റായ്ചൂർ (കർണാടക): കർണാടകയിൽ ബിജെപി അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയസൂര്യനായി ഉദിച്ചുയരുമെന്ന് റായ്ചൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മോദി പറഞ്ഞു. കർണാടക നിയമസഭയിൽ തൂക്കുമന്ത്രിസഭ വരുമെന്ന് എസി റൂമിലിരുന്ന് പറയുന്ന നിരവധി പേരുണ്ട്. അവരോട് എനിക്ക് പറയാനുളളത് ഇതാണ്, റായ്ചൂരിൽ വരിക, ഇവിടെയുളള പ്രവർത്തകരുടെ വികാരം നേരിട്ട് അനുഭവിച്ചറിയുക- മോദി പറഞ്ഞു.

കർണാടകയിലെ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചുളള വിധിയെഴുതും. ഒരു വശത്ത് വികസന അജണ്ടകളുമായി ബിജെപിയും മറുവശത്ത് വികസനവിരോധികളായ കോൺഗ്രസുമാണുളളതെന്ന് മോദി പറഞ്ഞു. സിദ്ധരാമയ്യ സർക്കാരിനെയും മോദി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കായി സർക്കാർ ചെയ്തത് എന്തൊക്കെയാണെന്ന് വ്യക്തമാക്കണം. അത് പറയാതെ എന്നെ അധിക്ഷേപിക്കാനാണ് കോൺഗ്രസ് തിരക്ക് കൂട്ടുന്നതെന്ന് മോദി വിമർശിച്ചു.

കൊളളയടിച്ച് ശീലമുളളവരാണ് കോൺഗ്രസെന്നും മോദി കുറ്റപ്പെടുത്തി. ജൻധൻ, ആധാർ എന്നിവയിലൂടെ പണം ചോരുന്നത് എന്റെ സർക്കാർ തടഞ്ഞു. ഇതിൽ കോൺഗ്രസിന് എന്നോട് ദേഷ്യമുണ്ടെന്നതിൽ അദ്ഭുതപ്പെടാനില്ല. എന്നെ അധിക്ഷേപിക്കുന്നതും ഇതുകാരണമാണ്. കർണാടകയിൽ ബിജെപി അധികാരത്തിൽ വന്നാൽ പാവങ്ങളെ കൊളളയടിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് അറിയാമെന്നും അതവരെ അസ്വസ്ഥമാക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook