scorecardresearch

കരിപ്പൂർ വിമാനാപകടം: വിശദമായ അന്വേഷണം തുടങ്ങിയെന്ന് കേന്ദ്ര മന്ത്രി

വിമാനത്തിന്റെ എഞ്ചിൻ ഓഫാകാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ഇന്ധന ടാങ്ക് തകരാതിരുന്നത് കൂടുതൽ ആള അപായം ഒഴിവാക്കിയെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു

V.Muraleedharan, വി.മുരളീധരൻ, Karipur Plane Crash, കരിപ്പൂർ വിമാനാപകടം, Karipur Airport, കരിപ്പൂർ എയർപോർട്ട്, Air India Express, എയർ ഇന്ത്യ എക്‌സ്‌പ്രസ്, Malappuram, മലപ്പുറം, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവള അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി കേന്ദ്ര മന്ത്രി വി മുരളീധരൻ. വ്യോമയാന മന്ത്രാലയത്തിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും ധനസഹായം നൽകുന്ന കാര്യത്തിലും തുടർ നടപടികൾ സംബന്ധിച്ചും വ്യോമയാന വകുപ്പ് മന്ത്രിയുമായും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതരുമായും കൂടിയാലോചിച്ച് തീരുമാനിക്കും.

Read More: മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ചു

വിമാനത്തിന്റെ പിൻ ഭാഗം അപകടത്തിൽ തകർന്നതിനാൽ ആ ഭാഗത്ത് ഇരുന്നവർക്കാണ് കൂടുതലായും പരുക്കേറ്റത്. വിമാനത്തിന്റെ എഞ്ചിൻ ഓഫാകാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ഇന്ധന ടാങ്ക് തകരാതിരുന്നത് കൂടുതൽ ആള അപായം ഒഴിവാക്കിയെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.

കരിപ്പൂരിൽ വിമാന സർവ്വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ഇപ്പോൾ പറയാനാവില്ല. അപകടത്തിനിടയാക്കിയ കാരണം കണ്ടെത്താൻ എയർ ഇന്ത്യ ചെയർമാൻ ഉൾപ്പെടെയുള്ളവർ എത്തിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ വിശദ പരിശോധനയ്ക്ക് ശേഷമാണ് അനുമതി നൽകിയത്. അനുവാദമില്ലാത്ത റൺ വെയിൽ ഒരു വിമാനവും ഇറങ്ങില്ലെന്നും കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ പാടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടും തന്റെ അറിവിൽ ഇല്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങിയിട്ടുണ്ട്. റൺവേയുടെ നവീകരണ പ്രവൃത്തി നടത്തിയ സമയത്ത് മാത്രമാണ് വിമാന സർവ്വീസ് നിർത്തി വെച്ചതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

അപകട വിവരം അറിഞ്ഞയുടൻ ഡൽഹിയിൽ വ്യോമയാന മന്ത്രാലയം അടിയന്തര യോഗം വിളിച്ചിരുന്നു. മന്ത്രി ഹർദീപ് സിങ് പുരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിജിസിഎ ഡയറക്ടർ ജനറലും, എയർ ഇന്ത്യയുടെ പ്രതിനിധികളും, എയർപോർട്ട് അതോറിറ്റിയും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

വെള്ളിയാഴ്‌ച രാത്രി എട്ടു മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്റെ മുൻഭാഗം വേർപെട്ടു.

കുട്ടികളടക്കം അടക്കം 184 യാത്രക്കാരും രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 7.27 ഓടെ കരിപ്പൂരിലെത്തേണ്ട വിമാനമാണ് അര മണിക്കൂറോളം വൈകി എത്തിയത്.

ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചശേഷം സാധിക്കാത്തതിനാല്‍ തിരികെ പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം തിരികെ രണ്ടാമതും ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ശബ്ദം കേട്ടിരുന്നുവെന്നും ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karipur plane crash detailed investigation started says minister