/indian-express-malayalam/media/media_files/uploads/2022/03/kapil-sibal-interview-leadership-in-cuckoo-land-i-want-a-sab-ki-congress-628464-FI.jpg)
ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജി 23 അംഗവുമായ കപില്‍ സിബല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുന്നു.
കോണ്‍ഗ്രസ് ഒരിക്കല്‍കൂടി പരാജയപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) യോഗത്തിൽ കണ്ടത് പഴയ തിരക്കഥയുടെ ആവര്‍ത്തനമാണ്. തോല്‍വിയും സിഡബ്ല്യുസിയിലെ സംഭവ വികാസങ്ങളും നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ടോ?
തിരഞ്ഞെടുപ്പ് ഫലം എന്നെ ആശ്ചര്യപ്പെടുത്തിയില്ല. 2014 ന് ശേഷം ഞങ്ങള്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. ഞങ്ങൾ വിജയിച്ചിടത്ത് പോലും എല്ലാവരെയും ഒരുമിച്ച് നിര്‍ത്താന്‍ സാധിച്ചില്ല. നേതൃത്വത്തില്‍ വിശ്വാസമുണ്ടായിരുന്ന പലരും പാര്‍ട്ടി വിട്ട് പോയി. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അത് ആവര്‍ത്തിച്ചു. 2014 മുതല്‍ 177 എംപിമാരും എംഎല്‍എമാരും 222 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് വിട്ടു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇത്തരത്തിലൊരു കൊഴിഞ്ഞുപോക്ക് കണ്ടില്ല.
നാളുകളായി വളരെ അപമാനകരമായ തോല്‍വികളാണ് സംഭവിക്കുന്നത്. നിലനില്‍പ്പുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ പോലും വോട്ട് ശതമാനം കുറവാണ്. ഉത്തര്‍ പ്രദേശില്‍ 2.33 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിനുള്ളത്. ഇതെന്നെ ആശ്ചര്യപ്പെടുത്തുന്നില്ല. വോട്ടര്‍മാരുമായി നേരിട്ട് ബന്ധപ്പെടാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. ഇത് വളരെ പ്രസക്തമായ ഒന്നാണ്. ഗുലാം നബി ആസാദ് പറഞ്ഞതു പോലെ, ഒരു നേതാവിന് ഉത്തരവാദിത്തവും സ്വീകാര്യതയുമുണ്ടാകണം. അയാളിലേക്ക് മറ്റുള്ളവര്‍ക്ക് എത്തിച്ചേരാന്‍ കഴിയണം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നില്ല.
കോണ്‍ഗ്രസ് പ്രവർത്തക സമിതിയെക്കുറിച്ച്?
കോണ്‍ഗ്രസ് പ്രവർത്തക സമിതിയിൽ കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങളും എന്നെ ആശ്ചര്യപ്പെടുത്തുന്നില്ല. കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേതൃത്വവും അതിന്റെ തകര്‍ച്ചയെക്കുറിച്ച് അറിഞ്ഞില്ലെങ്കില്‍, അത് മനസിലാക്കിയില്ലെങ്കില്‍ എന്താണ് പറയുക. അതിനായി ഒരു ചിന്തന്‍ ശിവറിനായി കാത്തിരിക്കുകയാണ്. യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണടച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ഒരു ചിന്തയെ പ്രതിനിധീകരിക്കുന്നുണ്ട്. കോൺഗ്രസ് എന്ന വാക്ക് ഉണ്ടായത് ഒരുമയിൽ നിന്നാണ്. ഹിന്ദു മതത്തിൽ പെടാത്ത ഒരാളിൽ നിന്നാണ് യഥാർത്ഥ കോൺഗ്രസ് പിറന്നത്. അധികാര ഘടനകൾ വളരെ സംഘടിതമായിരുന്നു. അതുകൊണ്ടാണ് കോൺഗ്രസില്‍ എല്ലാ വർഷവും പ്രസിഡന്റ് മാറുന്ന ചരിത്രമുള്ളത്. ഈ അടുത്തകാലത്താണ് ഇത്രയും കാലം നീണ്ടുനിന്ന ഒരു നേതൃത്വമുണ്ടായത്.
സിഡബ്ല്യുസിയിലെ ആളുകൾക്കും, പ്രമുഖ നേതാക്കൾക്കും ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് നിലനിൽക്കാൻ കഴിയില്ലെന്ന് ആത്മാർത്ഥമായി തോന്നിയേക്കാം. അങ്ങനെയൊരു കാഴ്ചപ്പാടിനും സാധ്യതകളുണ്ട്. നമ്മളിൽ പലരും പങ്കിടുന്ന ഒരു കാഴ്ചപ്പാടല്ല ഇത്. പതിവുപോലെയാണെങ്കില്‍ അതിജീവനം സാധ്യമല്ല. പ്രക്രിയകൾ പരിഷ്കരിക്കാനും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ യഥാർത്ഥ പ്രതാപത്തിലേക്കു കൊണ്ടുപോകാനുമുള്ള സമയമാണിതെന്ന് നേതൃത്വത്തെ അറിയിക്കാൻ ഞങ്ങളിൽ ചിലർ കഠിനമായി ശ്രമിച്ചു. ഞാൻ ഇന്ന് സംസാരിക്കുന്നത് ഒരു വ്യക്തിയോടും ദേഷ്യം ഉള്ളതുകൊണ്ടല്ല. കോൺഗ്രസ് അനുകൂലിയായതുകൊണ്ടാണ് സംസാരിക്കുന്നത്. ഞാൻ ഒരിക്കലും മറ്റൊരു പാർട്ടിയിൽ ചേരില്ല, എന്റെ ചിന്തകളിലും പ്രവർത്തനങ്ങളിലും ഒരു യഥാർത്ഥ കോൺഗ്രസുകാരനായി നിലനിൽക്കും. പക്ഷേ ആളുകൾ മാറ്റത്തിന് തയാറല്ലാത്തതിനാല്‍ കോൺഗ്രസ് അധപതിക്കുന്നതും പ്രതാപം നഷ്ടപ്പെടുത്തുന്നതും കാണാന്‍ എനിക്ക് കഴിയില്ല.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിയോട് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. സിഡബ്ല്യുസിയും സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വിശ്വാസം പുലര്‍ത്തി. കോൺഗ്രസിനുള്ളിലുള്ള അഭിപ്രായങ്ങള്‍ പുറത്തുള്ളതിൽനിന്ന് വ്യത്യസ്തമാണ്.
സിഡബ്ല്യുസിയിലെ അംഗങ്ങള്‍ നേതൃത്വം ശുപാര്‍ശ ചെയ്തവരാണ്. സിഡബ്ല്യുസിയുടെ പുറത്തൊരു കോണ്‍ഗ്രസ് ഉണ്ട്. അവരുടെ ആശയങ്ങള്‍ കേള്‍ക്കണം. അതിനാൽ നിങ്ങൾ കോൺഗ്രസിന് പുറത്തുള്ള ആളുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, നിങ്ങൾ കോൺഗ്രസിനുള്ളിലെ ആളുകളെ ഒഴിവാക്കുകയാണ്. ഞാൻ കോൺഗ്രസിന് പുറത്തല്ല. ഞാൻ കോൺഗ്രസിനുള്ളില്‍ നില്‍ക്കുന്നയാളാണ്. പക്ഷെ ഞാൻ സിഡബ്ല്യുസിയിൽ ഇല്ല. കോൺഗ്രസിൽ ഞങ്ങളെപ്പോലുള്ള ഒട്ടനവധി നേതാക്കൾക്ക് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. നമ്മൾ സിഡബ്ല്യുസിയിൽ ഇല്ലാത്തത് കൊണ്ട് കാര്യമില്ല എന്നാണോ? സിഡബ്ല്യുസി അവരുടെ അഭിപ്രായത്തിൽ രാജ്യത്തെ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്നുവെന്നാണ്. അത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. രാജ്യത്തുടനീളം ധാരാളം കോൺഗ്രസുകാരുണ്ട്, കേരളത്തിൽ നിന്നും അസമിൽ നിന്നും ജമ്മു കശ്മീരിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ഗുജറാത്തിൽ നിന്നും അവരുടെ കാഴ്ചപ്പാട് പുലർത്താത്ത ആളുകൾ.
താങ്കള്‍ ഉള്‍പ്പെടെയുള്ള, സിഡബ്ല്യുസിക്ക് പുറത്തുള്ളവര്‍ ഗാന്ധി കുടുംബം മാറണമെന്ന് വിശ്വസിക്കുന്നുണ്ടോ?
എനിക്ക് മറ്റുള്ളവരുടെ പേരിൽ സംസാരിക്കാൻ കഴിയില്ല. ഒരു ‘സബ് കി കോൺഗ്രസ്’ (എല്ലാവരുടേയും കോണ്‍ഗ്രസ്) വേണമെന്നത് തികച്ചും എന്റെ വ്യക്തിപരമായ വീക്ഷണമാണ്. മറ്റു ചിലർക്ക് ‘ഘർ കി കോൺഗ്രസ്’ (കുടുംബാധിപത്യ കോണ്‍ഗ്രസ്) വേണം. എനിക്ക് തീർച്ചയായും ഒരു 'ഘർ കി കോൺഗ്രസ്' ആവശ്യമില്ല. എന്റെ അവസാന ശ്വാസം വരെ 'സബ് കി കോൺഗ്രസിന്' വേണ്ടി ഞാൻ പോരാടും. 'സബ് കി കോൺഗ്രസ്' എന്നതിന്റെ അർത്ഥം ഒന്നിച്ചു നില്‍ക്കുകയെന്നത് മാത്രമല്ല, മറിച്ച് ബിജെപിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാ ആളുകളെയും ഒന്നിപ്പിക്കുക എന്നതാണ്. കോൺഗ്രസുകാരിയായിരുന്നു മമത ബാനർജി. ശരദ് പവാർ കോൺഗ്രസുകാരനായിരുന്നു. അകന്നുപോയ എല്ലാ കോൺഗ്രസുകാരും ഒന്നിക്കണം. ഒരു രാഷ്ട്രീയ പാർട്ടിയിലും പെടാത്ത ദശലക്ഷക്കണക്കിന് ആളുകൾ ഈ രാജ്യത്ത് ഉണ്ട്. കോണ്‍ഗ്രസിന്റെ ചിന്തയിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. അതിനെയാണ് ഞാൻ 'സബ് കി കോൺഗ്രസ്' എന്ന് വിളിക്കുന്നത്. 'ഘർ കി കോൺഗ്രസ്' ഇല്ലാതെ 'സബ് കി കോൺഗ്രസിന്' നിലനിൽക്കാനാവില്ലെന്നാണ് ചിലരുടെ വിശ്വാസം. അതാണ് വെല്ലുവിളി.
രാഹുൽ ഗാന്ധി വീണ്ടും അധികാരത്തിൽ വരണമെന്ന് പലരും പറഞ്ഞതായി നിങ്ങള്‍ എന്നോട് സൂചിപ്പിച്ചു. എനിക്കതിന്റെ പിന്നിലെ കാരണം മനസിലാകുന്നില്ല. ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നവര്‍ ഇതിനെപ്പറ്റി ചിന്തിച്ചിട്ടില്ലെന്ന് വ്യക്തമാണ്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനല്ലെന്നും സോണിയ ഗാന്ധിയാണെന്നും ഞങ്ങൾ ഇപ്പോൾ അനുമാനിക്കുന്നു. രാഹുൽ ഗാന്ധി പഞ്ചാബിൽ പോയി ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം നടത്തി. എന്ത് അധികാരത്തിലാണ് അദ്ദേഹം അത് ചെയ്തത്? പാർട്ടിയുടെ അധ്യക്ഷനല്ലെങ്കിലും എല്ലാ തീരുമാനങ്ങളും അദ്ദേഹം എടുക്കുന്നു. അദ്ദേഹം അധ്യക്ഷന്റെ ചുമതല തന്നെയാണ് വഹിക്കുന്നത്. പിന്നെ എന്തിനാണ് ആളുകള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്.
അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ തുടര്‍ തോല്‍വികളില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
ഏതൊരു സംഘടനയിലും പുതിയ മുഖങ്ങൾ, യുവാക്കൾ, അനുഭവപരിചയമുള്ളവർ, സംഘടനാ മികവുള്ളവര്‍, തത്വചിന്തയുള്ളവര്‍, അടിത്തട്ടില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നവര്‍, മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍ക്കുന്നവര്‍ എന്നിവയുടെ സമന്വയം ഉണ്ടായിരിക്കണം.
താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് പ്രകടമാകുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടില്ല. എല്ലാ അധികാരങ്ങളും നേതൃത്വത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. പിസിസിയുടെയും ഡിസിസിയുടെയും കാര്യങ്ങള്‍ തീരുമാനിക്കുന്നത് നേതൃത്വമാണ്. നേതൃത്വത്തിന് പേര് നല്‍കും, എന്നിട്ട് അവര്‍ തീരുമാനിക്കും. തിരഞ്ഞെടുക്കപ്പെട്ടവരുമായി നേരിട്ടുള്ള ബന്ധം നേതൃത്വത്തിനില്ല. ഇത്തരമൊരു ഘടനയ്ക്ക് കാഴ്ചപ്പാടുകള്‍ ഇല്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
നേതാക്കൾ ഇന്ന് ഒരു കാര്യം പറയും, നാളെ നേരെ മറിച്ചാണ് പറയുന്നത്. ചിലർ പറയും അവർ ഔദ്യോഗിക കാർ ഉപയോഗിക്കില്ല, ഒരു ചെറിയ ഫ്ലാറ്റിൽ താമസിക്കും, ആരും അഴിമതിക്കാരല്ലെന്ന് ഉറപ്പു വരുത്തുമെന്നൊക്കെ. എന്നാൽ ഇതെല്ലാം അസത്യമാണ്. പിന്നീട് അവര്‍ കൊട്ടാരം പോലുള്ള വീടുകള്‍ പണിയും. അവരുമായി അടുത്ത് നില്‍ക്കുന്നവര്‍ പെട്ടെന്ന് സമ്പന്നരാകും. നമ്മള്‍ പോരാടേണ്ടത് മോദി ഭരണത്തിനോടാണ്. അതിനായി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കണം. സ്വന്തം പാര്‍ട്ടിയെ പോലും ക്രമീകരണത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തവര്‍ എങ്ങനെ മോദിയെ നേരിടും.
അപ്പോൾ കോൺഗ്രസ് നേതാക്കളാരും ഗാന്ധി കുടുംബം മാറിനിൽക്കാൻ ആവശ്യപ്പെടുന്നില്ല എന്നാണോ നിങ്ങൾ പറയുന്നത്?
മുഖ്യമന്ത്രിമാർ വന്ന് നിങ്ങള്‍ പാർട്ടിയെ നയിക്കേണ്ടെന്ന് പറയുമെന്ന് പ്രതീക്ഷിക്കാനാകില്ലല്ലോ.
പണ്ട് കാലത്ത് അങ്ങനെ സംഭവിച്ചിട്ടില്ലേ?
പ്രശ്‌നങ്ങളെക്കുറിച്ചുള്ള തുറന്ന ചർച്ചയായിരുന്നു അന്നുണ്ടായിരുന്നത്. ചിലപ്പോൾ അത്ര സുഖകരമായ ഒന്നല്ലായിരുന്നു. പക്ഷേ അത് ഒരിക്കലും വ്യക്തികേന്ദ്രീകൃതമായിരുന്നില്ല. ഞങ്ങൾ വളരെക്കാലം കാത്തിരുന്നു മാറ്റത്തിനായി. ക്ഷമിക്കുന്നതിനും പരിധിയുണ്ടെന്ന് വിശ്വസിക്കുന്നു. കുറച്ച് കാലത്തിന് ശേഷം പ്രതീക്ഷയില്ലാതെ ക്ഷമയോടെ തുടരുകയാണെങ്കിൽ, അത് പരാജയമാണ്. അത് സ്വയം വഞ്ചനയ്ക്ക് തുല്യമാണ്. ക്രിയാത്മകവും അർത്ഥവത്തായതുമായ ഒരു സംവാദത്തിന് പോലും നേതൃത്വം നിങ്ങളെ സമീപിക്കാൻ പോകുന്നില്ലെങ്കിൽ പ്രതീക്ഷയില്ലാതാവുകയാണ്.
എന്താണ് ഇനി നേതൃത്വം ചെയ്യേണ്ടത്?
ഇനിയെങ്കിലും നേതൃത്വം ആത്മപരിശോധന നടത്തണം. മറ്റൊരാളെ പാര്‍ട്ടിയെ നയിക്കാൻ അനുവദിക്കണം, അവസരം നല്‍കണം. ഉദാഹരണത്തിന് സുനിൽ ഗവാസ്കറിന് ഒരു ദിവസം വിരമിക്കേണ്ടിവന്നു. സച്ചിൻ തെന്‍ഡുല്‍ക്കറിന് ഒരു ദിവസം വിരമിക്കേണ്ടിവന്നു. ഇന്നലെ വരെ വിരാട് കോലിയായിരുന്നു ടീമിന്റെ നായകൻ. മൂവരുടെയും പേരുകൾ ലോക ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെടും. അവർക്കും വിരമിക്കേണ്ടി വരും. അതുകൊണ്ട് തന്നെ പ്രഗത്ഭരായ ആളുകളും ഒരു ഘട്ടത്തിൽ മാറേണ്ടതായിട്ടുണ്ട്. പുതിയൊരു വ്യക്തിക്ക് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല വിട്ടുകൊടുക്കണം.
രാഹുൽ ഗാന്ധി കഴിവില്ലാത്തയാളാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
ഇത് വ്യക്തികളെക്കുറിച്ചല്ല. ഇത് പാർട്ടിയെയും പാർട്ടിയുടെ ഭാവിയെയും കുറിച്ചാണ്. ആരെയും വിമർശിക്കാനല്ല ഞാൻ ഇവിടെ വന്നത്. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. കോൺഗ്രസിന്റെ സുവർണ പാരമ്പര്യം ഇല്ലാതാകാനും പാര്‍ട്ടി തന്നെ നിക്ഷ്പ്രഭമാകാനും ആഗ്രഹിക്കാത്ത എന്നെപ്പോലൊരാള്‍ക്ക് നിലവിലത്തെ സാഹചര്യം ആശങ്കാജനകമാണ്. അത് സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കായി നിലകൊള്ളുന്നവരും കോൺഗ്രസ് പാർട്ടിയുടെ യഥാർത്ഥ മൂല്യങ്ങളിൽ വിശ്വാസമില്ലാത്തവരും നേതൃത്വത്തിന്റെ വിശ്വസ്തരായിരിക്കുന്നു.
ഈ അഭിമുഖത്തിന്റെ അനന്തരഫലമായി എന്ത് സംഭവിച്ചാലും പ്രശ്നമില്ല. ഞാൻ കോൺഗ്രസുകാരനായി തുടരും. ആരാണ് കോൺഗ്രസുകാരൻ? എല്ലാവരേയും ഉൾക്കൊള്ളുന്ന, എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നതിൽ വിശ്വസിക്കുന്നവൻ, ഏതെങ്കിലും വർഗക്കാരോട് വെറുപ്പ് വെടിയുന്നവൻ, വ്യക്തിപരമായ അജണ്ടകളില്ലാത്തവൻ, പാർട്ടിയുടെ നന്മയ്ക്കായി സമയം ത്യജിക്കാൻ തയ്യാറുള്ളവൻ, സമൂഹത്തിന്റെ എല്ലാ കോണിലും ഉള്ളവരെ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്നവന്‍. ഇതാണ് നമുക്ക് വേണ്ടത്.
ഗാന്ധി കുടുംബം മാറിയാല്‍ ആ സ്ഥാനത്തേക്ക് ആരായിരിക്കും വരിക?
ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യമാണത്. ഗ്രേറ്റ് ബ്രിട്ടനെപ്പോലെ പക്വതയുള്ള ജനാധിപത്യഘടന സ്വീകരിക്കുക. തെരഞ്ഞെടുപ്പിൽ തോറ്റ ഒരു നേതാവ് തിരിച്ചു വന്നിട്ടുണ്ടോ? ബ്രിട്ടീഷ് പാർലമെന്റിന്റെ ചരിത്രത്തിൽ തോല്‍വിക്കു ശേഷം തിരിച്ചുവന്ന ഒരാളുടെ പേര് പറയൂ. എനിക്ക് ശേഷം ആരാണ് എന്ന ചോദ്യം അവർ ചോദിച്ചിട്ടുണ്ടോ? അവർ ഒരിക്കലും തിരിച്ചുവരില്ല. യൂറോപ്യൻ ജനാധിപത്യ രാജ്യങ്ങളിലും അങ്ങനെ തന്നെ.
അത് ആരുമാകാം എന്നാണോ?
അത് എഐസിസിക്ക് സ്വീകാര്യമായ ആര്‍ക്കും ആകാം, പക്ഷെ തിരഞ്ഞെടുക്കപ്പെടണം, ശിപാര്‍ശയാകരുത്. ലോക്‌സഭയിൽ ശശി തരൂരിനെയും മനീഷ് തിവാരിയെയും പോലുള്ളവരെ കോൺഗ്രസ് ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. പി. ചിദംബരത്തിന്റെ കഴിവ് ബജറ്റിനെക്കുറിച്ചും പാർട്ടിക്ക് വേണ്ടിയുള്ള പ്രമേയങ്ങൾ തയാറാക്കുന്നതിലും മാത്രമല്ല, അതിനപ്പുറമാണ്. രാജ്യസഭയില്‍ മുന്നണിയിൽ നിന്ന് നയിക്കാൻ അദ്ദേഹത്തിന് അവസരം നല്‍കാത്തത് എന്തുകൊണ്ടാണ്.
കോൺഗ്രസ് പാർട്ടി തങ്ങളുടെ പക്കലുള്ള കഴിവുറ്റ നേതാക്കന്മാരെ പാർട്ടിയുടെ പുനരുജ്ജീവനത്തിനായി ഉപയോഗിക്കുന്നില്ല. ഈ നിലപാട് സ്വീകരിച്ചാല്‍ പാർട്ടിക്ക് പഴയ പ്രതാപം തിരിച്ചുപിടിക്കാൻ എങ്ങനെ കഴിയും? വ്യക്തിപരമായി നേതൃത്വവുമായി പ്രശ്‌നങ്ങളൊന്നുമില്ല. അവർ വളരെ മര്യാദയുള്ളവരും നല്ലവരുമാണ്. എന്നാൽ നമ്മൾ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. 1990 കളിൽ സീതാറാം കേസരി പോയതിനുശേഷം കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതില്‍ സോണിയ ഗാന്ധി പ്രധാന പങ്കുവഹിച്ചുവെന്ന വസ്തുതയും ഞാൻ അംഗീകരിക്കേണ്ടതുണ്ട്. 2004 ലും പിന്നീട് 2009 ലും പാർട്ടിയെ അധികാരത്തിലെത്തിച്ചതില്‍ അവരുടെ പ്രയത്‌നമുണ്ട്. എന്നാൽ അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് നോക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.