Kargil Vijay Diwas 26 July 2018: ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. കാർഗിലിൽ ഇന്ത്യൻ സൈന്യം വിജയക്കൊടി പാറിച്ചിട്ട് ഇന്ന് 19-ാം വർഷമാണ്. കാർഗിലിൽ ഇന്ത്യൻ സൈന്യം നേടിയ വിജയത്തിന്റെ ഭാഗമായാണ് രാജ്യം കാർഗിൽ ദിനം ആചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, കരസേനാ മേധാവി ബിപിൻ റാവത്ത് തുടങ്ങിയവർ കാർഗിൽ ദിനത്തിൽ ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു.

1999 മെയ് എട്ടു മുതല്‍ ജൂലൈ 26 വരെയായിരുന്നു കാര്‍ഗില്‍ യുദ്ധം. 1999 മെയ് മാസത്തിലാണ് ഇന്ത്യയുടെ അധീനതയിലുള്ള ടൈഗർ കുന്നുകളിലേക്ക് പാക് സൈന്യവും ഭീകരരും നുഴഞ്ഞു കയറിയത്. ആട്ടിടയന്മാരാണ് പാക് സൈന്യത്തെ ഈ ഭാഗത്ത് കണ്ടതായുളള വിവരം ഇന്ത്യൻ സൈന്യത്തെ അറിയിച്ചത്. അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിൻവലിച്ച തക്കം നോക്കിയായിരുന്നു പാക് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞു കയറിയത്.

പാക് സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു. മൂന്നു മാസത്തോളം ഓപ്പറേഷൻ നീണ്ടുനിന്നു. പാക്കിസ്ഥാൻ സൈന്യത്തെയും നുഴഞ്ഞു കയറ്റക്കാരെയും ഇന്ത്യൻ അതിർത്തിയിൽ നിന്നും സൈന്യം പൂർണമായി തുരത്തി.

1999 ജൂലൈ 14 ന് ഓപ്പറേഷൻ വിജയ് വിജയകരമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26 ന് കാർഗിൽ യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. 527 ജവാന്മാർ കാര്‍ഗിലില്‍ വീരചരമം പ്രഖ്യാപിച്ചു. കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയതിന്റെ ഓർമ പുതുക്കലാണ് കാർഗിൽ ദിനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ