ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ പുതിയ ആരോപണവുമായി പുറത്താക്കപ്പെട്ട എഎപി മന്ത്രി കപിൽ മിശ്ര. കേജ്രിവാളിന്റെ ഭാര്യാസഹോദരന്‍ ഉള്‍പ്പെട്ട 50 കോടിയുടെ ഭൂമി ഇടപാട് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ആക്കിയതായി അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി കസേര കേജ്രിവാളിനെ ഒന്നാകെ മാറ്റിയെന്നും പഴയ അഴിമതി വിരുദ്ധ പോരാളിയല്ല കേജ്രിവാളെന്നും അദ്ദേഹം പറഞ്ഞു.
“നമ്മള്‍ ഏറെ പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്ത കേജ്രിവാളല്ല ഇന്ന് അദ്ദേഹം. മുഖ്യമന്ത്രി പദം അദ്ദേഹത്തെ അടിമുടി മാറ്റിക്കളഞ്ഞു. സത്യേന്ദ്ര ജെയിന്‍ ജയിലിലേക്ക് പോയാല്‍ മുഖ്യമന്ത്രി പദം രാജി വെക്കാന്‍ കേജ്രിവാള്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. താന്‍ ബിജെപിയിലേക്ക് പോകുന്നെന്ന പ്രചരണങ്ങളേയും മിശ്ര തള്ളി. എഎപിയില്‍ ബിജെപിയെ ആക്രമിച്ച ഏക വ്യക്തി താനാണെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു. നുണപരിശോധനയ്ക്ക് വിധേയനാകാന്‍ കേജ്രിവാള്‍ ഒരുക്കമാണോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ജലവിഭവ വകുപ്പിലെ പ്രവർത്തനങ്ങളിലെ പിഴവുകളുടെ പേരിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മിശ്രയെ മന്ത്രിസഭയിൽ നിന്നും കേജ്രിവാൾ പുറത്താക്കിയത്. ഭൂമിയിടപാടിൽ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിൽ നിന്നും കേജ്രിവാൾ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയത് താൻ കണ്ടെന്നാണ് മിശ്രയുടെ ആരോപണം.
ആരോപണത്തെ തുടർന്ന് ഗവർണർ അനിൽ ബൈജാൻ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ കേജ്രിവാളിന് എതിരെ ബി.ജെ.പിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.