹിക്കാത്ത നിരവധി സംഭവങ്ങള്‍ ഉണ്ട്. കരഞ്ഞു ബഹളം വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ ജീവിതത്തില്‍ എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. അതു കൊണ്ട് തന്നെ അതൊന്നും എന്നെ ബാധിക്കില്ല. ഇതൊക്കെ സംഭവിക്കുമെന്ന് മുന്‍കൂട്ടിക്കണ്ടിട്ടുതന്നെയാണ് ഞാന്‍ ഈ വഴി തിരഞ്ഞെടുത്തത്. ഇതൊന്നും എന്നെ അതിശയിപ്പിക്കുന്നില്ല. പോരാട്ടത്തിന് ഞാന്‍ തയ്യാറാണ്.

കര്‍ണാടകയിലുടനീളം യാത്ര ചെയ്യുന്നു, ജനങ്ങളെ കാണുന്നു. ഈ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ ക്യാമ്പെയിന്‍ നിര്‍ണായക പങ്ക് വഹിച്ചേക്കുമോ?

മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് ഈ ക്യാമ്പെയിനിന് ഒരു പങ്കുണ്ട് എന്ന് തന്നെയാണ്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും അകമഴിഞ്ഞ പിന്തുണയാണ് എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യമെന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. . ഒരു പൗരനെന്ന നിലയില്‍ രാജ്യത്തോടുള്ള എന്‍റെ കടമ ഞാന്‍ നിറവേറ്റിയിട്ടുണ്ട്.

‘ജസ്റ്റ് ആസ്‌കിംഗ്’ ക്യാമ്പെയിന്‍ കര്‍ണാടകയില്‍ മാത്രമായി ചുരുങ്ങുമോ?

ഞാന്‍ രാജ്യത്തിന്‍റെ ശബ്ദമാണ്. ഭാവിയില്‍ ഇത് വളരുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.

കര്‍ണാടകയിലെ വോട്ടര്‍മാരോട് എന്താണ് പറയാനുള്ളത്?

നിങ്ങളുടെ വോട്ട് കൊണ്ട് കാര്യമില്ലെന്ന്, അതിന് പ്രാധാന്യമില്ലെന്ന് വിചാരിക്കരുത്. നിങ്ങളുടെ ജീവിതത്തെ അനുനിമിഷം ബാധിക്കാന്‍ സാധ്യതയുള്ള നയങ്ങള്‍ കൈക്കൊള്ളുന്ന നേതാക്കളെയാണ് നിങ്ങള്‍ തിരഞ്ഞെടുക്കാന്‍ പോകുന്നത്. അതുകൊണ്ട് വോട്ട് ചെയ്യാന്‍ ആദ്യം പഠിക്കുക. അങ്ങനെ നിങ്ങള്‍ സ്വാഭാവികമായി രാഷ്ട്രീയത്തിലേക്ക് കടക്കും. രാഷ്ട്രീയബോധ്യമുള്ളവരാകുകയെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്.

കഴിഞ്ഞ കാലങ്ങളിലെ സര്‍ക്കാരുകളുടെ പരാജയങ്ങള്‍ക്കും നമ്മള്‍ ഉത്തരവാദികളാണ്. പണത്തിന് വേണ്ടിയും മതത്തിന് വേണ്ടിയും , നമ്മുടെ പരിചയക്കാര്‍ക്ക് വേണ്ടിയുമാണ് ഇത്രകാലം നമ്മള്‍ വോട്ട് ചെയ്തിരുന്നത്. ചിലപ്പോഴൊക്കെ വോട്ടെടുപ്പില്‍ നിന്ന് തന്നെ ഒഴിഞ്ഞു നിന്നു. ഇത്തവണ രാജ്യത്തെ കുറിച്ച് ചിന്തിക്കണം.

രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനെ കുറിച്ചും, പലവിധ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന, ഒരുമിപ്പിക്കുന്ന, ഇന്ത്യയെന്ന സങ്കല്‍പ്പത്തെക്കുറിച്ചും ചിന്തിക്കുക. തിരഞ്ഞെടുപ്പിന് ശേഷവും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുക.

Prakash Raj during a media interaction in Bangalore
ബംഗലൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന പ്രകാശ് രാജ്

ഈ തിരഞ്ഞെടുപ്പിന് ശേഷവും #ജസ്റ്റ് ആസ്‌കിംഗ് ക്യാമ്പെയിനെ താങ്കള്‍ തനിച്ചാകുമോ നയിക്കുക? അതോ സംഘടനാ രൂപത്തിലേക്ക് ക്യാമ്പെയിന്‍ മാറുമോ?

ഇപ്പോള്‍ തന്നെ ഇതൊരു സംഘടനയാണ്. ജൂണ്‍-ജൂലൈക്ക് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനായി ഞങ്ങള്‍ ഇപ്പോള്‍ തന്നെ ജില്ലാതല സംഘങ്ങള്‍ രൂപീകരിച്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഞങ്ങള്‍ ഇവിടെതന്നെയുണ്ടാകും. അടുത്ത അഞ്ച് വര്‍ഷം കര്‍ണാടകയില്‍ തലങ്ങും വിലങ്ങും ഞങ്ങള്‍ സഞ്ചരിക്കും. കോളെജുകളില്‍ കുട്ടികളോട് സംവദിക്കും, സാഹിത്യോത്സവങ്ങളും നാടക പരിശീലനക്കളരികളും സംഘടിപ്പിക്കും. അവകാശങ്ങള്‍ക്ക് വേണ്ടി എങ്ങനെ നിലകൊള്ളണമെന്ന് ബോധവല്‍ക്കരിക്കും.

ഇതും കര്‍ണാടകയില്‍ മാത്രമായി ഒതുങ്ങുമോ?

ഒരിക്കലുമില്ല. ഇതില്‍ നിന്നും ആര്‍ക്കും പ്രചോദനം ഉള്‍ക്കൊള്ളാം. രാഷ്ട്രീയപ്പാര്‍ട്ടികളോട് ചേരാതെ ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമാനമായ അത്തരം സംഘങ്ങളോട് ചേര്‍ന്ന് ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകും.

#ജസ്റ്റ് ആസ്‌കിംഗ് ക്യാമ്പെയിനും അഭിനയവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുമോ?

സ്വാഭാവികമായും സിനിമയ്ക്കായുള്ള സമയം എനിക്ക് കുറയ്‌ക്കേണ്ടി വരും.

ആയുഷ്‌കാലം മുഴുവന്‍ അഭിനേതാവായി ജീവിക്കണമെന്ന വാശിയെനിക്കില്ല. ഇത് ഞാന്‍ എനിക്കായി ജീവിക്കുന്ന ജീവിതമാണ്.

വര്‍ഷത്തില്‍ 365 ദിവസവും ഷൂട്ടിംഗിനായി നീക്കിവയ്ക്കുന്നത് ഇരുന്നൂറായി ചുരുക്കും. അത് കൊണ്ട് ഒന്നും സംഭവിക്കില്ല.

ചുറ്റുപാടുകളിലെ സംഭവ വികാസങ്ങള്‍ നിശബ്ദനായി വീക്ഷിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു മുന്‍പ്. എന്നാലിപ്പോള്‍ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ ആരംഭിച്ച ശേഷം എന്ത് തോന്നുന്നു?

ഞാന്‍ സ്വതന്ത്രനായി. ജീവിതത്തിന് പുതിയ അര്‍ത്ഥം കൈവന്നു. എനിക്കൊരു ലക്ഷ്യമുണ്ടെന്ന് തോന്നി. ഞാന്‍ വളരെയധികം ഊര്‍ജ്ജസ്വലനായി.

‘ഞാന്‍ ഒരു നല്ല നടനാണ് അത് കൊണ്ട് നിങ്ങള്‍ അഭിനയിക്കുമ്പോള്‍ എനിക്കത് മനസിലാകും ‘ എന്ന് കഴിഞ്ഞ വര്‍ഷം താങ്കള്‍ പൊതു പരിപാടിയില്‍ പറഞ്ഞ വാക്കുകള്‍ വലിയ അനുരണനങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതൊരു നിര്‍ണ്ണായക സന്ധിയായിരുന്നോ?

വാക്കുകള്‍ ഞാന്‍ പറഞ്ഞ നിമിഷം മുതല്‍ ട്വിറ്ററിലെ എന്‍റെ ഫോളോവേഴ്‌സിന്‍റെ എണ്ണം വര്‍ധിച്ചതും ആളുകള്‍ എന്നോട് പ്രകടിപ്പിച്ച സ്‌നേഹവും എനിക്കോര്‍മ്മയുണ്ട്. എതിരെ തിരിഞ്ഞവരെയും അവിടെ കണ്ടിരുന്നു. ഞാന്‍ നടത്തുന്ന യുദ്ധത്തിന്‍റെ തുടക്കമായിരുന്നു അതെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു.

പരിഭാഷ: റീനു മാത്യു

ചിത്രങ്ങള്‍: ട്വിറ്റർ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka assembly elections 2018 prakash raj interview narendra modi gauri lankesh bjp congress rss