/indian-express-malayalam/media/media_files/uploads/2021/09/Karnal-farmers-protest-Enquiry.jpg)
ന്യൂഡല്‍ഹി: ഒരു കര്‍ഷകന്‍ മരിക്കാനിടയായ കര്‍ണാല്‍ ലാത്തിച്ചാര്‍ജിനെക്കുറിച്ച് ഹരിയാന സര്‍ക്കാര്‍ അന്വേഷണം ഉറപ്പുനല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍. വിരമിച്ച ജഡ്ജി ചെയര്‍മാനായി അന്വേഷണ സമിതി രൂപീകരിക്കും. സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആയുഷ് സിന്‍ഹയുടെ പങ്ക് സമിതി അന്വേഷിക്കും.
ഓഗസ്ത് 28നു ബസ്താര ടോള്‍ പ്ലാസയിലുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജിനെത്തുടര്‍ന്ന് സുശീല്‍ കാജല്‍ എന്ന കര്‍ഷകനാണ് മരിച്ചത്. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധം തുടരുകയായിരുന്നു കര്‍ഷകര്‍. സംസ്ഥാന സര്‍ക്കാരും കര്‍ഷക യൂണിയന്‍ നേതാക്കളും തമ്മില്‍ ഇന്നു രാവിലെ നടന്ന നാലാം വട്ട ചര്‍ച്ചയിലാണ് പ്രതിസന്ധിക്കു രമ്യമായ പരിഹാരമുണ്ടായത്.
സംഭവത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആയുഷ് സിന്‍ഹ അവധിയില്‍ തുടരുമെന്ന് കര്‍ഷകര്‍ക്കു സര്‍ക്കാര്‍ ഉറപ്പുനല്‍കി. മരിച്ച സുശീല്‍ കാജലിന്റെ രണ്ട് കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കാജലിന്റെ കുടുംബത്തിനു സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ദേവേന്ദര്‍ സിങ്ങാണ്, ഗുര്‍ണാം സിങ് ചധുനിയുടെ നേതൃത്വത്തിലുള്ള കര്‍ഷക യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന്, ഇരു വിഭാഗവും കര്‍ണാലില്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധര്‍ണ അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
''ഐഎഎസ് ഉദ്യോഗസ്ഥന്റെ പങ്ക് വിരമിച്ച ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്ന ഞങ്ങളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു,''ചാധുനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷകര്‍ സഹോദരങ്ങളാണെന്നും ഉന്നയിക്കപ്പെട്ട എല്ലാ ആവശ്യങ്ങളിലും മാന്യവും സൗഹാര്‍ദപരവുമായ പരിഹാരത്തിലെത്തിയെന്നും ഐഎഎസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിങ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.