/indian-express-malayalam/media/media_files/uploads/2018/05/Manmohan-Singh-addresses-the-media-at-Karnataka-Congress-headquarters-in-Bengaluru-on-Monday.jpg)
ബെംഗളൂരു: നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബെംഗളുരൂവിൽ എത്തിയ മുൻ പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
തെറ്റ് തിരുത്തുന്നതിന് പകരം ഗൂഢാലോചന സിദ്ധാന്തം ചമയ്ക്കലാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ വളർച്ചാനിരക്ക് മോദി സർക്കാരിന്റെ സാമ്പത്തിക ദുർഭരണത്തിന്റെ തെളിവാണ്. യുപിഎ കാലത്തേക്കാൾ കുറവാണ് ഇപ്പോഴത്തെ വളർച്ചാ നിരക്ക്. ഇന്ന് ബാങ്ക് വായ്‌പ കൊടുക്കുകയോ സ്വകാര്യ ഇടപാടുകളിൽ പുതിയ നിക്ഷേപങ്ങൾ ഉണ്ടാവുകയോ ചെയ്യുന്നില്ല. ഇതിൽ മോദി സർക്കാരിന്റെ പിടിപ്പുകേടാണ് തെളിയുന്നത് മൻമോഹൻ പറഞ്ഞു.
മോദി സർക്കാരിന്റെ കെടുകാര്യസ്ഥത നിറഞ്ഞ സാമ്പത്തിക നയങ്ങൾ കാരണം ജനങ്ങൾക്ക് ബാങ്കിങ് മേഖലയിലുളള വിശ്വാസം നഷ്ടമാവുകയാണ്. തെറ്റുതിരുത്തൽ നയങ്ങൾ സ്വീകരിക്കുന്നതിന് പകരം ഗൂഢാലോചന സിദ്ധാന്തങ്ങൾ ചമയ്ക്കുകയും ഒഴിവുകഴിവ് പറയുകയും ചെയ്യുകയാണ് കേന്ദ്ര സർക്കാരെന്നും മൻമോഹൻ കുറ്റപ്പെടുത്തി.
അധിക നികുതി ചുമത്തി ജനങ്ങളെ ശിക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് മൻമോഹൻ സിങ് പറഞ്ഞു. പെട്രോൾ ഉൽപ്പന്നങ്ങളുടെ വില വർധനവിനെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിച്ചായിരുന്നു മുൻ പ്രധാനമന്ത്രിയുടെ ഈ പരാമർശം. ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് പെട്രോൾ, ഡീസൽ നിരക്കുകൾ. ക്രൂഡോയിലിന്റെ രാജ്യാന്തര വില കുറഞ്ഞിരിക്കുമ്പോൾ അതിന്റെ ഗുണഫലം ജനങ്ങൾക്ക് നൽകുന്നതിന് പകരം അധിക എക്സൈസ് നികുതി ചുമത്തി ജനങ്ങളെ ശിക്ഷിക്കാനാണ് മോദി സർക്കാർ തീരുമാനിച്ചത്- അദ്ദേഹം പറഞ്ഞു.
കർഷകർ അതിഭീകരമായ പ്രതിസന്ധി നേരിടുകയാണ്. നമ്മുടെ യുവതലമുറയ്ക്ക് മുന്നിൽ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ല. സാമ്പത്തിക രംഗം അതിന്റെ കരുത്തിന് താഴേയ്ക്കാണ് വളരുന്നത്. ഇതെല്ലാം ഒഴിവാക്കാമായിരുന്ന പ്രതിസന്ധികളാണെന്നതാണ് നിർഭാഗ്യകരമായ സത്യം.
നോട്ട് നിരോധനവും ജിഎസ്‌ടിയും ചെറുകിട, ഇടത്തരം രംഗങ്ങളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കി. യഥാർത്ഥ നേതാവ് അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. അല്ലാതെ അവ നശിപ്പിക്കുകയല്ല- മൻമോഹൻ പറഞ്ഞു..
നീരവ് മോദിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് ഉത്തരവാദി മോദി സർക്കാരാണ്. പ്രധാനമന്ത്രി മോദി ദാവോസിൽ നീരവ് മോദിക്ക് ഒപ്പം ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ നീരവ് മോദി രാജ്യം വിട്ടു പോയി. ഇതാണ് മോദി സർക്കാരിന്റെ അത്ഭുതലോകത്തെ അവസ്ഥയെന്ന് മൻമോഹൻ പരിഹസിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.