ബംഗളൂരു: ഭക്ഷണത്തിനും മദ്യത്തിനും സിനിമയ്ക്കും നികുതി ഇളവ് പ്രഖാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് മൂന്നിനങ്ങള്‍ക്കും വിലക്കുറവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മള്‍ട്ടിപ്ലസുകള്‍ ഉള്‍പ്പെടെയുള്ള സിനിമാ തീയേറ്ററുകളില്‍ 200 രൂപയ്ക്കുമുകളില്‍ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്. ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ 500 രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച അമ്മ കാന്റീന്‍ മാതൃകയില്‍ നമ്മ കാന്റീന്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രഭാത ഭക്ഷണം അഞ്ച് രൂപയ്ക്കും ഉച്ചഭക്ഷണവും അത്താഴവും 10 രൂപയ്ക്കുമാകും നന്മ കാന്റീന്‍ വഴി ലഭ്യമാവുക. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തൊട്ടാകെ 198 കേന്ദ്രങ്ങളിലാണ് കാന്റീന്‍ ആരംഭിക്കുക. ഭക്ഷണ വിഭവങ്ങള്‍ വിലക്കുറവില്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നന്മ കാന്റീന്‍ അവതരിപ്പിക്കുന്നത്.

മദ്യത്തിനുള്ള വാറ്റ് എടുത്തുകളയാനുള്ള തീരുമാനവും ബജറ്റിലുണ്ടായി. ഏപ്രില്‍ ഒന്നുമുതലാണ് വാറ്റ് എടുത്തുകളഞ്ഞ തീരുമാനം പ്രാബല്ല്യത്തില്‍ വരിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ