കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ കോപൈലറ്റ് അഖിലേഷ് കുമാറിന്റെ മൃതദേഹം ജന്മനാടായ ഉത്തർപ്രദേശിലെ മഥുരയിൽ സംസ്കരിച്ചു. ദീപക സാഠേയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ മഹാരാഷ്ട്രയിലെ നാഗ്‌പൂരിലേക്ക് കൊണ്ടുപോയി.
Read More: അന്ന് വന്നത് ഹര്‍ഷാരവങ്ങളിലേക്ക്, ഇന്ന് മരണത്തിലേക്കും
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‍മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് അയച്ചത്.

വിമാനം പറത്തുന്നതില്‍ 36 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഏരിയല്‍ ഓപ്പറേറ്റര്‍ ആയിരുന്നു ദീപക്. എന്‍ ഡി എ പഠനം കഴിഞ്ഞു, 58 ആം കോര്‍സ് ഒന്നാമനായി. ഇന്ത്യന്‍ വ്യോമസേനയില്‍ 21 വര്‍ഷം പ്രവര്‍ത്തിച്ചു. Sword of Honour നേടി. 2005 മുതല്‍ എയര്‍ ഇന്ത്യയില്‍ കമേര്‍സ്യല്‍ പൈലറ്റ് ആയി.
ഇന്ത്യന്‍ എയര്‍ഫോര്‍സില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു എയര്‍ ക്രാഷ് അതിജീവിച്ചിരുന്നു ദീപക്. ആറു മാസം ആശുപത്രിയില്‍ തലയില്‍ വിവിധ പരിക്കുകളോടെ കിടന്നു. ഇനിയും വിമാനം പറത്താനാവില്ല എന്ന് കരുതിയ സമയത്ത് നിന്നും ഫ്ലയിംഗിനോടുള്ള ഇഷ്ടവും ഇച്ഛാശക്തിയും കൊണ്ട് പൊരുതി വന്നയാള്‍.
Read More: ഞാന്‍ വീഴുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത്; ദീപക് സാത്തെയെ ഓര്‍ത്ത് കുടുംബം
ഭാര്യയും ഐ ഐ ടി മുംബൈ ബിരുദധാരികളായ രണ്ടു ആണ്‍മക്കളുമുണ്ട് ദീപക്കിന്. നാഗ്പൂരിലെ കേണല്‍ വസന്ത് സാത്തെയുടെ മകന്‍. ദീപകിന്റെ സഹോദരന്‍ ക്യാപ്റ്റന്‍ വികാസ് ജമ്മുവില്‍ ആര്‍മി ജോലിയ്ക്കിടെ ജീവന്‍ ത്യജിച്ചയാളാണ്.
പൂർണ ഗർഭിണിയാണ് അഖിലേഷിന്റെ ഭാര്യ മേഥ. മേധയെയും വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടുന്ന അദ്ദേഹത്തിന്‍റെ അമ്മയെയും അച്ഛനെയും അഖിലേഷിന്റെ മരണ വിവരം ആദ്യം അറിയിച്ചിരുന്നില്ല.
മഹാരാഷ്ട്രയിലെ ഓക്സ്ഫര്‍ഡ് ഏവിയേഷന്‍ അക്കാദമിയില്‍ നിന്നാണ് അഖിലേഷ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട ആദ്യദൗത്യം കോഴിക്കോട് പറന്നിറങ്ങിയപ്പോഴും കോ -പൈലറ്റായി കോക്പിറ്റിലുണ്ടായിരുന്നത് അഖിലേഷ് തന്നെയായിരുന്നു.
വെള്ളിയാഴ്‌ച രാത്രി എട്ടു മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്റെ മുൻഭാഗം വേർപെട്ടു.