ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അനുകരിച്ച് അമിത് ഷാ. കർണാടകയിലെ ബിഡാറിൽ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിനെ അനുകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ സംസാരിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമിത് ഷായും രാഹുൽ ഗാന്ധിയും ഇപ്പോൾ കർണാടകയിലുണ്ട്.

മോദിജി കഴിഞ്ഞ 4 വർഷത്തിനിടയിൽ താങ്കൾ എന്തൊക്കെയാണ് ചെയ്തതെന്ന് ഞങ്ങളോട് പറയണം എന്ന് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് റാലികളിൽ ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ ഈ വാക്കുകളാണ് അമിത് ഷാ അനുകരിച്ചത്. അമിത് ഷായുടെ അനുകരണം കണ്ട് ബിജെപി അണികൾ ചിരിക്കുകയും ചെയ്തു.

4 വർഷം കൊണ്ട് മോദിജി ചെയ്തത് എന്താണെന്നാണ് രാഹുൽ ബാബ ചോദിക്കുന്നത്. എന്നാൽ കോൺഗ്രസ്സിന്റെ 4 തലമുറകൾ ഭരിച്ചപ്പോൾ എന്താണ് ചെയ്തതെന്ന് അറിയാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

കർണാടകയിൽ നിലവിൽ കോൺഗ്രസ്സാണ് ഭരിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ അധികാരത്തിൽനിന്നും ഇറക്കി ഭരണം കൈയ്യടക്കാനാണ് ബിജെപിയുടെ ശ്രമം. നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളെ ഉയർത്തിക്കാട്ടിയാണ് ബിജെപി വോട്ട് പിടിക്കാൻ ശ്രമം നടത്തുന്നത്.

അതേസമയം, രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് റാലികളിൽ മോദിയെ കടന്നാക്രമിക്കുകയാണ്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് കോടികൾ തട്ടിയെടുത്ത് രാജ്യംവിട്ട നീരവ് മോദിയാണ് നരേന്ദ്ര മോദിയെ ആക്രമിക്കാനുളള രാഹുലിന്റെ പ്രധാന ആയുധം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook