ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ അരി മില്‍ കെട്ടിടം തകര്‍ന്ന് വീണ് നാല് തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് മൂന്ന് നില കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. നിരവധി തൊഴിലാളികള്‍ കെട്ടിട്ടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പൊലീസും അഗ്‌നി രക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. രക്ഷാപ്രാവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ട് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ 150 ഓളം തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടത്തിന് ചില അപാകതകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കും. അരി മില്ലുടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കമ്മീഷണര്‍ അനീഷ് യാദവിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി കര്‍ണാല്‍ എസ്പി ശശാങ്ക് കുമാര്‍ പറഞ്ഞു എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകളും ഇവിടെയെത്തും. അപകടത്തില്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.