scorecardresearch

ആകാംക്ഷയിൽ കോൺഗ്രസും ബിജെപിയും, കർണാടകയിൽ നാളെ വോട്ടെണ്ണൽ

കേവല ഭൂരിപക്ഷത്തിന് 113 സീറ്റാണ് വേണ്ടത്.

Karnataka, election, ie malayalam
ഫയൽ ചിത്രം

ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് (73.19%) ഇത്തവണ രേഖപ്പെടുത്തിയത്. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ കോൺഗ്രസിനാണ് മുൻതൂക്കം. കോൺഗ്രസിന് ഇതേറെ ആവേശം പകരുന്നുണ്ട്. 110 – 120 സീറ്റ് ഉറപ്പായും ലഭിക്കുമെന്നും ഇത് 130നു മുകളിലെത്തിയേക്കാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നുണ്ട്.

കേവല ഭൂരിപക്ഷത്തിന് 113 സീറ്റാണ് വേണ്ടത്. ഇത് ലഭിച്ചാൽ എംഎൽഎമാരോട് നാളെത്തന്നെ ബെംഗളൂരുവിലെത്താൻ കോൺഗ്രസ് ആവശ്യപ്പെടും. എംഎൽഎമാരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ ഇവരിൽ ആരെങ്കിലുമാകും മുഖ്യമന്ത്രിയാകുക.

അതേസമയം, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റുമെന്നാണ് ബിജെപി പറയുന്നത്. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താനുള്ള സീറ്റുകൾ ബിജെപി പാർട്ടിക്ക് കിട്ടുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അവകാശപ്പെട്ടു. ”ഓരോ എക്സിറ്റ് പോളുകളും വ്യത്യസ്ത കണക്കുകളാണ് കാണിക്കുന്നത്. പക്ഷേ, സമ്പൂർണ്ണ ഗ്രൗണ്ട് റിപ്പോർട്ട് ബിജെപിക്ക് കേവല ഭൂരിപക്ഷം നൽകുന്നതാണ്. എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം ശരിയാകണമെന്നില്ല. കൃത്യമായ ഫലങ്ങൾക്കായ് മേയ് 13 വരെ കാത്തിരിക്കാം,” ബൊമ്മെ പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്തെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 2018 തിരഞ്ഞെടുപ്പിന് സമാനമായി ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം മറികടക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വട്ടവും ജെഡിഎസ് സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായക പങ്കുവഹിക്കും.

പത്ത് എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്ത് വന്നത്. ഇതിൽ അഞ്ചും കർണാടകയിൽ തൂക്ക് നിയമസഭയാകുമെന്നാണ് പ്രവചിച്ചത്. നാലെണ്ണം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു. ഒരു എക്സിറ്റ് പോൾ സർവേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു. ന്യൂസ് നേഷൻ സർവേ മാത്രമാണ് ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് പറഞ്ഞത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka assembly election most pollsters give edge to congress in close contest with bjp