ബെംഗളൂരു: ജനതാദള്‍ (എസ്) എംഎല്‍എ നാഗനഗൗഡ കണ്ഡകൂറിന്റെ മകന്‍ ശരണഗൗഡയുമായി കൂടിക്കാഴ്ച നടത്തിയെന്നും നാഗനഗൗഡയെ കൂറുമാറ്റി ബിജെപിയില്‍ ചേര്‍ക്കുന്നതിന്റെ സാധ്യതയെ കുറിച്ച് സംസാരിച്ചുവെന്നും സമ്മതിച്ച് കര്‍ണാടക ബിജെപി പ്രസിഡന്റ് ബി.എസ്. യെഡിയൂരപ്പ.

കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയും ശരണഗൗഡയും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ബിജെപിയില്‍ ചേരാന്‍ പത്തു കോടിയും മന്ത്രി സ്ഥാനവുമാണ് യെഡിയൂരപ്പ നാഗനഗൗഡയ്ക്ക് വാഗ്‌ദാനം ചെയ്തത്.

എന്നാല്‍ ശബ്ദ രേഖയില്‍ ഉള്ളത് തന്റെ ശബ്ദമല്ലെന്നും, കുമാരസ്വാമി കെട്ടിച്ചമച്ചതാണെന്നുമായിരുന്നു യെഡിയൂരപ്പ നേരത്തെ പറഞ്ഞത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ഭരണപക്ഷാംഗങ്ങളുമായി വിലപേശല്‍ നടത്തിയെന്ന് തെളിഞ്ഞാല്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞിരുന്നു. എന്നാല്‍ ഞായറാഴ്ച ഹബ്ലിയിലെ തന്റെ ഓഫീസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച യെഡിയൂരപ്പ, ശബ്ദരേഖയിലെ ശബ്ദം തന്റേത് തന്നെയാണെന്ന് സമ്മതിക്കുകയായിരുന്നു.

“ദേവദുര്‍ഗയിലെ ഗസ്റ്റ് ഗൗസില്‍ പുലര്‍ച്ചെ 12.30 ന് ശരണഗൗഡയുമായി കൂടിക്കാഴ്ച നടത്തുകയും ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി. ചാരപ്പണിയ്ക്കായി ശരണഗൗഡയെ എന്റെ പക്കലേക്ക് അയയ്ക്കുക വഴി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി മൂന്നാംകിട രാഷ്ട്രീയമാണ് കളിച്ചത്,” യെഡിയൂരപ്പ പറഞ്ഞു.

എന്നാല്‍ ഇതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ കുമാരസ്വാമി, ശരണഗൗഡ യെഡിയൂരപ്പയുമായുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്ത് തന്നെ അറിയിക്കുകയായിരുന്നുവെന്നും പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ