Karnataka Election Results 2018: Congress-JDS Alliance:ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്.യെഡിയൂരപ്പ. കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ നിരസിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് മുക്തമായ കര്‍ണാടകയാണ് ജനം ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസിനെ കര്‍ണാടകയ്ക്ക് വേണ്ടെന്നതിനുള്ള തെളിവാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനേയും യെഡിയൂരപ്പ വിമര്‍ശിച്ചു.
പിന്‍വാതിലിലൂടെ അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് ബിജെപി നേതൃത്വവുമായി ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ണായക രാഷ്ട്രീയ ചരടുവലികളാണ് നടക്കുന്നത്.
കേവല ഭൂരിപക്ഷം നേടുന്നതില്‍ ബിജെപി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പങ്കാളിയാകും. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റുക, മതേതര സര്‍ക്കാര്‍ നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളിലാണ് ജനതാദളും (സെക്യൂലര്‍) കോണ്‍ഗ്രസും ഒന്നിച്ചത്. എച്ച്.ഡി.കുമാരസ്വാമിയാകും മുഖ്യമന്ത്രി.
അതേസമയം, കോണ്‍ഗ്രസും ജെഡിഎസും ഒന്നിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ബിജെപി ക്യാംപ് നിശബ്ദമായി. ഇതോടെ നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നിര്‍ത്തിവച്ചു. മന്ത്രിസ്ഥാനം തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ജനതാദള്‍ സെക്യുലറിന് വിട്ട് നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഘെഹ്ലോട്ട് എന്നിവരും ജനതാദള്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.