scorecardresearch
Latest News

കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം ആക്രമിക്കപ്പെട്ടു

കാള്‍ മാര്‍ക്‌സിന്റെ പേര് ആലേഖനം ചെയ്ത ഭാഗത്താണ് ചുറ്റിക അടികള്‍ ആവര്‍ത്തിച്ച് വീണിട്ടുള്ളത്.

Marx

ലണ്ടന്‍: കാള്‍ മാര്‍ക്സിന്റെ ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരം ആക്രമിക്കപ്പെട്ടു. മാര്‍ക്‌സിന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും പേരുകളുള്ള മാര്‍ബിള്‍ ഫലകം ചുറ്റിക കൊണ്ട് തകര്‍ത്ത നിലയിലാണ്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മാര്‍ബിള്‍ ഫലകമാണിത്.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഗ്രേഡ് വണ്‍ സ്മാരകങ്ങളുടെ പട്ടികയിലുള്ള ശവകുടീരമാണ് കാള്‍ മാര്‍ക്‌സിന്റേത്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകളാണ് മാര്‍ക്‌സ് സ്മാരകം സന്ദര്‍ശിക്കാനെത്തുന്നത്.

ജര്‍മ്മന്‍ വിപ്ലവകാരിയും ദാര്‍ശനികനുമായ മാര്‍ക്‌സ് 1849ലാണ് ലണ്ടനിലേക്ക് താമസം മാറിയത്. 1883 മാര്‍ച്ച് 14നാണ് മാര്‍ക്‌സ് മരിക്കുന്നത്. 1954-ല്‍ സ്മാരകത്തില്‍ ശില ചേര്‍ത്ത് പുനഃപ്രതിഷ്ഠിച്ചിരുന്നു. ഇതാണ് ചുറ്റികകൊണ്ട് നശിപ്പിച്ചത്. കാള്‍ മാര്‍ക്‌സിന്റെ പേര് ആലേഖനം ചെയ്ത ഭാഗത്താണ് ചുറ്റിക അടികള്‍ ആവര്‍ത്തിച്ച് വീണിട്ടുള്ളത്.

അറ്റകുറ്റപ്പണികള്‍ നടത്തിയാലും ചരിത്രസ്മാരകം പഴയപോലെ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇതൊരു കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും മെട്രോപോളിറ്റന്‍ പൊലീസ് വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karl marxs tomb vandalised in london