ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടിയുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് കപിൽ സിബൽ. പാർട്ടിയെക്കുറിച്ച് താൻ ആശങ്കാകുലനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവായ സിബൽ പറഞ്ഞു.

മദ്ധ്യപ്രദേശിലേതിന് സമാനമായി  രാജസ്ഥാനിലും കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് വാർത്തകൾ പുറത്തുവരുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിൽ അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതായാണ് റിപ്പോർട്ട്.

രാജസ്ഥാനിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം എപ്പോഴാണ് “ഉണരുക” എന്ന് സിബൽ ചോദിച്ചു. നിലവിലെ “പ്രതിസന്ധിയിൽ” പെട്ടെന്ന് പരിഹാരം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.“നമ്മുടെ പാർട്ടിയെക്കുറിച്ചോർത്ത് വിഷമിക്കുന്നു. നമ്മളുടെ കുതിരപ്പന്തിയിൽ നിന്ന് എല്ലാ കുതിരകളും ഇറങ്ങി ഓടിയ ശേഷം മാത്രമേ നമ്മൾ ഉണരുകയുള്ളൂ, ”അദ്ദേഹം ട്വീറ്റിൽ ചോദിച്ചു.

Read More: രാജസ്ഥാനിൽ കോൺഗ്രസിനു ഭീഷണി; സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം

മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുകയും സംസ്ഥാന ഭരണം കോൺഗ്രസിന് നഷ്ടപ്പെടുകയും ചെയ്തതിന് സമാനമായ സാഹചര്യമാണ് രാജസ്ഥാനിലും സംഭവിക്കാനിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ രാജസ്ഥാൻ സർക്കാരിന് ഭീഷണിയൊന്നുമില്ലെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു.

ഒരു കോൺഗ്രസ് എംഎൽഎയെയും ഒരു സ്വതന്ത്ര എം‌എൽ‌എയെയും 20 കോടി മുതൽ 25 കോടി വരെ പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് രണ്ട് ബിജെപി അംഗങ്ങളെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയും തർക്കത്തിലാണെന്നും താൻ മുഖ്യമന്ത്രിയാവുമെന്ന് ഉപമുഖ്യമന്ത്രി അവകാശപ്പെടുകയും ചെയ്തെന്ന് പറയുന്ന ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ ഇത് സംബന്ധിച്ച എഫ്ഐആറിൽ ഉള്ളതായി റിപ്പോർട്ടുകളുണ്ട്.

മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര വടംവലി സംബന്ധിച്ചുള്ള തെളിവുകളായി എഫ്ഐആറിലെ സൂചനകൾ വിലയിരുത്തപ്പെടുകയും ചെയ്യുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മൊഴി രേഖപ്പെടുത്തുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More: പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്റ്

രാജസ്ഥാനിൽ കോൺഗ്രസിന്റെ നേതൃത്വം വഹിക്കുന്ന് സച്ചിൻ പൈലറ്റ് ഇപ്പോൾ ഡൽഹിയിലാണ്. പൊലീസ് ടാപ് ചെയ്ത ഫോൺ സംഭാഷണത്തിൽ ” “വലിയ രാഷ്ട്രീയ തീരുമാനങ്ങൾ ദില്ലിയിൽ നടക്കുന്നുണ്ടെന്നും ജൂൺ 30 ന് ശേഷം കാര്യങ്ങൾ വേഗത്തിൽ നീങ്ങുമെന്നും… അപ്പോഴാണ് അദ്ദേഹത്തിന്റെ തലവര തിളങ്ങുകയും പിന്നീട് 5-10 ദിവസത്തിനു ശേഷം സത്യപ്രതിജ്ഞ നടക്കുകയും ചെയ്യുക എന്നും” പറയുന്നതായി എഫ്ഐആറിലുണ്ട്. ഫോൺ സംഭാഷണം നടക്കുന്ന സമയത്ത് പൈലറ്റ് ഡൽഹി സന്ദർശനത്തിലായിരുന്നു.

തന്റെ വസതിയിൽ നടത്തിയ ഒരു പത്രസമ്മേളനത്തിൽ ഗെഹ്ലോട്ട് ബിജെപിയെ ശക്തമായി വിമർശിച്ചിരുന്നു. ബിജെപി നേതാക്കൾ പകർച്ചവ്യാധിയുടെ സമയത്ത് “മനുഷ്യത്വത്തിന്റെ എല്ലാ പരിധികളും മറികടന്നിരിക്കുന്നു” എന്നും അവരുടെ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം “ഒരു ഗെയിം” കളിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ ഗെലേട്ട് പറഞ്ഞിരുന്നു. സച്ചിൻ പൈലറ്റിനെതിരേയും അദ്ദേഹം പരോക്ഷ വിമർശനമുന്നയിച്ചു. “ആരാണ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കാത്തത്? നമുക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന അഞ്ചോ ഏഴോ പേരുണ്ടാവും. എന്നാൽ ഒരാൾക്ക് മാത്രമേ മുഖ്യമന്ത്രിയാകാൻ കഴിയൂ. അതിനുശേഷം എല്ലാവരും ശാന്തമാവുന്നു, ”ഒരു ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരേ ഗെലോട്ട് വിമർശനമുന്നയിച്ചിരുന്നു.  പകർച്ചവ്യാധി സമയത്ത് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞായിരുന്നു വിമർശനം.

Read More: Amid Rajasthan power tussle, Kapil Sibal ‘worried’ for Congress

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook