ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു നേരെ ഭീകരാക്രമണം. നാലു തോക്കുധാരികളടക്കം 10 പേർ കൊല്ലപ്പെട്ടു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പൊലീസ് സബ് ഇൻസ്‌പെക്ടറും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടതായി ദി ഡോൺ റിപ്പോർട്ട് ചെയ്തു. മൂന്നു പൊലീസുകാർക്ക് പരുക്കേറ്റു.
വാഹനത്തിൽനിന്നും ഇറങ്ങിയ തോക്കുധാരികളായ സംഘം പ്രധാന ഗേറ്റിൽ ഗ്രനേഡ് എറിഞ്ഞശേഷം കെട്ടിടത്തിനകത്തേക്ക് കടന്ന് വെടിയുതിർക്കുകയായിരുന്നെന്ന് ദി ഡോൺ റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ സേനയും തിരിച്ച് വെടിവച്ചു. ഇതിലാണ് നാലു തോക്കുധാരികൾ കൊല്ലപ്പെട്ടത്. ഇവരുടെ പക്കൽനിന്നും എകെ-47 തോക്കുകളും ഗ്രനേഡുകളും മറ്റു സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
Read Also: ‘വെള്ളക്കാരുടെ ശക്തി’; വംശീയ വീഡിയോ പങ്കുവച്ച് ട്രംപ്, ന്യായീകരണവുമായി വൈറ്റ്ഹൗസ്
അതീവ സുരക്ഷ മേഖലയിലാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിരവധി സ്വകാര്യ ബാങ്കുകളുടെ ആസ്ഥാന മന്ദിരങ്ങളും വീടുകളും ഈ മേഖലയിലുണ്ട്. സുരക്ഷാ സേനയും തോക്കുധാരികളും തമ്മിൽ വെടിവയ്‌പുണ്ടായതായി കറാച്ചി പൊലീസ് മേധാവി ഗുലാം നബി മേമൻ പറഞ്ഞു. സുരക്ഷാ സേനയുടെ സഹായത്തോടെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുകയാണെന്ന് പാക്കിസ്ഥാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (പിഎസ്‌എക്സ്) ട്വീറ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.