ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്ന എഎപി മുന്‍ മന്ത്രി കപിൽ മിശ്രയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കേജ്രിവാളിന്റെ ഭാര്യാസഹോദരന്‍ ഉള്‍പ്പെട്ട 50 കോടിയുടെ ഭൂമി ഇടപാട് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ആക്കിയെന്ന ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കിയത്.
മുഖ്യമന്ത്രി കസേര കേജ്രിവാളിനെ ഒന്നാകെ മാറ്റിയെന്നും പഴയ അഴിമതി വിരുദ്ധ പോരാളിയല്ല കേജ്രിവാളെന്നും അദ്ദേഹം ഇന്ന് ആരോപിച്ചിരുന്നു.
“നമ്മള്‍ ഏറെ പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്ത കേജ്രിവാളല്ല ഇന്ന് അദ്ദേഹം. മുഖ്യമന്ത്രി പദം അദ്ദേഹത്തെ അടിമുടി മാറ്റിക്കളഞ്ഞു. സത്യേന്ദ്ര ജെയിന്‍ ജയിലിലേക്ക് പോയാല്‍ മുഖ്യമന്ത്രി പദം രാജി വെക്കാന്‍ കേജ്രിവാള്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
ജലവിഭവ വകുപ്പിലെ പ്രവർത്തനങ്ങളിലെ പിഴവുകളുടെ പേരിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മിശ്രയെ മന്ത്രിസഭയിൽ നിന്നും കേജ്രിവാൾ പുറത്താക്കിയത്. ഭൂമിയിടപാടിൽ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിൽ നിന്നും കേജ്രിവാൾ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയത് താൻ കണ്ടെന്നാണ് മിശ്രയുടെ ആരോപണം.