ന്യൂഡൽഹി: ലഡാക്ക് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി പ്രസ്താവന വിവാദമായതിന് പിന്നാലെ കൂടുതൽ ചോദ്യങ്ങളുമായി കോൺഗ്രസ് രംഗത്ത്. പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. നമ്മുടെ പ്രദേശത്തേക്ക് ആരും നുഴഞ്ഞു കയറിയില്ല എന്ന് പ്രധാനമന്ത്രി സർവ കക്ഷി യോഗത്തിൽ പറഞ്ഞത് എന്തുകൊണ്ട് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു. പിന്നീട് ഔദ്യോഗിക പ്രസ്താവനയിൽ നിന്ന് ഇത് ഒഴിവാക്കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
‘എന്തുകൊണ്ടാണ് സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരും നമ്മുടെ രാജ്യത്ത് അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പറഞ്ഞത്? എന്തുകൊണ്ടാണ് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയില്‍ നിന്ന് ആ ഭാഗം നീക്കം ചെയ്തത്? നമ്മുടെ രാജ്യത്ത് ആരും അതിക്രമിച്ച് കയറിയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്, 85 പേര്‍ക്ക് പരിക്കേറ്റത് 10 ജവാന്മാരും ഓഫീസര്‍മാരും ചൈനക്കാരുടെ പിടിയിലായത്?’ കപില്‍ സിബല്‍ ചോദിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രസ്താവന ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ”യഥാര്‍ഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ഏതുശ്രമവും ശക്തമായി നേരിടും. അത്തരം ശ്രമങ്ങള്‍ മുന്‍കാലങ്ങളില്‍ അവഗണിക്കപ്പെട്ടതില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ശക്തമായ തിരിച്ചടി നല്‍കാറുണ്ട്. ചൈനയുടെ സൈനികര്‍ വളരെക്കൂടുതലുണ്ടായിരുന്നു. അതിനു സമാനമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. നിയന്ത്രണരേഖയ്ക്ക് തൊട്ടപ്പുറം നടത്തുന്ന നിര്‍മാണത്തില്‍നിന്ന് ചൈന പിന്മാറാത്തതുകൊണ്ടാണ് ജൂണ്‍ 15-ന് സംഘര്‍ഷം നടന്നത്.” പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ സറണ്ടര്‍ മോദിയാണെന്ന് വിമര്‍ശിച്ചു കൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വകക്ഷി യോഗത്തില്‍ ചൈന ഇന്ത്യയുടെ ഭൂപ്രദേശത്തിലേക്ക് കടന്നിട്ടില്ലെന്നും സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നും മോദി പറഞ്ഞിരുന്നു.
മോദി ചൈനയ്ക്ക് കീഴടങ്ങിയെന്ന തരത്തില്‍ പ്രതിപക്ഷം പ്രചാരണം തുടരുമ്പോഴാണ് രാഹുല്‍ മോദിയെ സറണ്ടര്‍ മോദിയെന്ന് വിളിച്ചത്. പ്രമുഖ ചിന്തകനായ ബ്രഹ്മ ചെലാനി ജപ്പാന്‍ടൈംസില്‍ എഴുതിയ ലേഖനത്തിന്റെ ലിങ്ക് ഉള്‍പ്പെടുത്തിയാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്. ചൈനയെ പ്രീതിപ്പെടുത്തുന്ന നയമാണ് ഇന്ത്യയുടേതെന്നായിരുന്നു ലേഖനത്തില്‍ ചെലാനി പറയുന്നത്. സറണ്ടറിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ വ്യത്യാസം വരുത്തി സുരേന്ദര്‍ സിംഗ് എന്നാണ് രാഹുല്‍ എഴുതിയിട്ടുള്ളതെങ്കിലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കീഴടങ്ങിയ മോദിയെന്ന വ്യാഖ്യാനം ലഭിക്കുന്ന തരത്തിലാണ് രാഹുലിന്റെ ട്വീറ്റ്.