ഏപ്രിലില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കു കര്‍ണാടക നീങ്ങുമ്പോള്‍, ഭരണകക്ഷിയായ ബി ജെ പിയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും ശക്തമായ പോരാട്ടത്തിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്.
224 അംഗ സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ താരതമ്യേന മെച്ചപ്പെട്ടതായി തോന്നുമെങ്കിലും കേവല ഭൂരിപക്ഷ സംഖ്യയായ 113 സീറ്റിലേക്ക് എത്തുകയെന്നത് ഇരു പ്രധാന കക്ഷികള്‍ക്കും കടുത്ത വെല്ലുവിളിയാണെന്നാണ് അവരുടെ ആഭ്യന്തര സര്‍വേകള്‍ വ്യക്തമാക്കുന്നത്. അതേസമയം, തൂക്കുസഭയായിരിക്കാമെന്ന സൂചന ശക്തമാകുന്നതിനിടെ, 2018 ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പകളിലേതു പോലെ ‘കിങ്് മേക്കര്‍’ റോളിലേക്ക് എത്താനുള്ള ശ്രമത്തിലാണു ജെ ഡി (എസ്).
പാര്‍ട്ടി കേവല ഭൂരിപക്ഷത്തിനു താഴെ, 90-105 സീറ്റുകളില്‍ ഫിനിഷ് ചെയ്യുമെന്നാണു ആഭ്യന്തര സര്‍വേകള്‍ സൂചിപ്പിക്കുന്നതെന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ”2018 ലെ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ പ്രകടനത്തില്‍നിന്ന് ഇത്തവണ ഗണ്യമായ പുരോഗതിയുണ്ടാക്കും. കുറച്ച് എം എല്‍ എമാരുടെ കൂറുമാറ്റത്തിനു മുന്‍പ് ഞങ്ങള്‍ 80 സീറ്റ് നേടിയിരുന്നു. ഞങ്ങളുടെ സര്‍വേ പ്രകാരം, ബെലഗാവി, കല്യാണ കര്‍ണാടക മേഖലകളില്‍ സീറ്റ് നില മെച്ചപ്പെടുത്തും,” ഒരു കോണ്‍ഗ്രസ് എം എല്‍ എ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കല്യാണ കര്‍ണാടക മേഖലയിലെ കലബുറഗി ജില്ലക്കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി അടുത്തിടെ തിരഞ്ഞെടുത്തത്, ഈ മേഖലയില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. അഴിമതി വിഷയത്തില്‍ ബി ജെ പിക്കെതിരായ പ്രചാരണത്തിലൂടെ നേടിയ ഊര്‍ജവും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലൂടെ കടന്നുപോയ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സൃഷ്ടിച്ചതുമായ ആവേശവും നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്.
അതേസമയം, അതൃപ്തിയുള്ള നേതാക്കളുടെ വര്‍ധന, തങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ മുന്‍ മന്ത്രിമാരായ കെ എസ് ഈശ്വരപ്പ, രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ നീരസം പ്രകടിപ്പിച്ചത്, സംസ്ഥാനത്തെ സ്വശേികളും കുടിയേറ്റക്കാരും തമ്മിലുള്ള ഭിന്നത തുടങ്ങിയ വിവിധ ഘടകങ്ങളാല്‍ പാര്‍ട്ടി സ്വന്തം നിലയില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യത മങ്ങിയതായാണു ബി ജെ പി വൃത്തങ്ങള്‍ പറയുന്നത്. മുതിര്‍ന്ന നേതാവ് ബി എസ് യെദിയൂരപ്പയെ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതു ബി ജെ പിയുടെ ലിംഗായത്ത് സമുദായ പിന്തുണാ അടിത്തറയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.
മുന്‍ തിരഞ്ഞെടുപ്പില്‍ 104 സീറ്റ് നേടിയ ബി ജെ പി 70-80 സീറ്റിലേക്കു ചുരുങ്ങുമെന്നാണ് ആഭ്യന്തര സര്‍വേകള്‍ വ്യക്തമാക്കുന്നതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
നിരവധി തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയെ നയിച്ച യെദ്യൂരപ്പയെപ്പോലുള്ള ഒരു പ്രമുഖ മുഖത്തിന്റെ അഭാവം പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചേക്കാം. 2018 ല്‍ ചെയ്തതുപോലെ, പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇടപെട്ട് കാര്യങ്ങള്‍ മാറ്റാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ചില നേതാക്കള്‍ പറഞ്ഞു.
മുഖ്യ എതിരാളികളായ ബി ജെ പിയെയും കോണ്‍ഗ്രസിനെയും വിഭാഗീയതയും ചേരിപ്പോരും ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ചേരിപ്പോര് ശക്തമാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കിടയിലും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
അതേസമയം, വിഘടിത തിരഞ്ഞെടുപ്പ് വിധിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണു മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെയും മകന്‍ എച്ച് ഡി കുമാരസ്വാമിയുടെയും നേതൃത്വത്തിലുള്ള ജെ ഡി (എസ്). തങ്ങളുടെ ശക്തികേന്ദ്രമായ പഴയ മൈസൂരു മേഖലയിലാണു കുറച്ചു മാസങ്ങളായി ജെ ഡി (എസ്) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഖലയില്‍നിന്നു സീറ്റ് നേട്ടം പരമാവധിയാക്കുകയെന്നതാണു പാര്‍ട്ടിയുടെ ലക്ഷ്യം. മേഖല സംബന്ധിച്ച പദ്ധതി കോണ്‍ഗ്രസ് അട്ടിമറിക്കുന്നതിലും ബി ജെ പി കടന്നവരുന്നതിലും ജെ ഡി (എസ്) ജാഗ്രത പുലര്‍ത്തുന്നു.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്തുണ്ടാകും. ഇതു ഏതാനും നഗര പോക്കറ്റുകളില്‍ ബി ജെ പിയുടെയോ കോണ്‍ഗ്രസിന്റെയോ അടിത്തറയില്‍ ചില വിള്ളലുകലുണ്ടാക്കിയേക്കാം.
കളങ്കിത ഖനന മുതലാളിയില്‍നിന്ന രാഷ്ട്രീയക്കാരനായി മാറിയ ജനാര്‍ദന്‍ റെഡ്ഡിയുടെ പുതിയ പാര്‍ട്ടിയായ കല്യാണ രാജ്യ പ്രഗതി പക്ഷ, കല്യാണ കര്‍ണാടകയിലെ ഏതാനും ജില്ലകളിലെ മറ്റു പാര്‍ട്ടികളിലെ ചില സ്ഥാനാര്‍ത്ഥികളുടെ സാധ്യതകളെ ബാധിച്ചേക്കാം. ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള ഏതാനും മണ്ഡലങ്ങളില്‍ എസ് ഡി പി ഐയും സ്വാധീനശക്തിയാകാം.