ന്യൂഡൽഹി: പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ അടുത്തിടെ നടത്തിയ പരാമർശങ്ങളിൽ വിമർശനമറിയിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സിബൽ തന്റെ കാഴ്ചപ്പാടുകൾ പരസ്യമായി പറയുന്നത് രാജ്യമെമ്പാടുമുള്ള പാർട്ടി പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ഗെലോട്ട് പറഞ്ഞു.

1969, 1977, 1989, 1996 എന്നിവയുൾപ്പെടെ നിരവധി പ്രതിസന്ധികൾ കോൺഗ്രസ് അഭിമുഖീകരിച്ചിട്ടുണ്ടെന്നും എന്നാൽ അതിന്റെ പ്രത്യയശാസ്ത്രം, പരിപാടികൾ, നയങ്ങൾ, നേതൃത്വത്തിലുള്ള ഉറച്ച വിശ്വാസം എന്നിവ കാരണം ഓരോ തവണയും പാർട്ടി ശക്തമായി ഉയർന്നുവരികയാണെന്നും നിരവധി ട്വീറ്റുകളിൽ ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.

Read More: ജനം കോൺഗ്രസിനെ ഒരു ബദലായി കണക്കാക്കുന്നില്ല: കപിൽ സിബൽ

“കപിൽ സിബൽ മാധ്യമങ്ങളിൽ ഞങ്ങളുടെ ആഭ്യന്തര പ്രശ്‌നം പരാമർശിക്കേണ്ട ആവശ്യമില്ല, ഇത് രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തി,” അദ്ദേഹം പറഞ്ഞു. “ഓരോ പ്രതിസന്ധികളിലും ഞങ്ങൾ മെച്ചപ്പെട്ടു, 2004 ൽ സോണിയാജിയുടെ നേതൃത്വത്തിൽ യുപിഎ സർക്കാർ രൂപീകരിച്ചു, ഇത്തവണയും ഞങ്ങൾ മറികടക്കും,” തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നിൽ വിവിധ കാരണങ്ങളുണ്ടെന്ന് വാദിച്ച ഗെഹ്ലോട്ട് പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിൽ എല്ലാ സമയത്തും പ്രവർത്തകർ പാർട്ടി നേതൃത്വത്തിൽ അവിഭാജ്യവും ഉറച്ചതുമായ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്, അതിനാലാണ് എല്ലാ പ്രതിസന്ധികൾക്കുശേഷവും ഞങ്ങൾ അതിൽ നിന്ന് ശക്തവും ഐക്യവും പുറത്തെടുത്തത്. ഇന്നും ഈ രാഷ്ട്രത്തെ ഐക്യത്തോടെ നിലനിർത്താനും സമഗ്രവികസനത്തിന്റെ പാതയിൽ മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്ന ഒരേയൊരു പാർട്ടിയാണ് കോൺഗ്രസ്,” എന്നും അദ്ദേഹം പറഞ്ഞു.

ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് കപിൽ സിബൽ തന്റെ അഭിപ്രായങ്ങൾ പറഞ്ഞത്. “ബിഹാറിൽ മാത്രമല്ല, ഉപതെരഞ്ഞെടുപ്പ് നടന്നിടങ്ങളിലും രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ ഫലപ്രദമായ ഒരു ബദലായി കണക്കാക്കിയില്ല,” എന്ന് സിബൽ പറഞ്ഞു.

Read More: കരുണാനിധിയുടെ മകൻ എംകെ അഴഗിരി ബിജെപി സഖ്യത്തിലേക്ക്?; പുതിയ പാർട്ടി ഉടൻ രൂപീകരിച്ചേക്കും

ബീഹാർ തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തിൽ നിന്ന് ഒന്നും കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “നേതൃത്വം ഒന്നും പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. അതിനാൽ എനിക്കറിയില്ല. നേതൃത്വത്തെ ചുറ്റിപ്പറ്റിയുള്ള ശബ്ദങ്ങൾ മാത്രമാണ് ഞാൻ കേൾക്കുന്നത്. എനിക്കറിയാം. ബീഹാറിലും ഉപതിരഞ്ഞെടുപ്പിലും നമ്മളുടെ സമീപകാല പ്രകടനത്തെക്കുറിച്ച് കോൺഗ്രസ് പാർട്ടിയിൽ നിന്ന് അവരുടെ അഭിപ്രായങ്ങൾ ഇതുവരെ നാം കേട്ടിട്ടില്ല. ഒരുപക്ഷേ എല്ലാം ശരിയാണെന്നും അത് പതിവുപോലത്തെ കാര്യമായിരിക്കുമെന്നും അവർ കരുതുന്നുണ്ടാവാം,”സിബൽ പറഞ്ഞു.

കപിൽ സിബലും മറ്റ് 22 മുതിർന്ന നേതാക്കളും ഓഗസ്റ്റിൽ കോൺഗ്രസ് പ്രസിഡന്റിന് കത്തെഴുതി നിർദ്ദേശങ്ങളുടെ ഒരു പട്ടിക നൽകിയിരുന്നു. അതിൽഷ എന്തെങ്കിലും ചർച്ച നടന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു സംഭാഷണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഒരു സംഭാഷണവും നടന്നിട്ടില്ലാത്തതിനാൽ നേതൃത്വം ചർച്ചയ്ക്കായി യാതൊരു ശ്രമവും നടക്കുന്നില്ലെന്ന് മനസ്സിലാക്കുന്നു. എന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു ഫോറം ഇല്ലാത്തതിനാൽ അവ പരസ്യമായി പ്രകടിപ്പിക്കാൻ ഞാൻ നിർബന്ധിതനാവുകയാണ്. ഞാൻ ഒരു കോൺഗ്രസുകാരനാണ്, ഒരു കോൺഗ്രസുകാരനായി തുടരും, രാഷ്ട്രം നിലകൊള്ളുന്ന എല്ലാ മൂല്യങ്ങളെയും അട്ടിമറിച്ച ഒരു അധികാര ഘടനയ്ക്ക് കോൺഗ്രസ് ഒരു ബദൽ നൽകണമെന്ന് പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook