ബെംഗളുരു: കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കർണ്ണാടകത്തിൽ കോൺഗ്രസ് ബിജെപി തർക്കം മുറുകുന്നു. മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ വോട്ടർമാരെ പണം നൽകി സ്വീകരിച്ചെന്ന പരാതി നൽകിയ ബിജെപിക്കെതിരെ കോൺഗ്രസും പരാതിയുമായി രംഗത്ത്.

മരിച്ച ആർഎസ്എസ് പ്രവർത്തകന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നൽകിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് എതിരെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. മൈസുരുവിൽ നടന്ന സംഭവത്തെ കുറിച്ചാണ് പരാതി. മൈസുരുവിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് അമിത് ഷാ ശ്രമിച്ചതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ബിജെപി കർണ്ണാടക തലവൻ ബിഎസ് യെദിയൂരപ്പ, ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി അനന്ത് കുമാർ എന്നിവർക്കെതിരായാണ് കോൺഗ്രസിന്റെ പരാതി.

നേരത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ആരതി ഉഴിഞ്ഞ രണ്ട് സ്ത്രീകൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ 2000 രൂപ വീതം കൈമാറുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ സംഭവത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണിതെന്നാണ് ബിജെപി വാദിച്ചത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ബിജെപി ആരോപിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ