ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുന്നത്. മേയ് 10-നാണ് വോട്ടെടുപ്പ്, 13-ന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അതേസമയം, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തിലും വയനാട് ഉപതിരഞ്ഞെടുപ്പില്ല.
5.21 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 2.59 കോടി വനിത വോട്ടര്‍മാരും 2.62 കോടി പുരുഷ വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെടുന്നു. 9.17 ലക്ഷം പുതിയ വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 80 വയസിന് മുകളിലുള്ളവര്‍ക്കും ശാരീരിക പരിമിതിയുള്ളവര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനിറങ്ങുക. 2018-ലെ തിരഞ്ഞെടുപ്പില്‍ 104 സീറ്റുകളാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷം ഒറ്റക്ക് മറികടക്കാന്‍ ബിജെപിക്കായിരുന്നില്ല. 224 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്, 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
കോണ്‍ഗ്രസാണ് സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി, 2018-ലെ തിരഞ്ഞെടുപ്പില്‍ 78 സീറ്റുകളിലായിരുന്നു വിജയം. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലും വിജയിക്കാനായി. 37 സീറ്റുകളുള്ള ജനതാദളിനെ (എസ്) കൂട്ടുപിടിച്ചാണ് ആദ്യം കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.
എന്നാല്‍ സഖ്യം 2020 ജൂണില്‍ തകര്‍ന്നു. ഇതോടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. 2024-ല്‍ ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ തുടര്‍ച്ചയായി തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് കര്‍ണാടക തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.